തെല്‍അവീവ് – ഉത്തര ഇസ്രായിൽ നഗരമായ ഹൈഫയില്‍ ബസ്, ട്രെയിന്‍ സ്റ്റേഷനില്‍ ഉണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് ഇസ്രായിലി ആംബുലന്‍സ് സര്‍വീസായ മാഗന്‍ ഡേവിഡ് അഡോം അറിയിച്ചു. അക്രമിയെ വകവരുത്തിയതായി ഇസ്രായിലി പോലീസ് സ്ഥിരീകരിച്ചു. അറബികളും ജൂതന്മാരും ഇടകലര്‍ന്ന് താമസിക്കുന്ന ഇസ്രായിലിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ തീരദേശ പട്ടണമായ ഹൈഫയിലെ ബസ്, ട്രെയിന്‍ സ്റ്റേഷനിലാണ് ആക്രമണം നടന്നത്.
ഇന്ന് രാവിലെയാണ് സംഭവം. ഇരുപതു വയസുള്ള ഡ്രൂസ് വംശജനായ ഇസ്രായിലി പൗരന്‍ യെത്രോ ഷാഹിന്‍ ആണ് ആക്രമണം നടത്തിയത്. ഏഴുപതു വയസുള്ള ഒരാളാണ് കൊല്ലപ്പെട്ടത്. മുപ്പത് വയസ് വീതം പ്രായമുള്ള യുവാവിനും യുവതിക്കും പതിനഞ്ചു വയലുള്ള ആണ്‍കുട്ടിക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. എഴുപത് വയസ് പ്രായമുള്ള സ്ത്രീക്ക് നിസാര പരിക്കേറ്റു. അക്രമിയെ സെക്യൂരിറ്റി ഉദ്യോഗസ്ഥനും ഒരു സാധാരണക്കാരനും ചേര്‍ന്ന് വെടിവെച്ചതായും യുവാവ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചതായും അധികൃതര്‍ പറഞ്ഞു.
ഹൈഫയിലെ ലെവ് ഹാമിഫ്രാറ്റ്‌സ് സെന്‍ട്രല്‍ ട്രെയിന്‍ സ്റ്റേഷനില്‍ ആക്രമണം നടത്തിയ പ്രതി ഗലീലി മേഖലയിലെ ഷെഫ അംര്‍ നഗരത്തിലെ താമസക്കാരനാണ്. ഇസ്രായിലി പൗരത്വത്തിനു പുറമെ യുവാവിന് ജര്‍മന്‍ പൗരത്വവുമുണ്ട്. ഏതാനും മാസങ്ങള്‍ വിദേശത്ത് ചെലവഴിച്ച യുവാവ് കഴിഞ്ഞയാഴ്ചയാണ് ഇസ്രായിലിലേക്ക് മടങ്ങിയത്. ജനുവരി 19 ന് ഗാസയില്‍ ഇസ്രായിലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷം ഇസ്രായിലില്‍ നടക്കുന്ന ആദ്യത്തെ മാരകമായ ആക്രമണമാണിത്.
ഇസ്രായില്‍ ബെയ്തീനു പാര്‍ട്ടിയിലെ ഇസ്രായിലി പാര്‍ലമെന്റിലെ (നെസ്സെറ്റ്) ഡ്രൂസ് അംഗം ഹമദ് അമ്മാര്‍ ആക്രമണത്തെ ശക്തമായും രോഷത്തോടെയും അപലപിച്ചു. കുറ്റവാളി ജര്‍മന്‍ പൗരത്വമുള്ളവനാണ്. അക്രമി ജനിച്ചതും ജീവിച്ചതും ജര്‍മനിയിലാണ്. എല്ലാ ധാര്‍മ്മികവും മാനുഷികവുമായ മൂല്യങ്ങള്‍ക്കും വിരുദ്ധമായ ഇത്തരമൊരു ഭീകരാക്രമണം രാഷ്ട്രത്തെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കുന്നതില്‍ പൂര്‍ണ പങ്കാളിയായ ഇസ്രായിലിലെ ഡ്രൂസ് സമൂഹത്തിന്റെ യഥാര്‍ഥ മനോഭാവത്തെ തീര്‍ച്ചയായും പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഹമദ് അമ്മാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഡ്രൂസ് സമൂഹത്തിന്റെ ആത്മീയ നേതാവ് മുവഫഖ് തരീഫ് ആക്രമണത്തെ അപലപിച്ചു.
ഇത് വേദനാജനകവും അങ്ങേയറ്റം നിര്‍ഭാഗ്യകരവുമാണെന്ന് മുവഫഖ് തരീഫ് വിശേഷിപ്പിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട വസ്തുതകള്‍ പുറത്തുകൊണ്ടുവരണം. ഇതിന്റെ പശ്ചാത്തലത്തെയും സാഹചര്യങ്ങളെയും കുറിച്ച് സുരക്ഷാ സേന സമഗ്രമായ അന്വേഷണം നടത്തണമെന്നും മുവഫഖ് തരീഫ് പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തെ ഹമാസ് പ്രശംസിച്ചു.
ഇസ്രായില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കുള്ള സ്വാഭാവികവും വീരോചിതവുമായ പ്രതികരണമാണിതെന്ന് ഹമാസ് പറഞ്ഞു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തില്ല. ശത്രുവുമായുള്ള ഏറ്റുമുട്ടല്‍ വര്‍ധിപ്പിക്കാനും സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും അവരുമായി പോരാടാനും ജറൂസലമും ഉള്‍പ്രദേശങ്ങളും ഉള്‍പ്പെടെ വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ജനങ്ങളോട് ഹമാസ് ആഹ്വാനം ചെയ്തു. ഭൂമിയും പുണ്യസ്ഥലങ്ങളും മോചിപ്പിക്കുന്നതു വരെയും അധിനിവേശക്കാരനെ പുറത്താക്കുന്നതു വരെയും ജറൂസലം തലസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതു വരെയും ചെറുത്തുനില്‍പ് തുടരുമെന്ന് ഹമാസ് പറഞ്ഞു.