ദോഹ – ഗാസ മുനമ്പില്‍ ഇസ്രായില്‍ ആവര്‍ത്തിച്ച് നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളെ ഖത്തര്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. ആക്രമണങ്ങള്‍ സംഘര്‍ഷം മൂര്‍ച്ചിക്കാന്‍ കാരണമാകുമെന്നും സ്ഥിരത പുനഃസ്ഥാപിക്കാനുള്ള പ്രാദേശിക, അന്താരാഷ്ട്ര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും മൂന്നു രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കി.
ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നശേഷം ശനിയാഴ്ച ഇസ്രായില്‍ ഗാസയില്‍ ഏറ്റവും തീവ്രമായ വ്യോമാക്രമണങ്ങള്‍ നടത്തി. വീടുകള്‍, ടെന്റുകള്‍, പോലീസ് സ്റ്റേഷന്‍ എന്നിവക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 32 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമായ ഈ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍, സംഘര്‍ഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പാതയെ ഭീഷണിപ്പെടുത്തുന്നതായും ഗാസയിലെ ഫലസ്തീനികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ അപകടത്തിലാക്കുന്നതായും ഖത്തര്‍ വിദേശ മന്ത്രാലയം പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായില്‍ പൂര്‍ണമായും പാലിക്കണം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ വിജയവും യു.എന്‍ രക്ഷാ സമിതി 2803-ാം നമ്പര്‍ പ്രമേയം നടപ്പാക്കലും ഉറപ്പാക്കാന്‍ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. ഗാസയില്‍ നേരത്തെയുള്ള വീണ്ടെടുക്കലിനും പുനര്‍നിര്‍മ്മാണത്തിനും അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്നും ഖത്തര്‍ വിദേശ മന്ത്രാലയം പറഞ്ഞു.
ഇസ്രായില്‍ ആക്രമണത്തെ ജോര്‍ദാനും അപലപിച്ചു. ഏറ്റവും പുതിയ സംഭവങ്ങള്‍ വെടിനിര്‍ത്തലിന്റെ നഗ്‌നമായ ലംഘനവും അപകടകരമായ വര്‍ധനവുമാണെന്ന് ജോര്‍ദാന്‍ വിദേശ, പ്രവാസികാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. ഗാസയിലേക്ക് മാനുഷിക സഹായം ഉടനടിയും മതിയായ അളവിലും തടസ്സമില്ലാതെയും എത്തിക്കുന്നതുള്‍പ്പെടെ വെടിനിര്‍ത്തല്‍ കരാറും അതിന്റെ വ്യവസ്ഥകളും കര്‍ശനമായി പാലിക്കണമെന്നും കരാറിന്റെ രണ്ടാം ഘട്ടവുമായി മുന്നോട്ട് പോകണമെന്നും മന്ത്രാലയ വക്താവ് ഫുവാദ് മജാലി ആവശ്യപ്പെട്ടു.
വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായില്‍ പാലിക്കുന്നത് ഉറപ്പാക്കാനുള്ള നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തങ്ങള്‍ അന്താരാഷ്ട്ര സമൂഹം നിറവേറ്റണം.
സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്ന നടപടികള്‍ കരുതിയിരിക്കണം. ദ്വിരാഷ്ട്ര പരിഹാരത്തിനും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി, 1967 ജൂണ്‍ 4 ലെ അതിര്‍ത്തികളില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലേക്ക് നയിക്കുന്ന വ്യക്തമായ രാഷ്ട്രീയ ചക്രവാളം വേണമെന്ന ജോര്‍ദാന്റെ ആഹ്വാനവും വിദേശ മന്ത്രാലയ വക്താവ് ആവര്‍ത്തിച്ചു.
നിരവധി ഫലസ്തീനികളുടെ മരണത്തിന് കാരണമായ ആവര്‍ത്തിച്ചുള്ള ഇസ്രായിലി ആക്രമണങ്ങളെ ഈജിപ്ത് അപലപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്ഥിതിഗതികളെ സ്‌ഫോടനാത്മകമാക്കി മാറ്റുമെന്നും സുരക്ഷാ, മാനുഷിക തലങ്ങളില്‍ ഗാസയെ സ്ഥിരപ്പെടുത്താനുള്ള നിരന്തരമായ ശ്രമങ്ങള്‍ക്ക് ഭീഷണിയാകുമെന്നും ഈജിപ്ത് മുന്നറിയിപ്പ് നല്‍കി.
പരമാവധി സംയമനം പാലിക്കാനും വെടിനിര്‍ത്തല്‍ സംരക്ഷിക്കാനും രാഷ്ട്രീയ പ്രക്രിയയെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ ഒഴിവാക്കാനും ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം എല്ലാ കക്ഷികളോടും അഭ്യര്‍ഥിച്ചു. നേരത്തെയുള്ള വീണ്ടെടുക്കലിനും പുനര്‍നിര്‍മ്മാണത്തിനും വേഗത നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഗാസ മുനമ്പില്‍ സ്ഥിരതക്കുള്ള സാധ്യതകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതായും ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം പറഞ്ഞു.



