ന്യൂയോര്‍ക്ക് – ദ്വിരാഷ്ട്ര പരിഹാരത്തിന് അന്താരാഷ്ട്ര സമൂഹം നിര്‍ണായക നടപടി സ്വീകരിക്കണമെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. 80-ാമത് യു.എന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അന്താരാഷ്ട്ര സമൂഹം ശക്തമാക്കണം. ഇക്കാര്യത്തിലുള്ള നിഷ്‌ക്രിയത്വം ആഗോള സുരക്ഷയെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ കാണാത്ത മാനുഷിക പ്രതിസന്ധിക്കാണ് ഗാസ സാക്ഷ്യം വഹിക്കുന്നത്. ഗാസയില്‍ പട്ടിണിയാണെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീന്‍ ജനതയുടെ ചരിത്രപരവും നിയമപരവുമായ അവകാശങ്ങളെ പൂര്‍ണമായും അവഗണിച്ചുകൊണ്ട്, പട്ടിണിക്കിടല്‍, നിര്‍ബന്ധിത നാടുകടത്തല്‍, ആസൂത്രിതമായ കൊലപാതകങ്ങള്‍, അവരുടെ ന്യായമായ അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ എന്നിവ അടക്കം ഇസ്രായില്‍ സേന നടത്തുന്ന ക്രൂരമായ നടപടികളുടെ വെളിച്ചത്തില്‍ ഗാസയില്‍ ആക്രമണം അവസാനിപ്പിക്കാനും മാനുഷിക സഹായം സുസ്ഥിരമായി ഉറപ്പാക്കാനും നിര്‍ണായക നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഫലസ്തീനികളുടെ നിര്‍ബന്ധിത പലായനം, കുടിയിറക്കല്‍, സിവിലിയന്മാരെ കൊല്ലല്‍ തുടങ്ങിയ രീതികളെയും വിദേശ മന്ത്രി അപലപിച്ചു. ഇവ ഫലസ്തീനികളുടെ ചരിത്രപരവും നിയമപരവുമായ അവകാശങ്ങളുടെ ലംഘനമാണ്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അന്താരാഷ്ട്ര നിയമത്തിന്റെ ചട്ടക്കൂടിന് പുറത്തുള്ള സമാധാനം അക്രമത്തിന് ഇന്ധനം നല്‍കുക മാത്രമാണ് ചെയ്തത്. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ നീതിയുക്തവും ശാശ്വതവുമായ സമാധാനം ഉറപ്പാക്കുന്നതില്‍ യു.എന്‍ രക്ഷാ സമിതിയും അന്താരാഷ്ട്ര സമൂഹവും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ പ്രശ്‌നത്തില്‍ സൗദി അറേബ്യയുടെ അചഞ്ചലമായ നിലപാട് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഈ പ്രശ്‌നത്തിന് നീതിയുക്തവും ശാശ്വതവുമായ പരിഹാരം കണ്ടെത്തേണ്ട സമയമാണിതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിന്റെയും നിയമാനുസൃത സ്ഥാപനങ്ങളുടെയും ചട്ടക്കൂടിന് പുറത്ത് ഫലസ്തീന്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നതാണ് അക്രമം തുടരാനും ദുരിതങ്ങള്‍ വര്‍ധിക്കാനും കാരണം. ഇസ്രായില്‍ ആക്രമണങ്ങളും നിയമലംഘനങ്ങളും തടയാന്‍ നിര്‍ണായക നടപടി സ്വീകരിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുന്നത് പ്രാദേശികമായും ആഗോളമായും സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താനും അപകടകരമായ പ്രത്യാഘാതങ്ങള്‍ക്കും യുദ്ധക്കുറ്റങ്ങളും വംശഹത്യയും വര്‍ധിക്കാനും വഴിയൊരുക്കുമെന്നും വിദേശ മന്ത്രി പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ സ്ഥാപക അംഗമെന്ന നിലയില്‍ സൗദി അറേബ്യ അഭിമാനിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനം ശക്തമാക്കുന്നതിലൂടെയും അന്താരാരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിലൂടെയും യു.എന്‍ ചാര്‍ട്ടറിന്റെ തത്വങ്ങളെ മൂര്‍ത്തമായ യാഥാര്‍ഥ്യമാക്കി മാറ്റാന്‍ സൗദി അറേബ്യ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കുന്നുണ്ട്. മാനുഷിക അഭ്യര്‍ഥനകളോട് പ്രതികരിക്കുന്നതിലും സഹായഹസ്തം നീട്ടുന്നതിലും യു.എന്‍ ചാര്‍ട്ടര്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. ലോക രാജ്യങ്ങള്‍ക്കുള്ള സൗദി അറേബ്യയുടെ സഹായം 141 ബില്യണ്‍ ഡോളര്‍ കവിഞ്ഞിട്ടുണ്ട്. 174 രാജ്യങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാന്‍ സൗദി അറേബ്യ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തുന്നു. നോര്‍വേയുമായും യൂറോപ്യന്‍ യൂണിയനുമായും സഹകരിച്ച് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനായി അന്താരാഷ്ട്ര സഖ്യം ആരംഭിക്കുകയും ഫലസ്തീന്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനുമുള്ള അന്താരാഷ്ട്ര സമ്മേളനത്തില്‍ ഫ്രാന്‍സുമായി ചേര്‍ന്ന് സൗദി അറേബ്യ സഹ-അധ്യക്ഷത വഹിക്കുകയും ചെയ്തു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങളെയും, അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് കൂടുതല്‍ പിന്തുണയും ശാക്തീകരണവും അര്‍ഹിക്കുന്ന സുപ്രധാന പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു.
മേഖലയില്‍ ആണവായുധ മത്സരവും ആണവ നിര്‍വ്യാപന സംവിധാനവും പാലിക്കേണ്ടതിന്റെ ആവശ്യകത, ചെങ്കടലിന്റെയും ഏദന്‍ ഉള്‍ക്കടലിന്റെയും കടലിടുക്കുകളുടെയും സുരക്ഷ, നാവിഗേഷന്‍ സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, ഭീകരതയെ ചെറുക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ എടുത്തുപറഞ്ഞു. കൃത്രിമ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകളുടെയും സെല്‍ഫ് കണ്‍ട്രോള്‍ ആയുധങ്ങളുടെയും സൈനിക ഉപയോഗത്തിന്റെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ സൗദി വിദേശ മന്ത്രി അവയെ നിയന്ത്രിക്കുന്നതിന് അന്താരാഷ്ട്ര നിയമങ്ങള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.



