വാഷിംഗ്ടണ്‍ – സുഡാനില്‍ മൂന്ന് മാസത്തെ മാനുഷിക വെടിനിര്‍ത്തലിനും തുടര്‍ന്ന് സ്ഥിരമായ വെടിനിര്‍ത്തലിനും സിവിലിയന്‍ ഭരണത്തിലേക്കുള്ള പ്രയാണത്തില്‍ ഒമ്പത് മാസത്തെ ഇടക്കാല ഭരണത്തിനും സൗദി അറേബ്യയും യു.എ.ഇയും ഈജിപ്തും അമേരിക്കയും സംയുക്തമായി ആഹ്വാനം ചെയ്തു. വിശാലമായ നിയമസാധുതയും ഉത്തരവാദിത്തവുമുള്ള സ്വതന്ത്ര, സിവിലിയന്‍ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സുഗമമായി സ്ഥാപിക്കാനുള്ള സുഡാന്‍ ജനതയുടെ അഭിലാഷങ്ങള്‍ ഇടക്കാല ഭരണകൂടം നിറവേറ്റണമെന്ന് അമേരിക്കന്‍ വിദേശ മന്ത്രാലയം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ നാല് രാജ്യങ്ങളും പറഞ്ഞു.
2023 ഏപ്രില്‍ മുതല്‍, മിക്ക രാഷ്ട്ര സ്ഥാപനങ്ങളിലും നിയന്ത്രണം നിലനിര്‍ത്തുന്ന സൈന്യവും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള യുദ്ധത്താല്‍ സുഡാന്‍ ഛിന്നഭിന്നമായി. സംഘര്‍ഷത്തില്‍ പതിനായിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യുകയും ലോകത്തെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധികളില്‍ ഒന്ന് സൃഷ്ടിക്കുകയും ചെയ്തു.
നിലവില്‍ യുദ്ധം ചെയ്യുന്ന ഒരു കക്ഷിയും നിയന്ത്രിക്കാത്ത, എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതും സുതാര്യവുമായ പരിവര്‍ത്തന പ്രക്രിയയിലൂടെ സുഡാന്‍ ജനതയാണ് സുഡാന്റെ ഭാവിഭരണം തീരുമാനിക്കേണ്ടതെന്ന് പ്രസ്താവന പറഞ്ഞു. ജൂലൈയില്‍ വാഷിംഗ്ടണില്‍ നടക്കേണ്ടിയിരുന്ന നാല് രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുടെ യോഗത്തിന് പകരമായാണ് പ്രസ്താവന പുറത്തിറക്കിയത്. ഈജിപ്തും യു.എ.ഇയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ആ യോഗം മാറ്റിവെക്കുകയായിരുന്നു.
സുഡാന്‍ സൈന്യത്തിന്റെ പ്രധാന സഖ്യകക്ഷിയായ ഈജിപ്ത്, രാഷ്ട്ര സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായി നിരന്തരം ആവശ്യപ്പെടുന്നു. റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിന് ആയുധങ്ങള്‍ വിതരണം ചെയ്തതായി യു.എ.ഇക്കെതിരെ വ്യാപകമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ വാദം യു.എ.ഇ നിഷേധിക്കുന്നു.
സൈന്യത്തെയും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിനെയും ഇടക്കാല ഭരണത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നേരത്തെ വിലക്കിയതിനെ ഈജിപ്ത് എതിര്‍ത്തതായി നയതന്ത്ര വൃത്തങ്ങള്‍ എ.എഫ്.പിയോട് പറഞ്ഞു. സുഡാനിലെ അടുത്ത സര്‍ക്കാരിനെ ജനങ്ങള്‍ തീരുമാനിക്കണമെന്ന് നിര്‍ദേശിച്ചും ഇരുപക്ഷത്തെയും കുറിച്ച് പ്രത്യേക പരാമര്‍ശം ഒഴിവാക്കിയും സംയുക്ത പ്രസ്താവനയിലെ അന്തിമ ഭാഷ ഒത്തുതീര്‍പ്പിനെ പ്രതിഫലിപ്പിക്കുന്നു. ഇടക്കാല ഭരണത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഭാഗമോ പ്രത്യക്ഷത്തില്‍ ബ്രദര്‍ഹുഡുമായി ബന്ധമുള്ളതോ ആയ അക്രമാസക്തമായ തീവ്രവാദ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തെയും സംയുക്ത പ്രസ്താവന വ്യക്തമായി ഒഴിവാക്കുന്നു.
സുഡാനിലെ സൈന്യവുമായി സഖ്യത്തിലുള്ള ധനമന്ത്രിയും മുതിര്‍ന്ന ഇസ്‌ലാമിസ്റ്റ് നേതാവുമായ ഗെബ്രിയേല്‍ ഇബ്രാഹിമിനും സൈന്യത്തോടൊപ്പം പോരാടുന്ന ഇസ്‌ലാമിക സായുധ സംഘമായ ബറാ ബിന്‍ മാലിക് ബ്രിഗേഡിനും എതിരെ വെള്ളിയാഴ്ച അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. പുറത്താക്കപ്പെട്ട പ്രസിഡന്റ് ഉമര്‍ അല്‍ബശീറിനു കീഴില്‍ മൂന്ന് പതിറ്റാണ്ടുകളായി സുഡാന്‍ രാഷ്ട്രീയത്തില്‍ ഇസ്‌ലാമിസ്റ്റുകള്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. യുദ്ധസമയത്ത് സൈന്യവുമായി സഖ്യമുണ്ടാക്കി അവര്‍ വീണ്ടും ഉയിര്‍ത്തെഴുന്നേക്കുന്നതിന് സുഡാന്‍ രാഷ്ട്രീയം സാക്ഷ്യംവഹിച്ചു.
സുഡാനിലെ ഇസ്‌ലാമിക സ്വാധീനം പരിമിതപ്പെടുത്താനും പ്രാദേശിക അസ്ഥിരതക്കും സംഘര്‍ഷത്തിനും സിവിലിയന്‍ കഷ്ടപ്പാടുകള്‍ക്കും കാരണമായ ഇറാന്റെ പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ കുറക്കാനും ഈ ഉപരോധങ്ങള്‍ ലക്ഷ്യമിടുന്നതായി യു.എസ് ട്രഷറി വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. സമാധാനത്തിനായി അന്താരാഷ്ട്ര ശ്രമങ്ങള്‍ നടത്തിയിട്ടും, യുദ്ധം ചെയ്യുന്ന വിഭാഗങ്ങള്‍ സമാധാന ശ്രമങ്ങളുമായി സഹകരിക്കാന്‍ തയാറാണോ എന്ന് വ്യക്തമല്ല.
ജൂണില്‍, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വടക്കന്‍ ദാര്‍ഫുറിന്റെ ഉപരോധിക്കപ്പെട്ട തലസ്ഥാനമായ അല്‍ഫാഷറില്‍ ഒരാഴ്ചത്തെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു. ഇത് സൈന്യം സമ്മതിച്ചെങ്കിലും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് നിരാകരിച്ചു. പൂര്‍ണ സൈനിക വിജയം നേടുന്നതുവരെ പോരാട്ടം തുടരുമെന്ന് ഇരുപക്ഷവും ആവര്‍ത്തിച്ച് വ്യക്തമാക്കി.
സുഡാന്റെ കിഴക്ക്, വടക്ക്, മധ്യഭാഗങ്ങള്‍ നിലവില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. തെക്കു ഭാഗങ്ങളും പടിഞ്ഞാറന്‍ ദാര്‍ഫുര്‍ പ്രവിശ്യയുടെ ഏതാണ്ട് മുഴുവന്‍ ഭാഗങ്ങളും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിന്റെ കൈവശത്തിലാണ്. പടിഞ്ഞാറന്‍ ദാര്‍ഫുര്‍ പ്രവിശ്യയില്‍ ആര്‍.എസ്.എഫ് അടുത്തിടെ സമാന്തര ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഇത് രാജ്യത്തിന്റെ വിഘടനത്തെ കുറിച്ചുള്ള ആശങ്കകള്‍ക്ക് ആക്കം കൂട്ടി. സംഘര്‍ഷത്തിന് പ്രായോഗികമായ ഒരു സൈനിക പരിഹാരവുമില്ലെന്നും, നിലവിലെ സ്ഥിതി സമാധാനത്തിനും സുരക്ഷക്കും അസ്വീകാര്യമായ അപകടസാധ്യതകളും കഷ്ടപ്പാടുകളും സൃഷ്ടിക്കുന്നതായും സംയുക്ത പ്രസ്താവനയില്‍ നാലു രാജ്യങ്ങളും പറഞ്ഞു.