ഗാസ – യാത്രക്കാരുടെ സഞ്ചാരത്തിനായി ഗാസക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിര്‍ത്തി ക്രോസിംഗ് ഇന്ന് ഇസ്രായില്‍ വീണ്ടും തുറന്നു. ഫലസ്തീനികള്‍ക്ക് ഗാസ വിട്ടുപോകാനും ഇസ്രായിലി ആക്രമണത്തില്‍ നിന്ന് പലായനം ചെയ്തവര്‍ക്ക് തിരികെ വരാനും ഇത് അവസരമൊരുക്കും. റഫ ക്രോസിംഗ് പരിമിതമായ നിലക്കാണ് പ്രവര്‍ത്തിക്കുക. കൂടാതെ റഫ ക്രോസിംഗ് വഴി ഫലസ്തീനികള്‍ ഗാസയില്‍ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും ശക്തമായ സുരക്ഷാ പരിശോധനകള്‍ വേണമെന്നും ഇസ്രായില്‍ ആവശ്യപ്പെടുന്നുണ്ട്.
ഗാസ യുദ്ധം ആരംഭിച്ച് ഏകദേശം ഒമ്പത് മാസങ്ങള്‍ക്ക് ശേഷം, 2024 മെയ് മാസത്തില്‍ റഫ അതിര്‍ത്തി ക്രോസിംഗിന്റെ നിയന്ത്രണം ഇസ്രായില്‍ പിടിച്ചെടുക്കുകയായിരുന്നു. ഒക്ടോബറില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് യുദ്ധം അവസാനിച്ചു. ഇസ്രായിലും ഹമാസും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ വിശാലമായ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ റഫ ക്രാസിംഗ് വീണ്ടും തുറക്കുക എന്നത് ഒരു പ്രധാന ആവശ്യമായിരുന്നു..
യൂറോപ്യന്‍ യൂണിയന്‍ ബോര്‍ഡര്‍ അസിസ്റ്റന്‍സ് മിഷന്‍ ടീമുകള്‍ എത്തിയശേഷം, ഈ നിമിഷം മുതല്‍ റഫ ക്രോസിംഗ് ഇപ്പോള്‍ ആളുകളുടെ അകത്തേക്കും പുറത്തേക്കും ഉള്ള ചലനത്തിനായി തുറന്നിരിക്കുന്നതായി ഇസ്രായിലി സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. 50 രോഗികളുള്‍പ്പെടെ 150 പേര്‍ ഗാസ മുനമ്പില്‍ നിന്ന് പുറത്തുപോകുമെന്നും 50 പേരെ ഗാസയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുമെന്നും ഇസ്രായിലി പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനു കീഴിലെ അറബി ഭാഷാ ബ്രോഡ്കാസ്റ്റിംഗ് വിഭാഗം മകാന്‍ റിപ്പോര്‍ട്ട് ചെയ്തു.
2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം ആരംഭിച്ച ഗാസ യുദ്ധം തുടങ്ങി ആദ്യ ഒമ്പത് മാസക്കാലം ഫലസ്തീനികള്‍ക്ക് പൊതുവെ റഫ ക്രോസിംഗ് വഴി ഈജിപ്തിലേക്ക് പോകാന്‍ കഴിഞ്ഞു. യുദ്ധം ആരംഭിച്ചതിനുശേഷം ഏകദേശം ഒരു ലക്ഷം ഫലസ്തീനികള്‍ ഗാസ വിട്ടുപോയതായി ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവരില്‍ ഭൂരിഭാഗവും ആദ്യ ഒമ്പത് മാസങ്ങളിലാണ് ഗാസ വിട്ടത്. സൈന്യം പ്രദേശം ആക്രമിച്ച് നിയന്ത്രണത്തിലാക്കിയ ശേഷം ഇസ്രായില്‍ റഫ ക്രോസിംഗ് അടച്ചു. ഗാസ-ഈജിപ്ത് അതിര്‍ത്തിയിലെ ഫിലാഡല്‍ഫി ഇടനാഴിയും അടച്ചിരുന്നു. ഈ അടച്ചുപൂട്ടല്‍ ഗാസക്ക് പുറത്ത് വൈദ്യചികിത്സ തേടുന്ന പരിക്കേറ്റവരും രോഗികളുമായ ഫലസ്തീനികള്‍ക്കുള്ള സുപ്രധാന പാതയെ തടസ്സപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഗാസയില്‍ നിന്ന് ഇസ്രായില്‍ വഴി മൂന്നാം രാജ്യങ്ങളിലേക്ക് വൈദ്യചികിത്സക്കായി ആയിരക്കണക്കിന് ഫലസ്തീനികളെ പോകാന്‍ ഇസ്രായില്‍ അനുവദിച്ചു. ഗാസയില്‍ ആയിരക്കണക്കിന് രോഗികള്‍ക്ക് ഇപ്പോഴും വിദേശ ചികിത്സ ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു.
റഫ ക്രോസിംഗ് വീണ്ടും തുറന്നെങ്കിലും വിനാശകരമായ യുദ്ധം ആരംഭിച്ചതു മുതല്‍ ഗാസയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ട വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇസ്രായില്‍ പ്രവേശനം നിഷേധിക്കുന്നത് തുടരുന്നു. ഗാസയിലെ ഏകദേശം ഇരുപതു ലക്ഷം ഫലസ്തീനികള്‍ അവരുടെ തകര്‍ന്ന നഗരങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ താല്‍ക്കാലിക കൂടാരങ്ങളിലും തകര്‍ന്ന വീടുകളിലുമാണ് താമസിക്കുന്നത്. ഇസ്രായിലില്‍ നിന്ന് വിദേശ പത്രപ്രവര്‍ത്തകരെ ഗാസയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫോറിന്‍ പ്രസ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഇസ്രായില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഗാസയിലേക്ക് മാധ്യമപ്രവര്‍ത്തകരെ അനുവദിക്കുന്നത് ഇസ്രായില്‍ സൈനികരെ അപകടത്തിലാക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിക്കുകയും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അപകടസാധ്യതകള്‍ എടുത്തുകാണിക്കുകയും ചെയ്തു.
സ്വതന്ത്ര വിവരങ്ങളുടെ സുപ്രധാന ഉറവിടം പൊതുജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന് പ്രസ്താവിച്ചുകൊണ്ട് ഫോറിന്‍ പ്രസ് അസോസിയേഷന്‍ ഈ വാദം നിരാകരിക്കുന്നു. യുദ്ധം ആരംഭിച്ച ശേഷം നിരവധി റിലീഫ് പ്രവര്‍ത്തകരെയും യു.എന്‍ ഉദ്യോഗസ്ഥരെയും ഗാസ മുനമ്പില്‍ പ്രവേശിക്കാന്‍ അനുവദിച്ചിട്ടുണ്ടെന്ന വസ്തുതയിലേക്കും അസോസിയേഷന്‍ വിരല്‍ ചൂണ്ടുന്നുണ്ട്. ട്രംപിന്റെ ഗാസ പദ്ധതി ഇപ്പോള്‍ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഫലസ്തീന്‍ സാങ്കേതിക സമിതിയിലേക്കുള്ള അധികാര മാറ്റം, ഹമാസിന്റെ നിരായുധീകരണം, ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി ഇസ്രായിലി സൈന്യത്തിന്റെ പിന്‍വാങ്ങല്‍ എന്നിവ രണ്ടാം ഘട്ടത്തില്‍ വിഭാവനം ചെയ്യുന്നു.
ഹമാസ് ആയുധം ഉപേക്ഷിക്കുന്നതിനെ കുറിച്ച് ഇസ്രായില്‍ സംശയിക്കുന്നു. സൈന്യം യുദ്ധം പുനരാരംഭിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ചില ഉദ്യോഗസ്ഥര്‍ പറയുന്നു. ഒക്ടോബര്‍ പത്തിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതുമുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 500 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇക്കാലയളവില്‍ നാല് ഇസ്രായിലി സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. വെടിനിര്‍ത്തലിനുശേഷം ഇസ്രായില്‍ നടത്തിയ ഏറ്റവും ശക്തമായ വ്യോമാക്രമണത്തിന് ശനിയാഴ്ച ഗാസ സാക്ഷ്യം വഹിച്ചു. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 32 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചതിനുള്ള മറുപടിയായിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ പറഞ്ഞു.
അതിനിടെ, ഗാസയില്‍ ഇസ്രായില്‍ ഇന്ന് നടത്തിയ ആക്രമണങ്ങളില്‍ ബാലന്‍ അടക്കം രണ്ടു പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിലെ മവാസി പ്രദേശത്ത് കുടിയിറക്കപ്പെട്ട ആളുകള്‍ താമസിക്കുന്ന ടെന്റുകള്‍ക്ക് നേരെ ഇസ്രായിലി യുദ്ധബോട്ടുകള്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് ബാലന്‍ മരിച്ചതെന്ന് ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ഗാസ മുനമ്പിലെ ജബാലിയയില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കിയിരുന്ന സ്‌കൂള്‍ ലക്ഷ്യമിട്ട് ഇസ്രായിലി ഡ്രോണ്‍ നടത്തിയ ആക്രമണത്തില്‍ മറ്റൊരു ഫലസ്തീനി കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.



