തെല്‍അവീവ് – കഴിഞ്ഞ വര്‍ഷം സ്‌ഡെ ടെയ്മാന്‍ സൈനിക താവളത്തിലെ തടങ്കല്‍ കേന്ദ്രത്തില്‍ ഇസ്രായില്‍ സൈനികര്‍ ഒരു ഫലസ്തീന്‍ തടവുകാരനെ ശാരീരികമായും ലൈംഗികമായും ആക്രമിക്കുന്നതിന്റെ വീഡിയോ ചോര്‍ത്തിയതിന് കുറ്റാരോപിതരായ ഏതാനും ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കുമെതിരെ വ്യാഴാഴ്ച ക്രിമിനല്‍ അന്വേഷണങ്ങള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് ഇസ്രായില്‍ സൈന്യം വലിയ ആഭ്യന്തര കോളിളക്കം നേരിടുന്നു.
ചീഫ് മിലിട്ടറി പ്രോസിക്യൂട്ടര്‍ മേജര്‍ ജനറല്‍ യിഫത്ത് ടോമര്‍ യെരുഷാല്‍മി ഉള്‍പ്പെടെ സൈനിക പ്രോസിക്യൂഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിടുന്നു. കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതുവരെ മേജര്‍ ജനറല്‍ യിഫത്ത് ടോമര്‍ യെരുഷാല്‍മിയെ ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സാമിര്‍ താല്‍ക്കാലിക അവധിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മിലിട്ടറി പ്രോസിക്യൂട്ടറുടെ അഭ്യര്‍ഥന മാനിച്ചാണ് അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ അവരെ അവധിയില്‍ പ്രവേശിപ്പിച്ചതെന്ന് സൈനിക പ്രസ്താവന സൂചിപ്പിച്ചു. വീഡിയോ ചോര്‍ച്ചയില്‍ യെരുഷാല്‍മിയുടെ പങ്കാളിത്തം സൂചിപ്പിക്കുന്ന ഗണ്യമായ തെളിവുകള്‍ ഉണ്ടെന്ന് സര്‍ക്കാരിനോട് അടുത്ത സൈനിക, രാഷ്ട്രീയ വൃത്തങ്ങള്‍ പറഞ്ഞു. വീഡിയോ ചോര്‍ത്തുന്നതിനെ കുറിച്ച് അവര്‍ക്ക് അറിയാമായിരുന്നുവെന്നും വീഡിയോ ചോര്‍ത്താന്‍ അവര്‍ തന്നെയാകാം മുന്നിട്ടിറങ്ങിയതെന്നും സൈനിക, രാഷ്ട്രീയ വൃത്തങ്ങള്‍ പറഞ്ഞു. അതിനാല്‍, അവരെ വിവേകപൂര്‍വ്വം സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പ്രോസിക്യൂട്ടറെ ചോദ്യം ചെയ്യാനുള്ള സാധ്യത ബന്ധപ്പെട്ട വൃത്തങ്ങള്‍ തള്ളിക്കളഞ്ഞില്ല. ഇതിനര്‍ഥം അവരെ പ്രതിയാക്കുന്ന തെളിവുകളുണ്ടെന്നാണ്. ഡെപ്യൂട്ടി പ്രോസിക്യൂട്ടറെ ആക്ടിംഗ് പ്രോസിക്യൂട്ടറായി നിയമിക്കേണ്ടതില്ലെന്നും ഇയാല്‍ സാമിര്‍ തീരുമാനിച്ചു. കാരണം അദ്ദേഹവും സംശയത്തിന്റെ നിഴലിലാണ്.
മിലിട്ടറി പ്രോസിക്യൂട്ടറുമായി അടുപ്പമുള്ള ആളുകള്‍ വീഡിയോ ചോര്‍ത്തിയതാണ് സംശയത്തിന് കാരണമെന്ന് നിയമ നിര്‍വ്വഹണ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായിലി മാധ്യമങ്ങള്‍ പറഞ്ഞു. അറ്റോര്‍ണി ജനറല്‍ ഗാലി ബഹറോവ്-മീരയുടെ അറിവോടെയും അംഗീകാരത്തോടെയുമാണ് മിലിട്ടറി പ്രോസിക്യൂട്ടര്‍ അടക്കമുള്ളവര്‍ക്കെതിരെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്. ഇത് ശക്തമായ സംശയങ്ങള്‍ സൂചിപ്പിക്കുന്നു.
പ്രോസിക്യൂട്ടറെ അനിശ്ചിതകാല അവധിയില്‍ പ്രവേശിപ്പിച്ചതിനെ കുറിച്ച് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് ആഘോഷപരമായ പരാമര്‍ശങ്ങള്‍ നടത്തി. ചോര്‍ച്ചയെ കുറിച്ചുള്ള അന്വേഷണം തുടരുന്നിടത്തോളം കാലം അവര്‍ തന്റെ സ്ഥാനത്തേക്ക് മടങ്ങില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായിലിനകത്തും പുറത്തും ഇസ്രായില്‍ സൈനികര്‍ക്കെതിരെ ഗുരുതരമായ അപകീര്‍ത്തി സൃഷ്ടിച്ചതിനാല്‍ കേസ് വളരെ ഗുരുതരമാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
ഈ വിഷയത്തിന്റെ കാതലായ പ്രശ്നമായ ഫലസ്തീന്‍ തടവുകാരെ പീഡിപ്പിച്ച സംഭവം ഇസ്രായില്‍ സര്‍ക്കാരും സൈനിക നേതാക്കളും മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. ഹമാസ് എലൈറ്റ് കൊലയാളികള്‍ എന്ന് മുദ്രകുത്തപ്പെടുകയും ഒക്ടോബര്‍ ഏഴിന് ഇസ്രായിലി നഗരങ്ങളില്‍ ആക്രമണം നടത്തിയതായി ആരോപിക്കപ്പെടുകയും ചെയ്യുന്ന ആയിരക്കണക്കിന് ഫലസ്തീന്‍ തടവുകാര്‍ തിങ്ങിനിറഞ്ഞ ഇസ്രായിലി തടങ്കല്‍ ക്യാമ്പിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ച. ഈ തടവുകാരില്‍ പലരും ഹമാസുമായോ അവരുടെ ആക്രമണവുമായോ യാതൊരു ബന്ധവുമില്ലാത്ത സാധാരണക്കാരാണെന്ന് വ്യക്തമായി. ചോര്‍ന്ന വീഡിയോയില്‍ പീഡനത്തിനിരയായത് പ്രാദേശിക പോലീസുകാരനാണെന്ന് തെളിഞ്ഞു. യുദ്ധസമയത്ത് തടവുകാരെ സംരക്ഷിക്കുക എന്ന ദൗത്യമുള്ള ഫോഴ്സ് 100 ലെ ഗാര്‍ഡുകളും അംഗങ്ങളും അദ്ദേഹത്തെ ക്രൂരമായി ആക്രമിച്ചു. ഫലസ്തീനികളെ പീഡിപ്പിച്ച 11 സൈനികരെ മിലിട്ടറി പോലീസ് അറസ്റ്റ് ചെയ്തതായും അവര്‍ നടത്തിയ കുറ്റകൃത്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിയതായും കണ്ടെത്തിയതിനെ തുടര്‍ന്ന് ആ സമയത്ത് വലതുപക്ഷ മന്ത്രിമാരുടെയും പാര്‍ലമെന്റ് അംഗങ്ങളുടെയും ഒരു സംഘം സ്‌ഡെ ടെയ്മാന്‍ ക്യാമ്പിന് മുന്നില്‍ പ്രകടനം നടത്തി ക്യാമ്പ് ആക്രമിച്ച് ഗാര്‍ഡുകളെ ഉപദ്രവിച്ചു. വിവരങ്ങള്‍ ചോര്‍ത്തിയവര്‍ വാസ്തവത്തില്‍, ഈ വലതുപക്ഷ ആക്രമണത്തെ ചെറുക്കാനും ഫലസ്തീന്‍ തടവുകാരെ പീഡിപ്പിച്ച സൈനികരെ ശിക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നത് ഇസ്രായിലിനെതിരെ യുദ്ധക്കുറ്റങ്ങള്‍ ചെയ്തുവെന്ന അന്താരാഷ്ട്ര ആരോപണങ്ങളെ ശക്തിപ്പെടുത്തുമെന്നും തെളിയിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ തീവ്രവലതുപക്ഷം അത് കാര്യമാക്കുന്നില്ല. ആ പീഡന സംഘങ്ങളെ പ്രതിരോധിക്കുന്നതിന്റെ മറവില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യുക എന്നതാണ് അവര്‍ക്ക് പ്രധാനം.
ഫലസ്തീന്‍ തടവുകാരനെ പീഡിപ്പിക്കുന്നതിന്റെ വിശദാംശങ്ങള്‍ വെറുപ്പുളവാക്കുന്ന ചിത്രം നല്‍കുന്നതായി ഇസ്രായില്‍ പത്രമായ ഹാരെറ്റ്‌സിന്റെ സൈനിക ലേഖകന്‍ ആമോസ് ഹാരെല്‍ പറഞ്ഞു. ആരോപണങ്ങള്‍ ഇതുവരെ നിരാകരിക്കപ്പെട്ടിട്ടില്ല. യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇസ്രായില്‍ സൈനിക കേന്ദ്രങ്ങളിലും ജയിലുകളിലും നിലനില്‍ക്കുന്ന കഠിനമായ തടങ്കല്‍ സാഹചര്യങ്ങളെ കുറിച്ച് വളരെ പരിമിതമായ അന്വേഷണങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ. അന്വേഷണ ഫലങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പീഡനങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ അച്ചടക്ക നടപടികളോ ക്രിമിനല്‍ നടപടികളോ സ്വീകരിച്ചിട്ടില്ല. തടവുകാരില്‍ നിന്നുള്ള വേദനാജനകമായ സാക്ഷ്യങ്ങളും ഇസ്രായിലിനെതിരെ അന്താരാഷ്ട്ര സംഘടനകളുടെ കടുത്ത റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നിട്ടും ഇത് സംഭവിക്കുന്നതായി ആമോസ് ഹാരെല്‍ പറഞ്ഞു. യുദ്ധത്തിന്റെ തുടക്കം മുതല്‍ 80 ഫലസ്തീന്‍ തടവുകാര്‍ ഇസ്രായിലി ജയിലുകളില്‍ മരിച്ചതായും പലരും സംശയാസ്പദമായ സാഹചര്യങ്ങളിലാണ് മരിച്ചതെന്നും ഫലസ്തീനികള്‍ പറയുന്നു.
സ്‌ഡെ ടെയ്മാന്‍, അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ഒരു ക്രൂരമായ പീഡന ക്യാമ്പാണെന്ന് സ്‌ഡെ ടെയ്മാനില്‍ സേവനമനുഷ്ഠിച്ച റിസര്‍വ് സൈനികന്‍ കഴിഞ്ഞ മെയ് മാസത്തില്‍ ഹാരെറ്റ്‌സില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. തടവുകാര്‍ ജീവനോടെ അകത്തുകടന്ന് മൃതദേഹങ്ങളായി പുറത്തേക്ക് പോയി. തടവുകാരന്റെ മലാശയത്തില്‍ ഒരു വസ്തു തിരുകിയോ ഇല്ലയോ എന്ന് പരിശോധിക്കുന്നത് അടക്കം നമ്മള്‍ അവിടെ നരകം സൃഷ്ടിച്ചു. ഈ നരകത്തിന് ഞാന്‍ സാക്ഷിയായി. യുദ്ധത്തില്‍ പരിക്കേറ്റ് ഈ ജയിലില്‍ പ്രവേശിക്കുന്ന ആളുകള്‍ക്ക് വൈദ്യചികിത്സ നല്‍കാതെ ആഴ്ചകളോളം പട്ടിണിക്കിടുന്നത് ഞാന്‍ കണ്ടു. ടോയ്ലറ്റ് ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ അവര്‍ സ്വയം ദേഹത്ത് മൂത്രമൊഴിക്കുന്നത് ഞാന്‍ കണ്ടു. അവരില്‍ പലരും ഹമാസ് അംഗങ്ങളായിരുന്നില്ല. ചോദ്യം ചെയ്യലിനായി തടവിലാക്കപ്പെട്ട സാധാരണക്കാരായ ഗാസ നിവാസികള്‍ മാത്രമായിരുന്നു. കഠിനമായ പീഡനങ്ങള്‍ക്കു ശേഷം നിരപരാധിത്വം തെളിയിക്കപ്പെട്ടപ്പോള്‍ അവരെ വിട്ടയച്ചു. അവിടെ ആളുകള്‍ മരിക്കുന്നതില്‍ അതിശയിക്കാനില്ല. ചിലര്‍ക്ക് അതിജീവിക്കാന്‍ കഴിയുന്നു എന്നതാണ് അതിശയകരമെന്ന് റിസര്‍വ് സൈനികന്‍ ലേഖനത്തില്‍ പറഞ്ഞു.



