ഗാസ– ഗാസ മുനമ്പിലെ നിവാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. ഫലസ്തീന്‍ ജനത വീണ്ടും നിര്‍ബന്ധിതമായി കുടിയിറക്കപ്പെടുകയാണെന്നും അവര്‍ അസ്വീകാര്യമായ സാഹചര്യങ്ങളില്‍ ജീവിക്കുകയാണെന്നും മാര്‍പ്പാപ്പ പറഞ്ഞു.
ഇന്ന് വത്തിക്കാനില്‍ വിശ്വാസികളുമായി നടത്തിയ പൊതുകൂടിക്കാഴ്ചക്കുശേഷം, 70 വയസുകാരനായ പോപ്പ് ഗാസയിലെ ഫലസ്തീന്‍ ജനതയോടുള്ള തന്റെ ആഴത്തിലുള്ള അടുപ്പം പ്രകടിപ്പിച്ചു. അസ്വീകാര്യമായ സാഹചര്യങ്ങളില്‍ ഭയത്തിലും അതിജീവനത്തിനായുള്ള പോരാട്ടത്തിലും അവര്‍ വീണ്ടും തങ്ങളുടെ ഭൂമി വിട്ടുപോകാന്‍ നിര്‍ബന്ധിതരാകുന്നതായി ലിയോ പതിനാലാമന്‍ പറഞ്ഞു.
ഇസ്രായില്‍ സൈന്യം ശക്തമായ സൈനിക നടപടികള്‍ തുടരുന്നതിനാല്‍ ആയിരക്കണക്കിന് ഗാസ സിറ്റി നിവാസികള്‍ നഗരം വിട്ടുപോകാന്‍ ശ്രമിക്കുന്നു.
വെടിനിര്‍ത്തല്‍, ബന്ദികളുടെ മോചനം, ചര്‍ച്ചയിലൂടെയുള്ള നയതന്ത്ര പരിഹാരം, അന്താരാഷ്ട്ര മാനുഷിക നിയമത്തോടുള്ള പൂര്‍ണ ബഹുമാനം എന്നിവക്കുള്ള എന്റെ ആഹ്വാനം ഞാന്‍ ആവര്‍ത്തിക്കുന്നു. സമാധാനത്തിന്റെയും നീതിയുടെയും പ്രഭാതം ഉടന്‍ ഉദിക്കാനായി പ്രാര്‍ഥനയില്‍ എന്നോടൊപ്പം ചേരാന്‍ ഞാന്‍ എല്ലാവരെയും ക്ഷണിക്കുന്നു – മാര്‍പ്പാപ്പ തുടര്‍ന്നു പറഞ്ഞു.
ഗാസക്കെതിരായ ഇസ്രായില്‍ യുദ്ധം കുറഞ്ഞത് 64,964 പേരുടെ ജീവന്‍ അപഹരിച്ചു. അവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ഐക്യരാഷ്ട്രസഭ വിശ്വസനീയമായി കണക്കാക്കുന്ന ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു