ജിദ്ദ – ലണ്ടനില്‍ അതിശക്തമായ കൊടുങ്കാറ്റിനിടെ സൗദിയ വിമാനം സാഹസിക ലാന്‍ഡിംഗ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വിമാനത്തിന്റെ പൈലറ്റായ സൗദി ക്യാപ്റ്റന്‍ മുഹമ്മദ് ആലുശൈബാന്‍ എക്‌സ് പ്ലാറ്റ്‌ഫോമിലെ തന്റെ അക്കൗണ്ടു വഴി പുറത്തുവിട്ടു. ശനിയാഴ്ച ലണ്ടനിലെ ഗാറ്റ്‌വിക്ക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് ‘ബെര്‍ട്ട്’ കൊടുങ്കാറ്റിനിടെ സൗദിയ വിമാനം ലാന്‍ഡ് ചെയ്തത്. ലാന്‍ഡിംഗിനിടെ ക്യാപ്റ്റന്‍ മുഹമ്മദ് ആലുശൈബാന്‍ ആണ് അതിസാഹസികമായി വിമാനം നിയന്ത്രിച്ചത്. ശക്തമായ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ വിമാനം ക്രോസ് ലാന്‍ഡിംഗ് നടത്തുകയായിരുന്നു.
ലാന്‍ഡ് ചെയ്ത് അധികം താമസിയാതെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി പച്ചവിരിച്ച പുല്‍ത്തകിടിലൂടെ നീങ്ങു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ആര്‍ക്കും യാതൊരുവിധ അപകടങ്ങളും നേരിട്ടിട്ടില്ലെന്നും ക്യാപ്റ്റന്‍ മുഹമ്മദ് ആലുശൈബാന്‍ പറഞ്ഞു. ‘ബെര്‍ട്ട്’ കൊടുങ്കാറ്റ് ബ്രിട്ടനിലും അയര്‍ലന്റിലും വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെടുത്തിയിരുന്നു. അയര്‍ലന്റില്‍ ആയിരക്കണക്കിന് വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും കമ്പനികള്‍ക്കുമുള്ള വൈദ്യുതി വിതരണം മുടങ്ങി. കൊടുങ്കാറ്റു മൂലമുള്ള നാശനഷ്ടങ്ങളെ തുടര്‍ന്ന് ബ്രിട്ടനില്‍ റോഡുകളും റെയില്‍പാതകളും അടച്ചു. ‘ബെര്‍ട്ട്’ കൊടുങ്കാറ്റ് ശക്തമായ മഴക്കും മഞ്ഞുവീഴ്ചക്കും ഇടയാക്കുകയായിരുന്നു.