ബെയ്‌റൂത്ത് – ദക്ഷിണ ലെബനോനില്‍ നടക്കുന്ന പോരാട്ടത്തില്‍ ഏഴു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി നേരത്തെ ഇസ്രായിലി സൈന്യം പറഞ്ഞു. ഹിസ്ബുല്ല പോരാളികള്‍ ഉള്ളതായി സംശയിച്ച് ദക്ഷിണ ലെബനോനിലെ കെട്ടിടത്തില്‍ ഇസ്രായില്‍ സൈന്യം പ്രവേശിക്കുകയും തുടര്‍ന്നുണ്ടായ പോരാട്ടത്തില്‍ സൈനികര്‍ കൊല്ലപ്പെടുകയുമായിരുന്നെന്ന് ഇസ്രായിലി സൈന്യം പറഞ്ഞു. എന്നാല്‍ ഹിസ്ബുല്ല ഒരുക്കിയ കെണിയില്‍ കുടുങ്ങി കെട്ടിടത്തിനകത്ത് ഇസ്രായിലി സൈനികര്‍ കയറിയയുടന്‍ നേരത്തെ തന്നെ ബോംബുകള്‍ സ്ഥാപിച്ച കെട്ടിടം ഹിസ്ബുല്ല സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നെന്ന് ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്രായിലി സൈനികര്‍ ഒളിച്ച കെട്ടിടം ലക്ഷ്യമിട്ട് ഗൈഡഡ് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയും കെട്ടിടം തകര്‍ക്കുകയുമായിരുന്നെന്ന് ഹിസ്ബുല്ലയുമായി അടുത്ത ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഒമ്പതു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടതായും ലെബനീസ് മാധ്യമങ്ങള്‍ പറഞ്ഞു.
അതിനിടെ, തെല്‍അവീവ് ലക്ഷ്യമിട്ട് ഹിസ്ബുല്ല രണ്ടു ആക്രമണങ്ങള്‍ നടത്തി. പുതിയ ഇസ്രായിലി പ്രതിരോധ മന്ത്രി യിസ്‌റായില്‍ കാട്‌സ് ഉത്തര അതിര്‍ത്തിയില്‍ നടത്തിയ സന്ദര്‍ശനത്തോടനുബന്ധിച്ച് തെല്‍അവീവില്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനം ലക്ഷ്യമിട്ടാണ് ആക്രമണങ്ങളില്‍ ഒന്ന് നടത്തിയതെന്ന് ഹിസ്ബുല്ല പറഞ്ഞു. തെല്‍അവീവില്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും ജനറല്‍ സ്റ്റാഫിന്റെയും ആസ്ഥാനം സ്ഥിതി ചെയ്യുന്ന കിര്‍യ സൈനിക താവളത്തിനു നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമാണ് നടത്തിയത്. ഖാദിര്‍-2 ഇനത്തില്‍ പെട്ട ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ഇന്നലെ വൈകീട്ട് കിര്‍യ ബേസിനു നേരെ ആക്രമണം നടത്തിയതായും ആക്രമണം കൃത്യമായ ലക്ഷ്യം കണ്ടതായും ഹിസ്ബുല്ല പറഞ്ഞു. തെല്‍അവീവ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സൈനിക വ്യവസായ കമ്പനി ലക്ഷ്യമിട്ടാണ് ആദ്യ തവണ ആക്രമണം നടത്തിയത്. ഇവിടെ ഡ്രോണ്‍ ആക്രമണമാണ് നടത്തിയത്. ദക്ഷിണ ലെബനോനില്‍ ഡസന്‍ കണക്കിന് വ്യോമാക്രമണങ്ങള്‍ ഇസ്രായിലും നടത്തി.
ലെബനോന്‍ അതിര്‍ത്തിയില്‍ നിന്ന് 55 കിലോമീറ്റര്‍ ദൂരെ ആമോസ് സൈനിക താവളം ലക്ഷ്യമിട്ട് ഡ്രോണുകള്‍ ഉപയോഗിച്ചും ആക്രമണം നടത്തി. തെല്‍അവീവിനു സമീപം മിലിട്ടറി ഇന്റലിജന്‍സിനു കീഴിലെ ഗലീലോത്ത് സൈനിക താവളം ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയതായും ഹിസ്ബുല്ല പ്രസ്താവനയില്‍ പറഞ്ഞു.
ലെബനോനില്‍ നിന്ന് തൊടുത്തുവിട്ട രണ്ടു ഡ്രോണുകളും 40 മിസൈലുകളും വെടിവെച്ചിട്ടതായി ഇസ്രായിലി സൈന്യം പറഞ്ഞു. കിഴക്കു ഭാഗത്തു നിന്ന് എത്തിയ മറ്റൊരു ഡ്രോണ്‍ ഈലാത്ത് മേഖലക്കു മുകളില്‍ വെച്ചും വെടിവെച്ചിട്ടു. ആര്‍ക്കും പരിക്കില്ല. ലെബനോനില്‍ നിന്ന് വന്‍തോതില്‍ മിസൈലുകള്‍ തൊടുത്തുവിട്ടതിനെ തുടര്‍ന്ന് ദശലക്ഷക്കണക്കിന് ഇസ്രായിലികള്‍ ബോംബ് ഷെല്‍ട്ടറുകളില്‍ കഴിയുകയാണെന്നും ഇസ്രായിലി സൈന്യം പറഞ്ഞു. തെല്‍അവീവിലെ ബെന്‍ ഗോറിയോന്‍ എയര്‍പോര്‍ട്ടിനു സമീപം സൈനിക പരിശീലന കേന്ദ്രം ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയതായി ഒരാഴ്ച മുമ്പ് ഹിസ്ബുല്ല അറിയിച്ചിരുന്നു.
ലെബനോന്‍ യുദ്ധം നിര്‍ത്താന്‍ ഹിസബുല്ലയെ നിരായുധീകരിക്കണമെന്ന് ലെബനോന്‍ അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തി ഇസ്രായില്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ഹിസ്ബുല്ലയുടെ നിരായുധീകരണം ഉള്‍പ്പെടാത്ത, ലെബനോന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു കരാറിനും ഇസ്രായില്‍ സമ്മതിക്കില്ല. ലെബനോന്‍ യുദ്ധം അവസാനിപ്പിക്കില്ല. യുദ്ധ ലക്ഷ്യങ്ങള്‍ കൈവരിക്കാതെ ഒരു ഒത്തുതീര്‍പ്പും ഞങ്ങള്‍ അനുവദിക്കില്ല. ലെബനോനില്‍ നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ഇസ്രായിലിന്റെ അവകാശം ഞങ്ങള്‍ ഉപേക്ഷിക്കില്ല – കാട്‌സ് പറഞ്ഞു.
യുദ്ധത്തിലൂടെ നേടാന്‍ കഴിയാത്തത് രാഷ്ട്രീയമായി കൈവരിക്കാന്‍ ഇസ്രായിലിന് സാധിക്കില്ലെന്ന് ഇതിന് മറുപടിയായി ഹിസ്ബുല്ല പറഞ്ഞു. നമ്മുടെ രാജ്യം ശത്രുവിന്റെ വ്യവസ്ഥകള്‍ക്ക് കീഴ്‌പ്പെടില്ല. കൂട്ടക്കുരുതികള്‍ നടത്തിയും രാജ്യം തകര്‍ത്ത് തരിപ്പണമാക്കിയും രാജ്യം പിടിച്ചെടുക്കാനോ, ലെബനോനില്‍ പുതിയ യാഥാര്‍ഥ്യം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ച് വ്യവസ്ഥകളിലൂടെയും സമ്മര്‍ദങ്ങളിലൂടെയും ദേശീയ പരമാധികാരത്തിന് ഹാനി വരുത്താനോ ശത്രുവിന് സാധിക്കില്ല – ഹിസ്ബുല്ല എം.പി ഹസന്‍ ഫദ്‌ലുല്ല പറഞ്ഞു. ഇസ്രായിലി ക്രൂരതകള്‍ക്ക് ശത്രുവിന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നത് വെറുതെയാണെന്നും ഹസന്‍ ഫദ്‌ലുല്ല പറഞ്ഞു.
അതിനിടെ, വെസ്റ്റ് ബാങ്കിലെ റാമല്ല നഗരത്തിന് പടിഞ്ഞാറ് ദേര്‍ ഖദീസ് ഏരിയയില്‍ ഫലസ്തീനി യുവാവ് ഇസ്രായിലികള്‍ക്കു മേല്‍ കാര്‍ ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായിലി സൈന്യം അറിയിച്ചു. ഇരുവര്‍ക്കും നിസാര പരിക്കാണേറ്റത്. കാറുമായി ചെക്ക് പോയിന്റിലെത്തിയ ഫലസ്തീനി യുവാവ് ഇസ്രായിലികള്‍ക്കു മേല്‍ കാര്‍ ഓടിച്ചുകയറ്റി സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.