ജിദ്ദ – ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിലും ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിലും രക്ഷാ സമിതി തികഞ്ഞ പരാജയമാണെന്ന്, ഗാസ പ്രശ്‌നം വിശകനം ചെയ്യാന്‍ ചേര്‍ന്ന യു.എന്‍ രക്ഷാ സമിതി യോഗത്തില്‍ പങ്കെടുത്ത് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ സമാധാനത്തിനായി ഗൗരവത്തായ പങ്കാളിത്തം ആരംഭിക്കേണ്ട സമയമാണിത്. യു.എന്‍ രക്ഷാ സമിതിയില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഇനിയും അംഗീകരിക്കാത്ത ലോക രാജ്യങ്ങള്‍, വിശിഷ്യാ യു.എന്‍ രക്ഷാ സമിതി അംഗ രാജ്യങ്ങള്‍ ഇതിന് മുന്നോട്ടുവരണം. രക്ഷാ സമിതിയുടെ ശ്രദ്ധ ആവശ്യപ്പെടുന്ന പ്രതിസന്ധികളില്‍ മുന്‍പന്തിയിലാണ് ഫലസ്തീന്‍ പ്രശ്‌നം. ഫലസ്തീനില്‍ ഇസ്രായില്‍ ഗുരുതരമായ നിയമ ലംഘനങ്ങള്‍ തുടരുന്നു. മാനുഷിക സാഹചര്യങ്ങള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. പ്രതിസന്ധി നീട്ടിക്കൊണ്ടുപോകുന്നതിന്റെയും വിപുലീകരിക്കുന്നതിന്റെയും അപകടകരമായ പ്രത്യാഘാതങ്ങള്‍ വ്യക്തമായി കാണാന്‍ തുടങ്ങിയിരിക്കുന്നു.
ഈ അടിയന്തിര പ്രശ്‌നം രക്ഷാ സമിതിക്ക് മുമ്പാകെ ഞങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഗൗരവത്തായ നടപടികള്‍ രക്ഷാ സമിതിയുടെ ഭാഗത്തു നിന്നുണ്ടായില്ല. കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ രക്ഷാ സമിതിക്കു മുന്നില്‍ അവതരിപ്പിച്ച പത്തു പ്രമേയങ്ങളില്‍ ആറും വീറ്റോ ചെയ്തു. അംഗീകരിച്ച പ്രമേയങ്ങള്‍ തന്നെ വെടിനിര്‍ത്തല്‍ കൈവരിക്കുന്നതിലോ മാനുഷിക സാഹചര്യത്തെ അഭിസംബോധന ചെയ്യുന്നതിലോ സമാധാനത്തിലേക്കുള്ള വിശ്വസനീയമായ രാഷ്ട്രീയ പാതക്ക് വഴിയൊരുക്കുന്നതിലോ ഇതുവരെ വിജയിച്ചിട്ടില്ല. അന്താരാഷ്ട്ര സമവായവും രക്ഷാ സമിതിക്കുള്ളിലെ ഭിന്നതകളും തമ്മിലുള്ള വിടവ് വര്‍ധിച്ചുവരുന്നു. ഇത് രക്ഷാ സമിതിയുടെ പ്രകടനത്തെ തടസ്സപ്പെടുത്തുകയും ഫലങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.
വെടിനിര്‍ത്തലിന്റെ അടിയന്തിര ആവശ്യം, പ്രതിബന്ധങ്ങളില്ലാതെ റിലീഫ് വസ്തുക്കള്‍ എത്തിക്കല്‍, സ്വയം നിര്‍ണയത്തിനുള്ള ഫലസ്തീനികളുടെ അവകാശം എന്നീ അറബ് രാജ്യങ്ങളുടെ ആവശ്യം യു.എന്‍ ജനറല്‍ അസംബ്ലി തുടര്‍ച്ചയായ പ്രമേയങ്ങളിലൂടെ പ്രകടിപ്പിച്ചു.
സമാധാനം കൈവരിക്കാന്‍, അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് രക്ഷാ കൗണ്‍സിലിന്റെ ശാക്തീകരണവും തീരുമാനങ്ങള്‍ എടുക്കാനുള്ള ധൈര്യവും നടപ്പാക്കാനുള്ള പ്രതിബദ്ധതയും ആവശ്യമാണ്. ഈ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്തം രക്ഷാ സമിതിക്കുണ്ട്. എന്നാല്‍ രക്ഷാ സമിതി ചര്‍ച്ചകള്‍ രാഷ്ട്രീയ പരിഗണനകളെ ആശ്രയിച്ചിരിക്കുന്നു. ഇത് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് സെക്യൂരിറ്റി കൗണ്‍സിലിനെ തടയുന്നു.
ദ്വിരാഷ്ട്ര പരിഹാരത്തിന്റെ തത്വം പോലും അംഗീകരിക്കാന്‍ ഇസ്രായില്‍ വിസമ്മതിക്കുകയും സമാധാന സാധ്യതകളെ തകര്‍ക്കുന്ന ഏകപക്ഷീയമായ നടപടികള്‍ തുടരുകയും ചെയ്യുമ്പോള്‍ എന്ത് ചെയ്യുമെന്ന്, ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തിന് ചര്‍ച്ചകള്‍ക്ക് കാത്തിരിക്കണമെന്നും ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കരുതെന്നും ആവശ്യപ്പെടുന്നവര്‍ക്കുള്ള മറുപടിയായി സൗദി വിദേശ മന്ത്രി ആരാഞ്ഞു. ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായില്‍ അധിനിവേശം അവസാനിപ്പിക്കുകയും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതും, അനന്തമായ അക്രമം അവസാനിപ്പിക്കാനും ദുരിതം ഇല്ലാതാക്കാനും മേഖലാ സുരക്ഷയും സ്ഥിരതയും കൈവരിക്കാനുമുള്ള അടിസ്ഥാനമാണ് എന്ന് സൗദി അറേബ്യ വിശ്വസിക്കുന്നു.
ഇതുകൊണ്ടാണ് കാത്തിരിക്കാതെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കേണ്ടതിന്റെ ഉത്തരവാദിത്തം മനസ്സിലാക്കി അറബ്, ഇസ്‌ലാമിക് രാജ്യങ്ങളെയും യൂറോപ്യന്‍ യൂനിയനെയും നോര്‍വെയെയും ഉള്‍പ്പെടുത്തി ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാന്‍ അന്താരാഷ്ട്രത്തിന് സമാരംഭം കുറിച്ചത്.
യു.എന്നില്‍ ഫലസ്തീന്‍ പൂര്‍ണ അംഗത്വം നല്‍കാനുള്ള ജനറല്‍ അസംബ്ലി തീരുമാനത്തെയും ഫലസ്തീനിലെ ഇസ്രായില്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയതിനെയും സൗദി വിദേശ മന്ത്രി പ്രശംസിച്ചു. സ്വയം നിര്‍ണയത്തിനുള്ള ഫലസ്തീനികളുടെ അടിസ്ഥാന അവകാശം മാനിച്ച് കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967 ലെ അതിര്‍ത്തിയില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന നിലപാടില്‍ സൗദി അറേബ്യ ഉറച്ചുനില്‍ക്കുമെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.