മോസ്കോ: ഇന്ത്യയും യുറേഷ്യൻ ഇക്കണോമിക് യൂണിയനും (ഇ.എ.ഇ.യു- അർമേനിയ, ബെലാറസ്, കസാഖ്സ്താൻ, കിർഗിസ് റിപ്പബ്ലിക്, റഷ്യൻ ഫെഡറേഷൻ എന്നിവ ഉൾപ്പെടുന്ന അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ) സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ ആരംഭിക്കുന്നതിനുള്ള നീക്കം തുടങ്ങി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി അജയ് ഭാദു, യുറേഷ്യൻ ഇക്കണോമിക് കമ്മിഷൻ (ഇ.ഇ.സി) ട്രേഡ് പോളിസി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മിഖായേൽ ചെറെകേവ് എന്നിവർ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവച്ചു.
അജയ് ഭാദു, ഇ.ഇ.സിയുടെ വ്യാപാര വിഷയങ്ങളുടെ ചുമതലയുള്ള മന്ത്രി ആന്ദ്രേയ് സ്ലെപ്നേവിനെ സന്ദർശിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. കരാർ ഒപ്പുവച്ചതിന്റെ പ്രാധാന്യവും ഭാവി വ്യാപാര കരാറിന്റെ സംഘടനാപരമായ വശങ്ങൾ ഉൾപ്പെടെ ചർച്ചകൾ ആരംഭിക്കുന്നതിനുള്ള അടുത്ത ഘട്ടങ്ങളെക്കുറിച്ചും ഇരുപക്ഷത്തെയും പ്രതിനിധികൾ മന്ത്രിയെ അറിയിച്ചു. 2024-ൽ ഇന്ത്യയും ഇ.എ.ഇ.യുവും തമ്മിലുള്ള വ്യാപാരം 69 ബില്യൺ യു.എസ് ഡോളറായിരുന്നു, 2023-നെ അപേക്ഷിച്ച് 7 ശതമാനം വർധനവ് രേഖപ്പെടുത്തി.
6.5 ട്രില്യൺ യു.എസ് ഡോളറിന്റെ സംയുക്ത ജി.ഡി.പിയുള്ള ഇന്ത്യ-ഇ.എ.ഇ.യു എഫ്.ടി.എ, ഇന്ത്യൻ കയറ്റുമതിക്കാർക്ക് വിപണി പ്രവേശനം വിപുലീകരിക്കുകയും പുതിയ മേഖലകളിലേക്കും ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളിലേക്കും വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് വിപണനേതര സമ്പദ്‌വ്യവസ്ഥകൾക്കെതിരായ മത്സരശേഷി വർധിപ്പിക്കുകയും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഗണ്യമായ നേട്ടങ്ങൾ നൽകുകയും ചെയ്യുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
കരാർ വ്യാപാര സാധ്യതകൾ തുറക്കുകയും നിക്ഷേപ വർധനവിന് വഴിയൊരുക്കുകയും ശക്തമായ ഇന്ത്യ-ഇ.എ.ഇ.യു സാമ്പത്തിക പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്യും. ഇരുപക്ഷവും കരാർ നേരത്തെ പൂർത്തിയാക്കാനും ദീർഘകാല വ്യാപാര സഹകരണ ചട്ടക്കൂട് കെട്ടിപ്പടുക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യ അഞ്ച് പ്രധാന എഫ്.ടി.എ കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്: 2021-ൽ ഇന്ത്യ-മൗറീഷ്യസ് സമഗ്ര സാമ്പത്തിക സഹകരണ പങ്കാളിത്ത കരാർ (സി.ഇ.സി.പി.എ), 2022-ൽ ഇന്ത്യ-യു.എ.ഇ, ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാറുകൾ, 2024-ൽ ഇന്ത്യ-യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ (ഇ.എഫ്.ടി.എ) വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാർ, 2025-ൽ ഇന്ത്യ-യു.കെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ എന്നിവയാണവ.
അതേസമയം ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകൾ പൂർത്തിയായി, കൂടാതെ ഇന്ത്യ-യൂറോപ്യൻ യൂണിയൻ, ഇന്ത്യ-ഓസ്‌ട്രേലിയ, ഇന്ത്യ-ശ്രീലങ്ക, ഇന്ത്യ-പെറു, ഇന്ത്യ-ചിലി, ഇന്ത്യ-ന്യൂസിലാൻഡ് എഫ്.ടി.എകൾ, യു.എസുമായുള്ള ഉഭയകക്ഷി വ്യാപാര കരാർ എന്നിവയിൽ ചർച്ചകൾ പുരോഗമിക്കുന്നു. കൂടാതെ, ആസിയാന്‍-ഇന്ത്യ വ്യാപാര ചരക്ക് കരാര്‍ (2009), ഇന്ത്യ-കൊറിയ സി.ഇ.പി.എ (2009) തുടങ്ങിയ പഴയ വ്യാപാര കരാറുകള്‍ ഇന്ത്യ പുനഃപരിശോധിക്കുകയും നവീകരിക്കുകയും ചെയ്യാന്‍ തീരുമാനിച്ചു.