ഗാസ – സുരക്ഷാ, സൈനിക നേതാക്കളുടെ എതിര്‍പ്പ് വകവെക്കാതെ, ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസ പിടിച്ചടക്കുന്നതിനെതിര അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാകുന്നു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ടുവരാനും തുടങ്ങിയിട്ടുണ്ട്.
ഗാസ അധിനിവേശം വന്‍ ദുരന്തമായിരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നറിയിപ്പ് നല്‍കി. ഗാസയില്‍ സ്ഥിരത കൈവരിക്കുന്നതിന് യു.എന്‍ അംഗീകാരമുള്ള അന്താരാഷ്ട്ര സഖ്യം രൂപീകരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഇസ്രായില്‍ സര്‍ക്കാറിന് ബോധവും മനുഷ്യത്വവും നഷ്ടപ്പെട്ടതായി കുറ്റപ്പെടുത്തി ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയും വിമര്‍ശനം ശക്തമാക്കി. ഇസ്രായിലിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ തനിക്ക് തുറന്ന മനസ്സാണുള്ളതെന്നും ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി പറഞ്ഞു.
സെപ്റ്റംബറില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഉദ്ദേശ്യം ഓസ്ട്രേലിയ ഇന്നലെ പ്രഖ്യാപിച്ചു. സെപ്റ്റംബറോടെ സമാനമായ നീക്കം പരിഗണിക്കുമെന്ന് ന്യൂസിലന്റും പറഞ്ഞു. 1967 ലെ അതിര്‍ത്തികളില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനുമുള്ള പാതയെ പിന്തുണക്കുന്ന അന്താരാഷ്ട്ര സമവായത്തെ പ്രശംസിക്കുന്നതായി പറഞ്ഞ് സൗദി അറേബ്യ ഓസ്‌ട്രേലിയയുടെയും ന്യൂസിലാന്റിന്റെയും നീക്കത്തെ സ്വാഗതം ചെയ്തു.
വെടിനിര്‍ത്തല്‍ പ്രക്രിയ സ്തംഭിച്ച പശ്ചാത്തലത്തില്‍, ഫലസ്തീന്‍ വിഷയത്തില്‍ ഉള്‍പ്പെട്ട ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സാധ്യതയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗാസയില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ ഹമാസ് ഈജിപ്തിലേക്ക് അയച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group