മാഡ്രിഡ്: യൂറോപ്യൻ രാജ്യങ്ങളായ സ്‌പെയിനിനെയും പോർച്ചുഗലിനെയും മണിക്കൂറുകളോളം വലച്ച് വ്യാപക വൈദ്യുതി തടസ്സം. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.15 ഓടെ ഉണ്ടായ അപ്രതീക്ഷിത സംഭവത്തെ തുടർന്ന് പൊതുഗതാഗത സംവിധാനങ്ങൾ തടസ്സപ്പെടുകയും നഗരങ്ങളിൽ ദീർഘമായ ട്രാഫിക് ജാമുകൾ രൂപപ്പെടുകയും ചെയ്തു. ട്രെയിൻ, വിമാന ഗതാഗതങ്ങളെയും വൈദ്യുതി മുടക്കം സാരമായി ബാധിച്ചു. വടക്കുകിഴക്കൻ സ്‌പെയിനുമായി അതിർത്തി പങ്കിടുന്ന ഫ്രാൻസിന്റെ ചില ഭാഗങ്ങളെയും പ്രശ്‌നം ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പവർകട്ടുകളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രശ്‌നത്തിന്റെ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സൈബർ ആക്രമണത്തെ തുടർന്നാണ് പ്രശ്‌നമുണ്ടായതെന്ന് ആരോപണം ഉയർന്നെങ്കിലും അക്കാര്യം സ്ഥിരീകരിക്കാൻ തക്ക തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ഇ.യു സൈബർസെക്യൂരിറ്റി വിങും പോർച്ചുഗലിലെ സൈബർസെക്യൂരിറ്റി സെന്ററും വ്യക്തമാക്കി.
മാഡ്രിഡ്, ബാഴ്‌സലോണ, ലിസ്ബൺ, സെവിയ്യ, വലൻസിയ, പോർട്ടോ തുടങ്ങിയ നഗരങ്ങളടങ്ങുന്ന ഐബീരിയൻ ഉപദ്വീപിലെ വൈദ്യുതി വിതരണം ഉച്ചയോടെ തടസ്സപ്പെടുകയായിരുന്നു. ഇന്റർനെറ്റ്, കമ്മ്യൂണിക്കേഷൻ നെറ്റ് വർക്കുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം ഇതോടെ താറുമാറായി. മാഡ്രിഡിലെയും ലിസ്ബണിലെയും സബ്‌വേ ഗതാഗതങ്ങൾ നിർത്തിവെക്കേണ്ടി വന്നതോടെ ആയിരക്കണക്കിന് യാത്രക്കാർ ടണലുകളിൽ കുടുങ്ങി. ട്രാഫിക് ലൈറ്റുകൾ പ്രവർത്തിക്കാതായതോടെയ റോഡുകളുടെ പ്രവർത്തനവും കുഴപ്പത്തിലായി.
സ്‌പെയിനിലെ വൈദ്യുതി ഉപയോഗം 27,500 മെഗാവാട്ടിൽ നിന്ന് 15,000 മെഗാവാട്ടായി പെട്ടെന്ന് കുറഞ്ഞതോടെയാണ് പ്രശ്‌നം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. 2003-ൽ 56 ദശലക്ഷത്തോളം ആളുകളെ ബാധിച്ച ഇറ്റലിയിലെയും സ്വിറ്റ്‌സർലന്റിലെയും പവർകട്ടിനേക്കാൾ വലിയ പ്രതിസന്ധിയാണ് ഇത്തവണ രൂപപ്പെട്ടത്. വൈദ്യുതി മുടക്കത്തിന്റെ കാരണം ഔദ്യോഗികമായി കണ്ടെത്തിയിട്ടില്ലെങ്കിലും, യൂറോപ്യൻ വൈദ്യുതി വിതരണ സംവിധാനത്തിലെ തകരാറാണ് കുഴപ്പത്തിനു കാരണമായതെന്ന് സ്‌പെയിനിലെ ഗ്രിഡ് ഓപറേറ്റർ റെഡ് ഇലക്ട്രിക്ക അറിയിച്ചു. വൈദ്യുതി പൂർണമായി പുനഃസ്ഥാപിക്കാൻ പത്ത് മണിക്കൂറോളം എടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.