ന്യൂയോർക്ക്- അമേരിക്കൻ മാധ്യമ വ്യവസായത്തിലെ ചക്രവർത്തി എന്നറിയിപ്പെടുന്ന റൂപർട്ട് മർഡോക്ക് തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിൽ അഞ്ചാമതും വിവാഹിതനായി. റഷ്യൻ വംശജയായ എലീന സുക്കോവ(67)യാണ് വധു. മോളിക്യുലാർ ബയോളജിസ്റ്റായി വിരമിച്ചയാളാണ് എലീന സുക്കോവ. കാലിഫോർണിയയിൽ മർഡോകിന്റെ ഉടമസ്ഥതയിലുള്ള മുന്തിരിത്തോട്ടത്തിലായിരുന്നു വിവാഹം. മർഡോകിന്റെ മാധ്യമ കമ്പനിയായ ന്യൂസ് കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള പത്രങ്ങളാണ് വിവാഹ വാർത്ത പുറത്തുവിട്ടത്.
ഓസ്ട്രേലിയൻ വംശജനായ റൂപർട്ട് മർഡോക്ക് മോഡലും നടിയുമായ ജെറി ഹാളിനെ 2016 ൽ വിവാഹം ചെയ്തിരുന്നു. 2022 ൽ അവർ വേർപിരിഞ്ഞു. റഷ്യൻ ശതകോടീശ്വരനും ഊർജ്ജ മേഖലയിൽ നിക്ഷേപം നടത്തുന്ന രാഷ്ട്രീയക്കാരനുമായ അലക്സാണ്ടർ സുക്കോവിൻ്റെ മുൻ ഭാര്യയാണ് എലീന സുക്കോവ.
മാതൃ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫോക്‌സ് ന്യൂസിൻ്റെയും മീഡിയ ഹോൾഡിംഗുകളുടെയും ചെയർമാൻ സ്ഥാനം മർഡോക്ക് ഒഴിഞ്ഞിരുന്നു. പകരം അദ്ദേഹത്തിന്റെ രണ്ടു ആൺമക്കൾ ഈ സ്ഥാനം ഏറ്റെടുത്തു.
1952-ലാണ് മർഡോക്ക് മാധ്യമമേഖലയിലേക്ക് കടന്നുവരുന്നത്. ഓസ്‌ട്രേലിയയിൽ തൻ്റെ പിതാവിൽ നിന്ന് പാരമ്പര്യമായി കിട്ടിയ പത്രത്തിലൂടെയായിരുന്നു അത്. ആ വളർച്ച പിന്നീട് “ടൈംസ് ഓഫ് ലണ്ടൻ” “ദി വാൾ സ്ട്രീറ്റ് ജേർണൽ എന്നീ മാധ്യമങ്ങളുടെ ഉടമാവകാശം ലഭിക്കുന്നത് വരെ എത്തി. 1996-ൽ മർഡോക്കിൻ്റെ കീഴിൽ സ്ഥാപിതമായ ഫോക്സ് ന്യൂസ് ചാനൽ അമേരിക്കയിലെ മുൻ നിര മാധ്യമമായി വളർന്നു.