ഗാസ– 2023 ഒക്ടോബര്‍ മുതല്‍ ഇസ്രായിലി തടങ്കല്‍ കേന്ദ്രങ്ങളില്‍ തടവിലാക്കപ്പെട്ട ഫലസ്തീന്‍ തടവുകാരെ സന്ദര്‍ശിക്കാന്‍ തങ്ങളുടെ ടീമുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി അറിയിച്ചു. ഈ കാലയളവില്‍ തടവുകാരെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിട്ടില്ലെന്ന് റെഡ് ക്രോസ് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമമനുസരിച്ച്, ഫലസ്തീന്‍ തടവുകാര്‍ക്ക് എന്ത് സംഭവിച്ചു എന്നതിനെയും അവരെ പാര്‍പ്പിച്ച സ്ഥലങ്ങളും ഇസ്രായില്‍ അറിയിക്കുകയും മാനുഷിക ദൗത്യം നിര്‍വഹിക്കാന്‍ തങ്ങളെ അനുവദിക്കേണ്ടതുമുണ്ട്. തടവുകാര്‍ക്ക് മാനുഷികമായ പെരുമാറ്റം ഉറപ്പാക്കുക, അവര്‍ക്ക് മാന്യമായ തടങ്കല്‍ സാഹചര്യങ്ങള്‍ നല്‍കുക, കുടുംബങ്ങളുമായി ആശയവിനിമയം നടത്താന്‍ അവരെ അനുവദിക്കുക എന്നിവ പ്രധാനമാണ്. തടവിലാക്കപ്പെട്ട ബന്ധുക്കളുടെ അവസ്ഥയെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ക്കായി കാത്തിരിക്കുന്ന നിരവധി ഫലസ്തീന്‍ കുടുംബങ്ങള്‍ അങ്ങേയറ്റം ഉത്കണ്ഠാകുലരാണ്. എല്ലാ ഫലസ്തീന്‍ തടവുകാരെയും സന്ദര്‍ശിക്കുന്നത് പുനരാരംഭിക്കുക എന്ന ലക്ഷ്യത്തോടെ, ഇസ്രായില്‍ അധികൃതരുമായി തങ്ങള്‍ സംഭാഷണം തുടരുകയാണെന്ന് റെഡ് ക്രോസ് കമ്മിറ്റി വ്യക്തമാക്കി.
അതിനിടെ, തെക്കന്‍ ഗാസയിലെ കറം അബൂസാലിം ക്രോസിംഗ് വഴി മോചിപ്പിക്കപ്പെട്ട 10 ഫലസ്തീന്‍ തടവുകാരെ മധ്യ ഗാസ മുനമ്പിലെ അല്‍അഖ്സ ആശുപത്രിയിലേക്ക് മാറ്റാന്‍ സൗകര്യമൊരുക്കിയതായി ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തു. കുടുംബങ്ങളുമായി ബന്ധപ്പെടാനും അവരുമായി വീണ്ടും ഒന്നിക്കാനും ഇവരെ സഹായിച്ചതായും റെഡ് ക്രോസ് കമ്മിറ്റി പറഞ്ഞു. ഫലസ്തീന്‍ പ്രിസണേഴ്സ് ക്ലബ്ബിന്റെ കണക്കനുസരിച്ച്, 49 സ്ത്രീകള്‍, 350 കുട്ടികള്‍, ഏകദേശം 3,350 അഡ്മിനിസ്‌ട്രേറ്റീവ് തടവുകാര്‍ എന്നിവരുള്‍പ്പെടെ 9300 ലേറെ ഫലസ്തീനികള്‍ നിലവില്‍ ഇസ്രായിലി ജയിലുകളിലുണ്ട്.



