കൈറോ: ഈജിപിതില്‍ ചെങ്കടല്‍ തീരത്തെ പ്രധാന വിനോദ സഞ്ചാര നഗരമായ ഹുര്‍ഗദയ്ക്ക സമീപം ടൂറിസ്റ്റുകള്‍ സഞ്ചരിച്ച മുങ്ങിക്കപ്പല്‍ അപകടത്തില്‍പ്പെട്ട് ആറ് റഷ്യന്‍ സഞ്ചാരികള്‍ മരിച്ചു. മുങ്ങക്കപ്പലിലുണ്ടായിരുന്ന 39 വിദേശികളെ രക്ഷപ്പെടുത്തി. ആരേയും കാണാതായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഈജിപ്തുകാരായ അഞ്ച് ജീവനക്കാരും 45 സഞ്ചാരികളുമാണ് സിന്ദ്ബാദ് എന്ന പേരുള്ള സബ്മറീനില്‍ ഉണ്ടായിരുന്നത്. തീരത്തു നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. രക്ഷപ്പെടുത്തിയ എല്ലാവരേയും ആശുപത്രിയിലും ഹോട്ടലുകളിലുമെത്തിച്ചു. സബ്മറീന്‍ നിയന്ത്രണം വിട്ട് മുങ്ങിയെന്നാണ് റിപോര്‍ട്ട്. അപകട കാരണം വ്യക്തമല്ല. അന്വേഷണം നടന്നുവരികയാണ്.
കടലില്‍ 25 മീറ്റര്‍ താഴ്ച വരെ മുങ്ങാന്‍ ശേഷിയുള്ള ടൂറിസ്റ്റ് സബ്മറീനാണ് സിന്ദ്ബാദ്. സഞ്ചാരികള്‍ക്ക് കടലിനടിയിലെ പവിഴപ്പുറ്റുകളും മറ്റു ദൃശ്യങ്ങളും കാണാവുന്ന തരത്തില്‍ വലിയ ചില്ലു ജാലകങ്ങളും ഈ സബ്മറീനിലുണ്ട്. തലസ്ഥാനമായ കൈറോയില്‍ നിന്ന് 460 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഈജിപ്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് റിസോര്‍ട്ട് നഗരമായ ഹുര്‍ഗദ. സമീപ വര്‍ഷങ്ങളില്‍ ഇവിടെ നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.