ലണ്ടന്‍ – ഇറാനെ നശിപ്പിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഷയും ഭീഷണിയും ബ്രിട്ടീഷ് മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ യു.എസ് പ്രസിഡന്റുമായുള്ള ഏറ്റവും പുതിയ പരസ്യ വിയോജിപ്പാണ് സ്റ്റാര്‍മറിന്റെ ഭാഗത്തു നിന്നുണ്ടായത്. അതേകുറിച്ച് ഞാന്‍ ശരിക്കും വ്യക്തമായി പറയട്ടെ, നമ്മുടെ ബ്രിട്ടീഷ് മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും അനുസൃതമായി ഞാന്‍ ഇതിനെ സമീപിക്കുന്നതിനാല്‍ ഞാന്‍ ഉപയോഗിക്കുന്ന, അല്ലെങ്കില്‍ എപ്പോഴും ഉപയോഗിക്കുന്ന വാക്കുകളല്ല ഇവയെന്ന് ബ്രിട്ടീഷ് ടെലിവിഷന്‍ ചാനലായ ഐ.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഇറാന്‍ ഒരു കരാറിലെത്തണമെന്നും അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഇറാന്‍ നശിപ്പിക്കപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കിയുള്ള ട്രംപിന്റെ പോസ്റ്റിനെ കുറിച്ചുള്ള ചോദ്യത്തിന് സ്റ്റാര്‍മര്‍ മറുപടി നൽകി.
കഴിഞ്ഞ ചൊവ്വാഴ്ച യു.എസും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും അടച്ചിട്ടിരിക്കുന്ന പ്രധാന ജലപാതയായ ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച വൈകുന്നേരം സ്റ്റാര്‍മറും ട്രംപും ഫോണില്‍ സംസാരിച്ചിരുന്നു. എത്രയും വേഗം കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രായോഗിക പദ്ധതിയുടെ ആവശ്യകതയെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി സ്റ്റാര്‍മറുടെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാനെതിരായ ആക്രമണത്തിന് ബ്രിട്ടീഷ് താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിച്ചിരുന്നു. സ്റ്റാര്‍മറിനെ പ്രത്യേകം പരാമര്‍ശിച്ച ട്രംപ്, അമേരിക്കയെ സഹായിക്കാന്‍ വിസമ്മതിച്ച രാജ്യങ്ങളെ താന്‍ മറക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.



