മാഡ്രിഡ് – ഗാസയില്‍ നടക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വംശഹത്യയാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ഗാസ മുനമ്പില്‍ നടത്തുന്ന വംശഹത്യ കാരണം യൂറോപ്യന്‍ യൂനിയനും ഇസ്രായിലും തമ്മിലുള്ള പങ്കാളിത്ത കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് സ്പാനിഷ് പാര്‍ലമെന്റിന് മുന്നില്‍ സംസാരിച്ച പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടു. ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിനെ സ്പാനിഷ് പ്രധാനമന്ത്രി നിശിതമായി വിമര്‍ശിച്ചു. ഇസ്രായില്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായി എക്കാലവും ഓര്‍മിക്കപ്പെടും. യൂറോപ്യന്‍ യൂനിയനുമായുള്ള പങ്കാളിത്ത കരാര്‍ ഇസ്രായില്‍ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താന്‍ സ്‌പെയിനും അയര്‍ലന്‍ഡും 2024 ഫെബ്രുവരിയില്‍ യൂറോപ്യന്‍ യൂനിയനോട് ആവശ്യപ്പെട്ടിരുന്നു.
മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ള കരാറിന്റെ ആര്‍ട്ടിക്കിള്‍ 2 ഇസ്രായില്‍ ലംഘിച്ചതിന് മതിയായ തെളിവുകള്‍ ഉണ്ടെന്ന് നിഗമനം ചെയ്ത് കരാറിനെ കുറിച്ച് യൂറോപ്യന്‍ യൂനിയന്‍ വിദേശ, സുരക്ഷാനയകാര്യ ഉന്നത പ്രതിനിധി കാജ കല്ലാസ് ജൂണ്‍ 23 ന് പുറത്തിറക്കിയ റിപ്പോര്‍ട്ട് സ്പാനിഷ് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇസ്രായിലിനെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്ത യൂറോപ്യന്‍ യൂനിയനെ സ്പാനിഷ് പ്രധാനമന്ത്രി അതിരൂക്ഷമായി വിമര്‍ശിച്ചു. യൂറോപ്യന്‍ യൂനിയന്റെ സ്ഥാപക തത്വങ്ങളെ ചവിട്ടിമെതിക്കുകയും ഗാസയിലെ പട്ടിണി നിയമാനുസൃത രാഷ്ട്രത്തെ ഇല്ലാതാക്കാന്‍ ആയുധമാക്കുകയും ചെയ്യുന്നവര്‍ക്ക് യൂറോപ്യന്‍ യൂനിയനുമായി പങ്കാളികളാകാന്‍ കഴിയില്ല. ഗാസയിലെ വംശഹത്യ തടയാന്‍ വേണ്ടത്ര ഒന്നും ചെയ്യാത്തതിന് അദ്ദേഹം യൂറോപ്പിനെ ആക്രമിച്ചു. നിസ്സംഗതക്കും മടിക്കും രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ക്കും വഴങ്ങി ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വംശഹത്യയില്‍ നമുക്ക് പങ്കാളികളാകാന്‍ കഴിയില്ലെന്നും സ്പാനിഷ് പ്രധാനമന്ത്രി പറഞ്ഞു.
യൂറോപ്യന്‍ യൂനിയനും ഇസ്രായിലും തമ്മിലുള്ള പങ്കാളിത്ത കരാര്‍ 1995 നവംബര്‍ 20 ന് ബ്രസ്സല്‍സില്‍ വെച്ചാണ് ഒപ്പുവെച്ചത്. യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളുടെ പാര്‍ലമെന്റുകളും യൂറോപ്യന്‍ പാര്‍ലമെന്റും ഇസ്രായിലി നെസറ്റും അംഗീകരിച്ചതിനെ തുടര്‍ന്ന് 2000 ജൂണ്‍ ഒന്നിന് കരാര്‍ പ്രാബല്യത്തില്‍ വന്നു. പങ്കാളിത്ത കരാറിന്റെ ആര്‍ട്ടിക്കിള്‍ 2, ഇരു കക്ഷികളും തമ്മിലുള്ള ബന്ധം മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വ്യവസ്ഥ ചെയ്യുന്നു.
കരസേനയുടെ ഉപയോഗത്തിനായി ടാങ്ക് വിരുദ്ധ സ്‌പൈക്ക് മിസൈല്‍ സംവിധാനം നിര്‍മിക്കാന്‍ ഒരു ഇസ്രായിലി കമ്പനിയുമായുള്ള കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സ്പാനിഷ് പ്രതിരോധ മന്ത്രാലയം ജൂണ്‍ ആദ്യം അറിയിച്ചിരുന്നു. ഇസ്രായില്‍ കമ്പനിയുടെ സ്‌പെയിനിലെ ലൈസന്‍സ് മന്ത്രാലയം റദ്ദാക്കുകയും ഇസ്രായിലി ഇതര ബദലുകള്‍ക്കായി കണ്ടെത്താന്‍ അന്വേഷണം തുടങ്ങുകയും ചെയ്തു.