മോസ്കോ: റഷ്യയുടെ കിഴക്കേ അറ്റത്ത് മഞ്ഞുമൂടിക്കിടക്കുന്ന ഒഖോത്സ്ക് കടലിൽ ദിശതെറ്റി രണ്ടു മാസത്തിലേറെ കാലം ഒരു ചെറിയ ഡിഗ്ഗി ബോട്ടിൽ അലഞ്ഞു തിരിയുകയായിരുന്ന 46കാരനെ രക്ഷപ്പെടുത്തി. റഷ്യക്കാരനായ മിഖായിൽ പിഷുഗിൻ ആണ് ജീവൻ തിരികെ ലഭിച്ചത്. കൂടെ ബോട്ടിലുണ്ടായിരുന്ന 49കാരൻ സഹോദരനും 15കാരനായ മരുമകനും മരിച്ചു. ഇവരുടെ മൃതദേഹങ്ങളും ബോട്ടിൽ നിന്ന് ലഭിച്ചു. മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നവരാണ് ഇവരെ യാദൃച്ഛികമായി കണ്ടെത്തിയത്. കാറ്റു നിറച്ച ചെറിയ ബോട്ടിൽ വേണ്ടത്ര മുൻകരുതലില്ലാതെയാണ് മൂവർ സംഘം കടലിൽ പോയിരുന്നത്.
റഷ്യയേയും ജപ്പാനേയും വേർത്തിരിക്കുന്ന ഒഖോത്സ്ക് കടലിലെ (Sea of Okhotsk) വടക്കുപടിഞ്ഞാറൻ തീരത്തെ ഷാന്റർ ദ്വീപ് ലക്ഷ്യമാക്കി തിമിംഗലങ്ങളെ കാണാൻ പോയതായിരുന്നു ഇവരെന്ന് റിപോർട്ടുകൾ പറയുന്നു. ഖബറോവ്സ്ക് മേഖലയിലെ കേപ് പെറോവ്സ്കിയിൽ നിന്ന് സഖലിൻ ദ്വീപിലേക്കുള്ള വഴിമധ്യേയാണ് ഓഗസ്റ്റ് 9ന് ഇവരെ കാണാതായത്. ബോട്ടിലെ ചെറുഎഞ്ചിന് കേടുപാട് സംഭവിക്കുമ്പോൾ ഇവരുടെ പക്കൽ അൽപ്പം ഭക്ഷണവും 20 ലീറ്റർ കുടിവെള്ളവും മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ദിശതെറ്റി കടലിൽ ഒഴുകി നടക്കുകയായിരുന്നു.
മത്സ്യബന്ധന ബോട്ടിലുള്ളവർ ഇവരെ കണ്ടെത്തുമ്പോൾ ഇവർ പുറപ്പെട്ടിടത്തു നിന്നും ഏകദേശം ആയിരം കിലോമീറ്ററോളം അകലെയായിരുന്നു. ജപ്പാനു വടക്കായി കംചത്ക തീരത്ത് നിന്നും 11 നോട്ടിക്കൽ മൈൽ ദൂരത്തിലായിരുന്നു അപ്പോൾ. ഇതുവഴി കടന്നു പോയ മത്സ്യബന്ധന ബോട്ടിലെ റഡാറിൽ രാത്രി സമയത്താണ് മിഖായിലിന്റെ ബോട്ട് കാണുന്നത്.
ആദ്യം ബോയയോ മാലിന്യക്കൂട്ടമോ ആയിരിക്കാമെന്നാണ് കരുതിയത്. പിന്നീട് ഇതു കണ്ട ഇടത്തേക്ക് സ്പോട്ട്ലൈറ്റ് അടിച്ചപ്പോഴാണ് ചെറുബോട്ടിൽ ഒരാളെ കണ്ട് മത്സ്യബന്ധന ബോട്ടിലുള്ളവർ ഞെട്ടി. ലൈഫ് ജാക്കറ്റണിഞ്ഞ മിഖായിൽ അടുത്തു വരൂ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. രക്ഷപ്പെടുത്തുമ്പോൾ തീർത്തും അവശനായിരുന്നു. ബോട്ട് പരിശോധിച്ചപ്പോഴാണ് സഹയാത്രികരായിരുന്ന രണ്ടു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടത്. സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.