ധാക്ക– ബംഗ്ലാദേശിൽ ഇന്ന് രാവിലെ 10.30 ഓടെ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ ആറുപേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം തലസ്ഥാനമായ ധാക്കയിൽ നിന്ന് 33 കിലോമീറ്റർ അകലെയുള്ള നർസിങ്‌ദി ജില്ലയിലാണ്.
മരിച്ചവരിൽ മൂന്നുപേർ കെട്ടിടങ്ങളുടെ മതിലും മേൽക്കൂരയും തകർന്ന് വീണ് കൊല്ലപ്പെട്ടവരാണ്. മറ്റു മൂന്നുപേർ തെരുവിൽ നടക്കവെ കെട്ടിടങ്ങളുടെ കൈവരികൾ ഇടിഞ്ഞ് വീണ് മരിച്ചതായി ധാക്ക ആസ്ഥാനമായുള്ള ഡിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ചാന്ദ്പൂർ, നീലഫാമാരി, സീതാകുണ്ഡ്, സിരാജ്ഗഞ്ജ്, നാരായൺഗഞ്ജ്, പടുവാഖാലി, ബൊഗുര, ബരിശാൽ, മൗലവിബസാർ തുടങ്ങിയ പ്രദേശങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ പശ്ചിമബംഗാൾ (കൊൽക്കത്ത ഉൾപ്പെടെ), ഗുവാഹത്തി, അസം, ത്രിപുര എന്നിവിടങ്ങളിലും ശക്തമായ ത്രസനം അനുഭവപ്പെട്ടതായി നാട്ടുകാർ അറിയിച്ചു.
ഭൂകമ്പത്തെത്തുടർന്ന് ധാക്കയിലും പരിസര പ്രദേശങ്ങളിലും പരിഭ്രാന്തി പരന്നു. പലയിടത്തും ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്കോടി. രക്ഷാപ്രവർത്തനവും ആശുപത്രികളിലേക്കുള്ള പരിക്കേറ്റവരുടെ ഒഴുക്കും തുടരുകയാണ്.



