ദുബൈ– അനുദിനം കാണുന്ന ഹൃദയം പിളരുന്ന കാഴ്ചകൾ മാത്രമല്ല, മരിച്ചു വീഴുന്ന ഉറ്റയവരെ ഓർത്തും മനസ്സിൽ തളം കെട്ടി നിൽക്കുന്ന ദുഃഖം കടിച്ചമർത്തി അവൾ ഒടുക്കം തീരുമാനിച്ചു, 2025 മിസ് യൂണിവേഴ്സിൽ ഫലസ്തീനെ പ്രതിനിധീകരിക്കാമെന്ന്. നദീൻ അയ്യൂബ് എന്ന ദുബൈയിൽ ജീവിക്കുന്ന ഫലസ്തീൻ സുന്ദരി ഇത് തീരുമാനിക്കുമ്പോൾ നെഞ്ച് പിടയുന്നുവെങ്കിലും ലോകത്തിന് മുമ്പിൽ തന്റെ രാജ്യത്തെ ഉയർത്തിക്കാട്ടാനും ആഗോള രാജ്യങ്ങളുടെ ഐക്യദാർഢ്യം ഏറ്റുവാങ്ങാനും കഴിയും എന്ന ആത്മവിശ്വാസം കരുത്ത് പകരുകയായിരുന്നു.
2022ലെ മിസ് എർത്ത് ജേതാവായിരുന്ന നദീൻ ‘തത്രീസ്’ എന്ന ഫലസ്തീനീ പരമ്പരാഗത എംബ്രോയ്ഡറി ചാർത്തിയ തൂവെള്ള വസ്ത്രമണിഞ്ഞ വീഡിയോ സഹിതം സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സങ്കീർണ്ണമായ പാറ്റേണുകളാലും വർണോജ്വല നിറങ്ങളാലുമുള്ള ഒരു പുരാതന ഫാലസ്തീനിയൻ എംബ്രോയ്ഡറി കലയാണ് ‘തത്രീസ്’. ഒരു കഥപറച്ചിൽ പോലെയാണ് ഇതിന്റെ രൂപകൽപന. ഓരോ പാറ്റേണും നിറവും ധരിക്കുന്നയാളുടെ ഐഡന്റിറ്റി, പ്രദേശം, ജീവിതാനുഭവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അർത്ഥം ഉൾക്കൊള്ളുന്നവ ആയിരിക്കും.
2025 മിസ് യൂണിവേഴ്സിൽ താൻ പങ്കെടുക്കുന്നത് ഒരു പട്ടത്തിന് മാത്രമല്ല സത്യത്തിന് വേണ്ടി കൂടിയാണ് എന്നായിരുന്നു പ്രഖ്യാപന വേളയിൽ നദീൻ ഊന്നിപ്പറഞ്ഞത്.
വർഷങ്ങളായി യുഎഇയിൽ താമസിക്കുന്ന ഇവർ ‘മിസ് എർത്ത്’ ജേതാവായ ശേഷം ഗാസയിലെ ഇസ്രായിൽ അധിനിവേശത്തെ തുടർന്ന് മത്സരങ്ങളിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ തന്റെ നിലപാട് ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് തിരിച്ചെത്തിയിരിക്കുന്നത്.
“ലോകത്തിന്റെ കണ്ണുകൾ എന്റെ നാട്ടിലേക്ക് തിരിഞ്ഞിരിക്കുന്ന ഈ സമയത്ത്, ഞാൻ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വം ഒരു പദവിയേക്കാൾ വലുതാണ്. പ്രത്യേകിച്ച് നമ്മുടെ സ്ത്രീകളുടെയും കുട്ടികളുടെയും ശബ്ദം ഉയർത്താനുള്ള വേദിയായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്,” നദീൻ വ്യക്തമാക്കി.
“ലോകം നിർബന്ധമായും കാണേണ്ടുന്ന എല്ലാ ഫലസ്തീൻ സ്ത്രീകളേയും കുട്ടികളെയും ഞാൻ പ്രതിനിധീകരിക്കും. നമ്മൾ നമ്മുടെ ദുരിതത്തിൽ മാത്രം ഒതുങ്ങിയവർ അല്ല ,നമ്മൾ നിലനിൽപ്പും പ്രതീക്ഷയും നിറഞ്ഞവരാണ്, നമ്മിലൂടെ ജീവിക്കുന്ന നമ്മുടെ ജന്മനാടിന്റെ ഹൃദയമിടിപ്പും വളരെ വലുതാണ് ,” _ നദീൻ കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഒരു മില്യണിൽ അധികം ഫോളോവേഴ്സുള്ള നദീൻ ‘സയ്യിദത് ഫലസ്തീൻ’ എന്ന പ്ലാറ്റ്‌ഫോമും ആരംഭിച്ചിട്ടുണ്ട്. ഫലസ്തീൻ സ്ത്രീകളുടെ ആഗ്രഹങ്ങളും വിജയങ്ങളും ഇതിലൂടെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. കൂടെ ‘ഒലീവ് ഗ്രീൻ അക്കാദമി’ എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും നടത്തുന്നു