തെല്‍അവീവ്– തെല്‍അവീവ് ഉള്‍പ്പെടെ ഇസ്രായിലിലെ വിവിധ പ്രദേശങ്ങളില്‍ ഇറാൻ തുടര്‍ച്ചയായ ആക്രമണങ്ങൾ നടത്തി. മധ്യ ഇസ്രായിലിലെ മറ്റ് പ്രദേശങ്ങളിലും സ്‌ഫോടനങ്ങളുണ്ടായതായി പ്രാദേശിക സ്രോതസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹഡേരയിലും നെതന്യയിലും മൂന്ന് സ്‌ഫോടനങ്ങളുണ്ടായി. അരിഫ്ജാനിലും അല്‍ഖര്‍ജിലും മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങള്‍, യു.എസ് പ്രതിരോധ ലോജിസ്റ്റിക്‌സ് സമുച്ചയം എന്നിവ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണം നടത്തിയതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ മിസൈലില്‍ നിന്നുള്ള ക്ലസ്റ്റര്‍ ബോംബുകള്‍ ഇന്ന് രാവിലെ മധ്യ ഇസ്രായിലിലെ കഫര്‍ ഖാസിം നഗരത്തില്‍ പതിച്ചതായും, ബോംബുകളിലൊന്ന് റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ പതിച്ചതിനെ തുടര്‍ന്ന് 55 വയസ്സ് വീതം പ്രായമുള്ള ഒരു പുരുഷനും ഒരു സ്ത്രീക്കും പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റോഡിന്റെ മധ്യത്തിലാണ് മിസൈല്‍ പതിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഏതാനും കാറുകള്‍ മറിഞ്ഞുവീണു. സംഭവസ്ഥലത്തെ നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നു. ചിതറിത്തെറിച്ച ക്ലസ്റ്റര്‍ ബോംബുകള്‍ കഫര്‍ ഖാസിമിലെ ഏതാനും വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തിവെച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കാനും പ്രദേശം സുരക്ഷിതമാക്കാനും എമര്‍ജന്‍സി, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്ത് കുതിച്ചെത്തി. ഇറാനില്‍ ഇതുവരെ 10,000 ലേറെ സൈനിക ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി യു.എസ് സൈന്യം അറിയിച്ചു.



