ജൊഹന്നാസ്ബർഗ്- സൗത്താഫ്രിക്കയിലെ എകുർഹുലേനി മുനിസിപ്പാലിറ്റിയിൽ ഭീതിവിതച്ച് സീരിയർ കില്ലർ. ഇന്ന് രാവിലെ ഒമ്പതാമത്തെ സ്ത്രീയുടെ മൃതദേഹവും പോലീസ് കണ്ടെത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടെയാണ് ഈ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒമ്പത് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
ജോഹന്നാസ്ബർഗിന്റെ പ്രാന്തപ്രദേശമായ ഡോൺ പാർക്കിൽ റോഡരികിൽ ഒരു ഷീറ്റിൽ പൊതിഞ്ഞ നിലയിലാണ് ഒമ്പതാമത്തെ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 30 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും കുത്തേറ്റ മുറിവുകളുമുണ്ട്. തൊണ്ട അറുത്ത നിലയിലുമായിരുന്നു.
കൊല്ലപ്പെട്ട ഒമ്പത് പേരും 20നും 38നും ഇടയിൽ പ്രായമുള്ളവരാണ്. കണ്ടെടുത്ത മൃതദേഹങ്ങളിൽ ഭൂരിഭാഗവും വസ്ത്രങ്ങൾ ഭാഗികമായോ പൂർണ്ണമായോ മാറ്റപ്പെട്ട നിലയിലും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ ലക്ഷണങ്ങളോടെയുമാണ് കാണപ്പെട്ടത്. ആദ്യ മൃതദേഹം ജൂലൈ മാസത്തിൽ കൈകൾ കേബിൾ ടൈ ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്.
സുഡാനിൽ സ്വർണ ഖനി തകർന്ന് 60 പേർ മരിച്ചു
എകുർഹുലേനിയിലെ കെംപ്റ്റൺ പാർക്ക്, പോമോണ, ക്ലേവില്ലെ, ഒലിഫന്റ്‌സ്‌ഫോണ്ടെയ്ൻ, ഡോൺ പാർക്ക് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
ഇത് ഒരു സീരിയൽ കില്ലറുടെ കൃത്യമാണോ അതോ ഒരു സംഘം ആളുകൾ ചെയ്യുന്നതാണോ എന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രതികളെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് ദക്ഷിണാഫ്രിക്കൻ പോലീസ് 4,00,000 റാൻഡ് (ഏകദേശം 24,000 ഡോളർ) പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.







