ന്യൂയോര്‍ക്ക് – ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നിലപാടിനെ പ്രശംസിച്ച് സൗദി. മാക്രോണിന്റെ തീരുമാനം ചരിത്രപരമായ ധീരമായ നിലപാടാണെന്നാണ് സൗദി വിശേഷിപ്പിച്ചത്. ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടി ഫലസ്തീനിൽ നടക്കുന്ന വംശഹത്യക്ക് പരിഹാരം കണ്ടെത്തി സമാധാനം കൈവരിക്കാനുള്ള മാർഗമാണെന്നും വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ യു.എന്‍ ജനറല്‍ അസംബ്ലി ഹാളില്‍ സൗദി അറേബ്യയും ഫ്രാന്‍സും സംയുക്തമായി അധ്യക്ഷത വഹിച്ച് സംഘടിപ്പിച്ച ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍.
ഇസ്രായിലിന്റെ തുടര്‍ച്ചയായ ആക്രമണം, ഗാസ സഹോദരങ്ങള്‍ക്കെതിരെയുള്ള വംശഹത്യ , വെസ്റ്റ് ബാങ്കിലും വിശുദ്ധ ജറൂസലമിലും ഇസ്രായിൽ നടപ്പാക്കുന്ന നിയമ ലംഘനങ്ങള്‍, ഖത്തറിനെതിരെ നടത്തിയ ആക്രമണം അറബ്, ഇസ്‌ലാമിക രാജ്യങ്ങളുടെ പരമാധികാരത്തിനെതിരെയുള്ള ആക്രമണങ്ങള്‍ എന്നിവക്കെല്ലാം എതിരെയാണ് സമ്മേളനം നടക്കുന്നതെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കി.
ഫലസ്തീന്‍ ജനതയ്ക്ക് നീതി നല്‍കുന്നതിന് യു.എന്‍ അംഗീകരിച്ച പ്രമേയങ്ങള്‍ നിരവധി രാജ്യങ്ങൾ ശക്തമായ പിന്തുണ നല്‍കുന്നു എന്നത് ന്യൂയോര്‍ക്ക് പ്രഖ്യാപനം വ്യക്തമാക്കുന്നു. ഫ്രാന്‍സും മറ്റ് സമാധാന പിന്തുണയുള്ള രാജ്യങ്ങളുമൊത്ത് സഹകരിച്ച് ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് കിഴക്കന്‍ ജറൂസലമാണ് തലസ്ഥാനമായ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന ലക്ഷ്യവുമായി സൗദി അറേബ്യ ശക്തമായി മുന്നോട്ടു പോകുമെന്നും വിദേശമന്ത്രി വ്യക്തമാക്കി
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങള്‍ക്കും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ നന്ദി പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാത്ത രാജ്യങ്ങളും ഫലസ്തീന്‍ രാഷ്ട്രത്തെ എത്രയും വേഗം അംഗീകരിക്കണമെന്നും രാജകുമാരന്‍ അഭ്യർത്ഥിച്ചു.