വത്തിക്കാൻ- മറ്റെല്ലാറ്റിനും മുകളിൽ സ്നേഹം മാത്രമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ. ജീവിതത്തിലുടനീളം കനിവിന്റെ തലോടലിലും സ്നേഹത്തിന്റെ ചേർത്തുപിടിക്കലിലും ഫ്രാൻസിസ് മാർപാപ്പ ലോകത്തിന്റെ കൂടി നായകനായിരുന്നു. ലോകത്ത് അവശത അനുഭവിക്കുന്ന മുഴുവൻ മനുഷ്യർക്കും വേണ്ടി പരിധികളും പരിമിതികളുമില്ലാതെ ശബ്ദിച്ചു. സ്നേഹം മാത്രമായിരുന്നു മാർപാപ്പക്ക് മറ്റെല്ലാറ്റിനേക്കാളും വലുത്. സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്കായി ശബ്ദിച്ചു. ഇന്നലെ വത്തിക്കാനിൽ ഈസ്റ്റർ കുർബാനക്കായി ഏതാനും സമയം പ്രത്യക്ഷപ്പെട്ടപ്പോഴും അക്രമണത്തിനും അനീതിക്കുമെതിരെ ശബ്ദിച്ചു. ഗാസയിലെ വെടിനിർത്തലിന് വേണ്ടി പാപ്പ സംസാരിച്ചു.
യുദ്ധം ചെയ്യുന്ന കക്ഷികളോട് ഞാൻ അഭ്യർത്ഥിക്കുന്നു: വെടിനിർത്തൽ പ്രഖ്യാപിക്കുക, ബന്ദികളെ മോചിപ്പിക്കുക, സമാധാനത്തിന്റെ ഭാവി ആഗ്രഹിക്കുന്ന പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാൻ വരിക എന്നായിരുന്നു ഈസ്റ്റർ സന്ദേശം. നിലവിൽ ചരിത്രത്തിൽ ഒരു സൂക്ഷ്മമായ പരിവർത്തനം അനുഭവിക്കുന്ന ലെബനനിലെയും സിറിയയിലെയും ക്രിസ്ത്യൻ സമൂഹങ്ങൾക്ക് വേണ്ടിയും പോപ്പ് പ്രാർത്ഥിച്ചു.
“യുദ്ധം മൂലം ലോകത്തിലെ ഏറ്റവും ഗുരുതരവും ദീർഘകാലവുമായ മാനുഷിക പ്രതിസന്ധികൾ അനുഭവിക്കുന്ന യെമന് വേണ്ടിയും രംഗത്തുവന്നു. മുഴുവൻ അക്രമണങ്ങളെയും സൃഷ്ടിപരമായ സംഭാഷണങ്ങളിലൂടെ അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. ഇങ്ങിനെ ലോകത്ത് നടക്കുന്ന മുഴുവൻ അതിക്രമങ്ങൾക്ക് എതിരെയും പാപ്പ ശബ്ദിച്ചുകൊണ്ടിരുന്നു. യുദ്ധങ്ങൾക്കും അക്രമണങ്ങൾക്കുമെതിരെ നിരന്തരം പൊരുതി. നൂറ്റാണ്ടുകളായി സഭക്ക് സംഭവിച്ച തെറ്റുകളിലെല്ലാം മാപ്പിരന്നു. ലൈംഗീക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ ഉടനടി പുറത്താക്കി.

ഹോർഹെ മരിയോ ബെർഗോളിയോ എന്ന ഫ്രാൻസിസ് മാർപാപ്പ 1936 ഡിസംബർ പതിനേഴിനാണ് ജനിച്ചത്. അർജന്റീനക്കാരനായ മാർപാപ്പ തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു. ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്ടുമെന്റിലായിരുന്നു ജീവിതം. പൊതുഗതാഗതസംവിധാനത്തിലും ഇക്കണോമി ക്ലാസിലും മാത്രം യാത്ര ചെയ്ത് സാധാരണക്കാരുമായി കൂടുതൽ അടുത്തു.
ഇറ്റലിയിൽ നിന്നു കുടിയേറിയ കുടുംബത്തിൽ പിറന്ന ബെർഗോളിയോ 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് പാപ്പ പദവിയിലെത്തിയ ആളാണ്. ലത്തീൻ അമേരിക്കയിൽ നിന്നും ആദ്യമായി പാപ്പ അകുന്നത് ഇദ്ദേഹമാണ്. ദക്ഷിണാർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ പാപ്പ, ക്രിസ്തീയസന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പാപ്പ എന്നീ നിലകളിലും ചരിത്രം രചിച്ചു. സഭയിൽ പുതിയ മാറ്റങ്ങൾ സ്ഥാനാരോഹണത്തിനു ശേഷം ഉടൻ തന്നെ നടപ്പിൽ വരുത്തിയതോടെ മാറ്റങ്ങളുടെ പാപ്പ എന്നായിരുന്നു ലോകം വിളിച്ചിരുന്നത്.
ആദ്യകാല ജീവിതം
ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ ഒരു റെയിൽവേ ജീവനക്കാരൻ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായാണ് ബെർഗോളിയോ ജനിച്ചത്. ചെറുപ്പകാലത്തുണ്ടായ അണുബാധ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ്ടാക്കിയത്. അസുഖത്തെ തുടർന്ന് കരൾ പകുതി മുറിച്ചുമാറ്റേണ്ടി വന്നു. സെമിനാരിയിൽ ചേരുന്നതിനു മുമ്പ് ബ്യൂണസ് ഐറിസ് സർവ്വകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി.
പൗരോഹിത്യം
1958 മാർച്ച് 11ന് വിയ്യാ ദേവോതോയിലെ ഈശോ സഭാ സെമിനാരിയിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചു. 1960 സാൻ മിഗേലിലെ കോളെസിയോ മാക്സിമോ സാൻ ജോസിൽ നിന്ന് തത്വശാസ്ത്രത്തിൽ ലൈസൻഷിയേറ്റ് നേടി. 1964-1965 കാലയളവിൽ സാന്താ ഫെ അർജന്റീന പ്രവിശ്യയിലെ കോളെസിയോ ദ ഇന്മാക്കുലാദ ഹൈ സ്കൂളിൽ സാഹിത്യം, തത്വശാസ്ത്രം എന്നീ വിഷയങ്ങൾ പഠിപ്പിച്ചു. 1966-ൽ ബ്യൂണസ് അയേർസിലെ കോളെസിയോ ദെ സൽവാറിൽ ഇതേ വിഷയങ്ങളിൽ അധ്യാപനം നടത്തി.
1967 -ൽ ദൈവശാസ്ത്രപഠനം പൂർത്തിയാക്കി. 1969 ഡിസംബർ 13ന് വൈദികപട്ടം സ്വീകരിച്ചു. സാൻ മിഗേൽ സെമിനായിരിയിലെ ദൈവശാസ്ത്ര-തത്ത്വശാസ്ത്ര വിഭാഗത്തിൽ നിന്ന് മാസ്റ്റർ ബിരുദം സമ്പാദിച്ച അദ്ദേഹം അവിടെ ദൈവശാസ്ത്രാദ്ധ്യാപകനായി. 1973-1979 ബെർഗോളിയോ ഈശോസഭയുടെ അർജന്റീന പ്രൊവിൻഷ്യാൽ ആയിരുന്നു. പിന്നീട് സാൻ മിഗേൽ സെമിനാരി അധിപനായി 1980-ൽ സ്ഥാനമേറ്റെടുത്ത ബെർഗോളിയോ 1988 വരെ ആ പദവിയിൽ തുടർന്നു.
മെത്രാൻ പദവി
1992-ൽ ബ്യൂണസ് അയേഴ്സിന്റെ സഹായമെത്രാനായി അഭിഷിക്തനായ ഫാ. ബെർഗോളിയോ അതേ വർഷം തന്നെ ഓക്കയുടെ ടൈറ്റുലാർ മെത്രാനായും നിയുക്തനായി. 1998-ൽ ബ്യൂണസ് അയേഴ്സിന്റെ മെത്രാനായിരുന്ന കർദ്ദിനാൾ അന്റോണിയോ ഗുറാസിനോയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി സ്ഥാനം ഏറ്റെടുത്തു. ഈ കാലയളവിൽ തന്നെ അർജന്റീനയിലെ പൗരസ്ത്യ കത്തോലിക്കരുടെ ഓർഡിനറിയായും സേവനം അനുഷ്ഠിച്ചു.
കർദ്ദിനാൾ പദവിയിൽ
കർദ്ദിനാൾ ബെർഗോളിയോ 2001 ഫെബ്രുവരിയിൽ അന്നത്തെ മാർപ്പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമൻ ബെർഗോളിയോയെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. അതോടൊപ്പം വിശുദ്ധ റോബർട്ടോ ബെല്ലാർമിനോ പള്ളിയുടെ കാർഡിനൽ വൈദികന്റെ സ്ഥാനവും അദ്ദേഹത്തിനു നൽകി. കത്തോലിക്കാ സഭയുടെ ഭരണകേന്ദ്രമായ റോമൻ കൂരിയായുടെ കൂദാശാനിഷ്ഠകളുടെ തിരുസംഘം, പുരോഹിതന്മാർക്കു വേണ്ടിയുള്ള തിരുസംഘം, കോൺഗ്രിഗേഷൻ ഫോർ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് കോൺസെക്രേറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റി ഓഫ് അപ്പൊസ്റ്റൊലിക് ലൈഫ് കുടുംബങ്ങൾക്കു വേണ്ടിയുള്ള പൊന്തിഫിക്കൽ സമിതി, ലത്തീൻ അമേരിക്കയ്ക്കു വേണ്ടിയുള്ള കമ്മീഷൻ തുടങ്ങി നിരവധി പദവികളിൽ നിയമിക്കപ്പെട്ടു.
ഗർഭഛിദ്രം, സ്വവർഗാനുരാഗം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്മചര്യം, കൃത്രിമജനനനിയന്ത്രണം മുതലായ വിഷയങ്ങളിൽ സഭയിലെ പരിഷ്കരണവാദികളുടെ മറുചേരിയിലായിരുന്നു മാർപാപ്പ. സാധാരണക്കാരോടും സമൂഹത്തിൽ താഴേക്കിടയിലുള്ളവരോടുമുള്ള ഫ്രാൻസിസിന്റെ പ്രതിബദ്ധത ശ്രദ്ധേയമായിരുന്നു. മതങ്ങൾക്കിടയിലുള്ള ആശയവിനിമയത്തെ അദ്ദേഹം പിന്തുണച്ചു. നിയന്ത്രണമില്ലാത്ത കമ്പോളവ്യവസ്ഥയെ വിമർശിച്ചു. സമത്വമില്ലായ്മ “സ്വർഗ്ഗവാതിലിനുമുമ്പിൽ അലമുറ ഉയർത്താൻ കാരണമാകുന്ന സാമൂഹികപാപമായി” അദ്ദേഹം വിശേഷിപ്പിച്ചു. “സാധാരണക്കാരനായ യാഥാസ്ഥിതികൻ” (conservative with a common touch) എന്ന വിളിപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു.

2019 ഫെബ്രുവരി മൂന്ന് മുതൽ അഞ്ചുവരെ നടത്തിയ ഐക്യ അറബ് എമിറേറ്റുകളിലേക്കുള്ള മാർപാപ്പയുടെ സന്ദർശനം ചരിത്രപ്രാധാന്യമർഹിക്കുന്നതാണ്. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു മാർപ്പാപ്പ ഒരു ഗൾഫ് രാജ്യം സന്ദർശിച്ചത്. അബുദാബി (എമിറേറ്റ്) കിരീടാവകാശിയും യു.എ.ഇ ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻറേയും യു.എ.ഇയിലെ കത്തോലിക്കാ വിശ്വാസികളുടേയും ക്ഷണപ്രകാരമാണ് മാർപാപ്പയെത്തിയത്. അബുദാബി (എമിറേറ്റ്) യിലെ ഷെയ്ഖ് സായിദ് മോസ്ക് സന്ദർശിച്ച മാർപാപ്പ മാനവസാഹോദര്യ സമ്മേളനത്തിലും പങ്കെടുത്തു. ഷെയ്ഖ് സായിദ് സ്പോർട്സ് സിറ്റിയിൽ അർപ്പിച്ച കുർബാന യിൽ ഇരുന്നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു. ഐക്യ അറബ് എമിറേറ്റുകളും വത്തിക്കാനു മായുള്ള നയതന്ത്ര,സൌഹൃദബന്ധത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു മാർപ്പാപ്പയുടെ സന്ദർശനം.
88 -ാം വയസിൽ മഹത്തായ ജീവിതം പൂർത്തിയാക്കി മടങ്ങുന്ന പാപ്പയെ ലോകം ഇനിയും ഓർത്തുകൊണ്ടേയിരിക്കും സ്നേഹം മാത്രം പ്രസരിപ്പിച്ച മഹാ ഇടയന് വിട.