സന്‍ആ – ഗ്രീക്ക് കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന ലൈബീരിയന്‍ പതാക വഹിച്ച ചരക്ക് കപ്പല്‍ എറ്റേണിറ്റി സി യെമന്‍ തീരത്ത് ഹൂത്തി ആക്രമണത്തെ തുടര്‍ന്ന് മുങ്ങിയതായും ജീവനക്കാരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും നാല് സമുദ്ര സുരക്ഷാ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. അഞ്ച് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജന്‍സിയായ യു.കെ.എം.ടി.ഒ സ്ഥിരീകരിച്ചു.
കപ്പല്‍ മുങ്ങിയതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ സ്ഥാപനമായ ആംബ്രി എ.എഫ്.പിയോട് പറഞ്ഞു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് കപ്പലിന് നേരെ ഹൂത്തികള്‍ ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രി തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അഞ്ച് ജീവനക്കാരെ രക്ഷപ്പെടുത്തി. ശേഷിക്കുന്ന ജീവനക്കാര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതായി എ.എഫ്.പി പറഞ്ഞു. 21 ഫിലിപ്പീന്‍സുകാരും ഒരു റഷ്യക്കാരനും ഉള്‍പ്പെടെ 22 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഡ്രോണ്‍ ബോട്ടുകളും സ്പീഡ് ബോട്ടുകളില്‍ നിന്ന് തൊടുത്തുവിട്ട റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും ഉപയോഗിച്ചാണ് ഹൂത്തികള്‍ കപ്പല്‍ ആക്രമിച്ചത്. മാസങ്ങള്‍ നീണ്ട ശാന്തതക്ക് ശേഷം ഒരു ദിവസത്തിനിടെ ചരക്കു കപ്പല്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്.
ഹൂത്തി ആക്രമണത്തില്‍ ഗ്രീക്ക് ബള്‍ക്ക് കാരിയര്‍ എറ്റേണിറ്റി സിയിലെ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യൂറോപ്യന്‍ യൂണിയന്‍ നാവിക ദൗത്യമായ ആസ്പിഡെസിലെ ഉദ്യോഗസ്ഥന്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാത്രിയാണ് കപ്പല്‍ മങ്ങുയത്. പശ്ചിമ യെമന്‍ തുറമുഖമായ അല്‍ഹുദൈദയില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് മാറിയാണ് എറ്റേണിറ്റി സി കപ്പലിനു നേരെ ഹൂത്തി ആക്രമണമുണ്ടായത്. 2024 ജൂണിനുശേഷം ചെങ്കടലില്‍ കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട് ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ ജീവനക്കാര്‍ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്.
എറ്റേണിറ്റി സി കപ്പലിനെതിരായ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ലൈബീരിയന്‍ പതാകയുള്ള ഗ്രീക്ക് ബള്‍ക്ക് കാരിയറായ എം.വി മാജിക് സീസിനു നേരെ തെക്കുപടിഞ്ഞാറന്‍ യെമനില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ കപ്പല്‍ മുങ്ങിയതായി ഹൂത്തികള്‍ പറഞ്ഞു. മാജിക് സീസിലെ എല്ലാ ജീവനക്കാരെയും പ്രദേശത്തു കൂടി കടന്നുപോയ യു.എ.ഇ ചരക്കു കപ്പല്‍ രക്ഷപ്പെടുത്തി ജിബൂത്തിയില്‍ സുരക്ഷിതമായി എത്തിച്ചതായി ജിബൂത്തി അധികൃതര്‍ പറഞ്ഞു.
2023 നവംബര്‍ മുതല്‍ ഇസ്രായിലുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിടുന്നതായി പറഞ്ഞ് നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തി ഹൂത്തികള്‍ വാണിജ്യം തടസ്സപ്പെടുത്തി. മെയ് മാസത്തില്‍ ഹൂത്തികള്‍ അമേരിക്കയുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടെങ്കിലും ഇസ്രായിലുമായി ബന്ധമുള്ള കപ്പലുകളെ ആക്രമിക്കുന്നത് തുടരുമെന്ന് ആവര്‍ത്തിച്ചു.