ജിദ്ദ – ഗാസ, ഈജിപ്ത് അതിര്‍ത്തിയിലെ റഫ ക്രോസിംഗിലൂടെ അടക്കം, ഫലസ്തീനികളെ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കുന്നതിനെ കുറിച്ച ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളെ ശക്തമായി അപലപിച്ച് സൗദി അറേബ്യ.
നിര്‍ബന്ധിത കുടിയിറക്കം അടിച്ചേല്‍പ്പിക്കാനായി ഉപരോധവും പട്ടിണിയും തുടര്‍ച്ചയായി ഉപയോഗിക്കുന്നതിനെയും സൗദി അറേബ്യ അപലപിച്ചു. ഈ രീതികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും തത്വങ്ങളുടെയും ഏറ്റവും അടിസ്ഥാന മാനുഷിക മാനദണ്ഡങ്ങളുടെയും ഗുരുതരമായ ലംഘനമാണ്. ഇക്കാര്യത്തില്‍ ഈജിപ്തിനുള്ള സൗദി അറേബ്യയുടെ പൂര്‍ണ പിന്തുണ സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഫലസ്തീന്‍ ജനതക്കും അവരുടെ ഭൂമിക്കുമെതിരായ ഇസ്രായിലിന്റെ ആക്രമണാത്മക നയങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് യു.എന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങള്‍ ഇടപെടണം. ന്യായീകരണം എന്തുതന്നെയായായും ഫലസ്തീനികളുടെ ഏത് തരത്തിലുള്ള കുടിയിറക്കവും സൗദി അറേബ്യ നിരാകരിക്കുന്നു. വംശഹത്യ കുറ്റകൃത്യങ്ങള്‍ക്കും സിവിലിയന്മാര്‍ക്കെതിരായ ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്കും ഇസ്രായില്‍ അധികൃതരെ ഉത്തരവാദികളാക്കണമെന്ന ആവശ്യവും സൗദി വിദേശ മന്ത്രാലയം ആവര്‍ത്തിച്ചു.
ഈ കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും ഉടനടി അവസാനിപ്പിക്കേണ്ടതും ഫലസ്തീന്‍ ജനതക്ക് സംരക്ഷണം നല്‍കേണ്ടതും 1967 ലെ അതിര്‍ത്തികളില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള അവരുടെ നിയമപരമായ അവകാശങ്ങള്‍ നിറവേറ്റേണ്ടതും അനിവാര്യമാണ്. പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള മാര്‍ഗം ഇതാണെന്നും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
നെതന്യാഹുവിന്റെ അപകടകരവും നിരുത്തരവാദപരവുമായ പ്രസ്താവനകളെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി ശക്തമായി അപലപിച്ചു. വംശീയ ഉന്മൂലനത്തിനുള്ള പരസ്യമായ ആഹ്വാനവും എല്ലാ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളുടെയും, മാനദണ്ഡങ്ങളുടെയും, നിയമങ്ങളുടെയും നഗ്‌നമായ ലംഘനവുമാണിതെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ പറഞ്ഞു.
പ്രാദേശികമായും അന്തര്‍ദേശീയമായും അസ്വീകാര്യമായ ഇത്തരം അപകടകരമായ പ്രസ്താവനകളും രീതികളും നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്താനും 1967 ലെ അതിര്‍ത്തികളില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്താനും ഇസ്രായില്‍ പിന്തുടരുന്ന ആക്രമണാത്മകതയെ വീണ്ടും തെളിയിക്കുന്നതായി അല്‍ബുദൈവി പറഞ്ഞു.
അന്താരാഷ്ട്ര സമൂഹം തങ്ങളുടെ നിയമപരവും മാനുഷികവുമായ ഉത്തരവാദിത്തങ്ങള്‍ അടിയന്തിരമായി ഏറ്റെടുത്ത് ഇസ്രായിലിന്റെ അപകടകരമായ രീതികളും പ്രസ്താവനകളും തടയാനും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നത് തടയാനും ഉറച്ചതും സത്വരവുമായ നടപടികള്‍ സ്വീകരിക്കണം. അറബ് സമാധാന സംരംഭത്തിന്റെയും യു.എന്‍ പ്രമേയങ്ങളുടെയും അടിസ്ഥാനത്തില്‍, ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ, പ്രത്യേകിച്ച് സ്വയം നിര്‍ണയാവകാശത്തിനും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുമുള്ള അവകാശത്തെ പിന്തുണക്കണമെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
റഫ ക്രോസിംഗിലൂടെ ഫലസ്തീനികളെ കുടിയിറക്കാനുള്ള ആഗ്രഹം സംബന്ധിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ പ്രസ്താവനകളെ ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം അപലപിച്ചു. ഫലസ്തീന്‍ പ്രശ്‌നം ഇല്ലാതാക്കുന്നതില്‍ ഈജിപ്ത് ഒരിക്കലും പങ്കാളിയാകില്ലെന്നും ഫലസ്തീനികളെ അവരുടെ വീടുകളില്‍ നിന്നും ദേശങ്ങളില്‍ നിന്നും നിര്‍ബന്ധിതമായി കുടിയിറക്കാനുള്ള കവാടമായി ഈജിപ്ത് മാറില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. നിര്‍ബന്ധിതമായോ സ്വമേധയായോ ഫലസ്തീനികളെ കുടിയിറക്കുന്നതിനെ ഈജിപ്ത് പൂര്‍ണമായും നിരാകരിക്കുന്നു. ഇസ്രായിലിന്റെ നടപടികള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഇത് വംശീയ ഉന്മൂലന കുറ്റകൃത്യങ്ങള്‍ക്ക് തുല്യമാണ്. ഫലസ്തീന്‍ ജനതക്ക് സംരക്ഷണം നല്‍കണമെന്നും കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെ വെസ്റ്റ് ബാങ്കിലും ഗാസയിലുമുള്ള അവരുടെ നിലനില്‍പിനെ പിന്തുണക്കണമെന്നും ഈജിപ്ത് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.