ഇസ്രായേൽ ബോംബുകളാലും തോക്കുകളാലും കൊല്ലപ്പെടുന്ന കുരുന്നുകളുടെ കരളലിയിപ്പിക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുമ്പോൾ, ഈ യുദ്ധത്തിന് ആര് അറുതി കൊണ്ടുവരും എന്ന് ചിന്തിച്ചവരായിരിക്കും നാം ഏവരും. എന്നാൽ ഇത് യുദ്ധം അല്ല എന്നും കൊടിയ വംശഹത്യ പദ്ധതി ആണ് എന്നും തിരിച്ചറിയാൻ സാധിക്കുന്ന വാർത്തകൾ ആണ് ഗാസയിൽ നിന്ന് നമ്മെ തേടിയെത്തുന്നത്.
അൽ-ജസീറ പുറത്ത് വിട്ട ദൃശ്യങ്ങളിലൂടെ വെളിവാകുന്നത്, ഇസ്രായേൽ ഗാസയിലെ ജനങ്ങളോട് കാണിക്കുന്ന ക്രൂരതയുടെ നേർക്കാഴ്ചയാണ്. യുദ്ധം എന്ന പേരിൽ ഇസ്രായേൽ ഗാസയിലേക്ക് ഭക്ഷണവും വെള്ളവും മറ്റ് പ്രാഥമികമായ ആവശ്യങ്ങളും തടഞ്ഞ് വെച്ചിട്ട് ഇരുപത് മാസങ്ങളായി. ഇതിനോടകം തന്നെ ഗാസയിൽ സാധാരണക്കാരായ ജനങ്ങൾ പട്ടിണി മൂലവും പോഷകാഹാരകുറവ് മൂലവും മരണപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇതിനോടകം നാല് കുട്ടികൾ അടക്കം 15 പേരാണ് മരണപ്പെട്ടിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പട്ടിണി മൂലം വിശപ്പ് സഹിക്കവയ്യാതെ ഗാസയിലെ ജനങ്ങൾ മാലിന്യം പോലും ഭക്ഷിക്കാൻ തുടങ്ങിയതായും അൽ ജസീറ പുറത്തുവിട്ട ദൃശ്യങ്ങളിൽ കാണാവുന്നതാണ്. മാലിന്യത്തിൽ നിന്ന് ഒരു വ്യക്തി ഭക്ഷിക്കുമ്പോൾ മറ്റൊരാൾ അരുത് അത് ഹറാമാണ് എന്ന് പറയുമ്പോൾ അത് വകവെക്കാതെ തുടർന്നും ഭക്ഷിക്കുന്നത് വിശപ്പിന്റെ കാഠിന്യത്തെ എടുത്ത് കാണിക്കുന്നതുമാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ ദീർഘ നേരം വരി നിന്നും കിലോമീറ്ററുകളോളം സഞ്ചരിച്ചും ആണ് സ്വന്തം കുടുംബത്തിന് ഭക്ഷണം എത്തിക്കുന്നത്.
ഇന്ന് ഗാസയിൽ കാണുന്ന പട്ടിണി മരണങ്ങൾ ഇസ്രായേലിന്റെ ക്രൂരത വെളിവാക്കുന്ന സ്റ്റാർവേഷൻ കാമ്പയിൻ ആണെന്ന് യുഎൻ വിദഗ്ദൻ പറഞ്ഞതായി അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് ഒന്ന് മുതൽ തന്നെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്റ്റാർവേഷൻ കാമ്പയിൻ പ്രഖ്യാപിച്ചത് ആയി മൈക്കിൾ ഫക്രി പറയുന്നു. യുഎനിന്റെ റൈറ്റ് റ്റു ഫുഡ് സ്പെഷ്യൽ റിപ്പോർട്ടറാണ് മൈക്കിൾ ഫക്രി.
“മാർച്ച് ഒന്നിന് ആണ് സ്റ്റാർവേഷൻ കാമ്പയിൻ ഈ റൗണ്ട് ആരംഭിക്കുന്നത്. മാർച്ച് രണ്ട് മുതൽ മേയ് 19 വരെ ഭക്ഷണമില്ല, വെള്ളമില്ല, മനുഷ്യർക്കാവശ്യമായി ഒന്നും ഗാസയിലേക്ക് എത്തിചേർന്നിട്ടില്ല. അത് ഏകദേശം 78 ദിവസമാണ്. അതിന് ശേഷം മേയ് 19 മുതൽ ഇന്നുവരെ സഹായങ്ങൾ പൂർണമായും തടഞ്ഞ് വെച്ചിരിക്കുകയാണ്. അതിനുപുറമേ, ഇസ്രായേൽ നൽകുന്ന സഹായം ഒരു ചൂണ്ടയാണ്, സഹായം തേടി എത്തിയവരെ ഇസ്രായേൽ സൈന്യം പിടികൂടുകയോ കൊലപ്പെടുത്തുകയോ ചെയ്യുകയാണ്.” മൈക്കിൾ ഫക്രി പറഞ്ഞു.
“നമ്മൾ, കുട്ടികൾ പട്ടിണി മൂലവും പോഷകാഹാരകുറവ് മൂലവും മരിക്കുന്നത് കാണുകയാണെങ്കിൽ നമുക്ക് അറിയാം അത് പട്ടിണി ആണെന്ന്. വിശന്ന് കഴിഞ്ഞാൽ ഏത് സമൂഹത്തിൽ പെട്ടവരാണെങ്കിലും, ഇനി എന്ത് സാഹചര്യമാണെങ്കിലും ആദ്യം ചെയ്യുന്നത് കുട്ടികളെ ഊട്ടുക എന്നതായിരിക്കും. കുട്ടികൾ മരിക്കുകയാണെങ്കിൽ നാം മനസ്സിലാക്കേണ്ടത് സമൂഹത്തിന്റെ ഘടന താറുമാറായിരിക്കുന്നു എന്നതാണ്. മനുഷ്യാവകാശത്തിന്റെ പക്ഷത്ത് നിന്ന് വീക്ഷിക്കുകയാണെങ്കിൽ പട്ടിണി ആണെന്നതിനെ കുറിച്ച് ഒരു സംശയവും വേണ്ട.” എന്നും അദ്ദേഹം പറഞ്ഞു.
“പട്ടിണി നമ്മോട് പറയുന്നത് എന്താണെന്നുവെച്ചാൽ, ആളുകൾക്ക് അതിജീവിക്കാൻ ആവശ്യമായത് നിഷേധിക്കുക എന്നതിന്റെ ഏറ്റവും മോശമായ സാഹചര്യത്തിന്റെ ഉദാഹരണമാണെന്നാണ്. അത് ഭക്ഷണം മാത്രമല്ല. വെള്ളം, ആരോഗ്യ പരിരക്ഷ എന്നിവയും ഉൾപ്പെടും. നിയമപരമായി വീക്ഷിക്കുകയാണെങ്കിൽ ഇത് ഒരു പട്ടിണി തന്നെയാണ്. കൂടാതെ പട്ടിണി ഒരു യുദ്ധ കുറ്റമാണ്. രാജ്യങ്ങൾ നിർബന്ധമായും പട്ടിണിക്കെതിരെ പ്രവർത്തിക്കണം. നമുക്കറിയാം, ഒക്ടോബർ ഒമ്പത് 2023 മുതൽ ഫലസ്തീനികളെ പട്ടിണിക്കിടുക എന്നത് തന്നെയാണ് ഇസ്രായേൽ ലക്ഷ്യം വെക്കുന്നത് എന്ന്. എപ്പോൾ മുതൽ എന്നാൽ, ഇസ്രായേൽ അവരുടെ പദ്ധതിയായ ഗാസയിലെ ഫലസ്തീനികളെ പട്ടിണിക്കിടുക എന്നത് തുറന്ന് കാണിച്ചപ്പോൾ മുതൽ. 20 മാസങ്ങളായി ലോകത്തിലെ സർക്കാറുകൾ ഇത് തടയുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.” അദ്ദേഹം കൂട്ടിചേർത്തു.
ഇസ്രായേലും ബെഞ്ചമിൻ നെതന്യാഹുവും ചെയ്യുന്നത് യുദ്ധക്കുറ്റമാണെന്നും വംശഹത്യയാണെന്നും മുമ്പ് തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും, ഇസ്രായേലി മുൻ പ്രതിരോധ മന്ത്രിയുമായ യോവ് ഗാലന്റിനെതിരെയും യുഎൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യുഎനിലെ 124 അംഗങ്ങൾ ചേർന്ന് പാസാക്കിയ അറസ്റ്റ് വാറണ്ട് ഇസ്രായേലും അമേരിക്കയും എതിർത്തിരുന്നു. ചാംബറിന്റെ തീരുമാനം ആന്റിസെമിറ്റിക് ആണെന്ന് നെതന്യാഹുവിന്റെ ഓഫീസ് അപലപിക്കുകയും, സ്വയം പ്രതിരോധിക്കാനും,ധാർമ്മികമായ യുദ്ധം നടത്താനും ഉള്ള അവകാശത്തിന് മേലുള്ള അപകടരമായ നീക്കം ആണെന്നും ആണ് യോവ് ഗാലന്റ് പ്രതികരിച്ചത്.