ഗാസ: ഗാസ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറാനുള്ള കരാറിന്റെ ഭാഗമായി നാലു ഇസ്രായിലി വനിതാ സൈനികരെ ഹമാസ് ഇന്ന് വിട്ടയക്കും. ഇതിനു പകരമായി ഇസ്രായില്‍ ഫലസ്തീന്‍ തടവുകാരെയും വിട്ടയക്കും. ഇന്ന് വിട്ടയക്കുന്ന 19 നും 20 നും ഇടയില്‍ പ്രായമുള്ള, നാലു ഇസ്രായിലി വനിതാ ബന്ദികളുടെ പേരുകള്‍ ഹമാസ് ഇന്നലെ പുറത്തുവിട്ടിരുന്നു. ഇന്ന് വിട്ടയക്കാന്‍ നിശ്ചയിച്ചിരിക്കുന്ന നാലു ഇസ്രായിലി വനിതാ സൈനികരുടെ പേരുകള്‍ ഫോറം ഓഫ് ഇസ്രായിലി ഡിറ്റൈനീസ് ഫാമിലീസും പ്രസിദ്ധീകരിച്ചു. 477 ദിവസത്തെ തടങ്കലിന് ശേഷം ഡാനിയേല്‍ ഗില്‍ബോവ, കരീന ആരിഫ്, ലിറി ആല്‍ബഗ്, നാമ ലെവി എന്നിവരുടെ മോചനത്തെ ഫോറം പ്രസ്താവനയില്‍ സ്വാഗതം ചെയ്തു. ഇന്ന് വിട്ടയക്കുന്ന ബന്ദികളുടെ പേരുകള്‍ അടങ്ങിയ പട്ടിക ലഭിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസും സ്ഥിരീകരിച്ചു.
2023 ഒക്ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രായില്‍ നടത്തിയ മിന്നലാക്രമണത്തിനിടെയാണ് ഔദ്യോഗിക സേവനം അനുഷ്ഠിക്കുകയായിരുന്ന ഈ നാലു പേരെയും ഹമാസ് തട്ടിക്കൊണ്ടുപോയത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം രണ്ടാം ബാച്ചില്‍ വിട്ടയക്കുന്ന ഫലസ്തീന്‍ തടവുകാരുടെ എണ്ണം ഇസ്രായില്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരില്‍ ചിലരെ ഗാസയിലേക്കും മറ്റുള്ളവരെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്കും തിരിച്ചയക്കുമെന്ന് ഇസ്രായിലി ജയില്‍ സര്‍വീസ് അറിയിച്ചു. ഹമാസിനു കീഴിലെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്സും മറ്റു ഫലസ്തീന്‍ പ്രതിരോധ വിഭാഗങ്ങളും ഇന്ന് നാലു പേരെയും വിട്ടയക്കുമെന്നും, നാലു പേരെയും കൈമാറുന്ന സമയവും സ്ഥലവും റെഡ് ക്രോസിനെ അറിയിക്കുമെന്നും ഹമാസുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
മൂന്ന് ഘട്ടങ്ങളുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം ആറാഴ്ച നീണ്ടുനില്‍ക്കും. ആദ്യ ഘട്ടത്തില്‍ 33 ഇസ്രായിലി ബന്ദികളെ ഹമാസും പകരമായി ഏകദേശം 1,900 ഫലസ്തീന്‍ തടവുകാരെ ഇസ്രായിലും വിട്ടയക്കും. കഴിഞ്ഞ വാരാന്ത്യത്തില്‍ മൂന്ന് വനിതാ ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. ഇതിനു പകരമായി ഇസ്രായില്‍ ജയിലുകളിലെ 90 ഫലസ്തീന്‍ തടവുകാരെ ഇസ്രായിലും വിട്ടയച്ചു. രണ്ടു ബാച്ചുകളായി ആകെ ഏഴു ബന്ദികളെ ഹമാസ് വിട്ടയക്കുന്നതോടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഇനി വിട്ടയക്കപ്പെടേണ്ട ഇസ്രായിലി ബന്ദികളുടെ എണ്ണം 26 ആകും. ഇസ്രായിലി ബന്ദികളുടെ പേരുകള്‍ അടങ്ങിയ പട്ടിക ഹമാസ് കൈമാറിയിട്ടുണ്ട്. പക്ഷേ ഇവരെ വിട്ടയക്കാനുള്ള സമയപരിധി നിശ്ചയിച്ചിരുന്നില്ല.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ ഇസ്രായിലില്‍ 1,210 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായിലിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ആക്രമണത്തിനിടെ 251 പേരെ ഹമാസ് തട്ടിക്കൊണ്ടുപോയി. ഇക്കൂട്ടത്തല്‍ 91 പേര്‍ ഇപ്പോഴും ഗാസയില്‍ ബന്ദികളാണ്. ഇതില്‍ 34 പേര്‍ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചിട്ടുണ്ട്. മറ്റുള്ള ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. എന്നാല്‍ ഇക്കാര്യം ഇസ്രായില്‍ സ്ഥിരീകരിച്ചിട്ടില്ല.
ഹമാസ് ആക്രമണത്തെ തുടര്‍ന്ന് ഇസ്രായില്‍ ആരംഭിച്ച യുദ്ധത്തില്‍ ഗാസയില്‍ കുറഞ്ഞത് 47,283 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നത്. ഗാസ അഭയാര്‍ഥികള്‍ സ്വന്തം പ്രദേശങ്ങളിലേക്കും വീടുകളിലേക്കും മടങ്ങാന്‍ കൊതിക്കുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ അധിക പേര്‍ക്കും തങ്ങളുടെ തകര്‍ന്ന് തരിപ്പണമായ വീടുകളുടെ അവശിഷ്ടങ്ങളും അഴുകിയ ശരീരങ്ങളും മാത്രമാണ് കാണാനാകുന്നത്. എന്നിരുന്നാലും ഒരാഴ്ചക്കകം റിലീഫ് വസ്തുക്കള്‍ വഹിച്ച ആയിരക്കണക്കിന് ട്രക്കുകള്‍ ഗാസയില്‍ പ്രവേശിക്കാന്‍ വെടിനിര്‍ത്തല്‍ അവസരമൊരുക്കി. ഇന്നു മുതല്‍ ഉത്തര ഗാസയിലേക്ക് ഫലസ്തീനികളെ മടങ്ങാന്‍ ഇസ്രായില്‍ അനുവദിക്കും. ഹമാസ് വിട്ടയക്കുന്ന ഓരോ വനിതാ സൈനികക്കും പകരം അമ്പത് ഫലസ്തീന്‍ തടവുകാരെ വീതം വിട്ടയക്കണമെന്ന് വെടിനിര്‍ത്തല്‍, ബന്ദി കൈമാറ്റ കരാര്‍ വ്യവസ്ഥ ചെയ്യുന്നതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.