കാബൂൾ– നീണ്ട കാലത്തെ വരൾച്ചയ്ക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ പെയ്ത കനത്ത മഴയിലും മഞ്ഞുവീഴ്ചയിലുമുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം 17 പേർ മരിച്ചു. പത്തിലധികം പേർക്ക് പരിക്കേറ്റ് ചികിത്സയിലാണ്.
ഹെറാത്ത് പ്രവിശ്യയിലെ കബ്‌കാൻ ജില്ലയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണാണ് ഒരു കുടുംബത്തിലെ രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചത്. പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത് മധ്യ, വടക്കൻ, പടിഞ്ഞാറൻ മേഖലകളിലാണ്. 1,800 ഓളം കുടുംബങ്ങളെ ഈ ദുരന്തം നേരിട്ട് ബാധിച്ചതായി അഫ്ഗാൻ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. മഴയിലും വെള്ളപ്പൊക്കത്തിലും നൂറുകണക്കിന് വീടുകൾ പൂർണ്ണമായും തകർന്നു. കൃഷിയിടങ്ങളും റോഡുകളും ഒലിച്ചുപോവുകയും നിരവധി കന്നുകാലികളും ചത്തു. ഉൾനാടൻ ഗ്രാമങ്ങളിലെ പലരും പുറംലോകവുമായി ബന്ധപ്പെടാനാകാതെ കുടുങ്ങിയിരിക്കുകയാണ്.
വരും ദിവസങ്ങളിലും മഴ തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം അറിയിച്ചു. കാലാവസ്ഥാ വ്യതിയാനവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. പ്രളയബാധിതർക്ക് അടിയന്തര സഹായമെത്തിക്കാൻ സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്.



