മാഡ്രിഡ്: സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് 2025 മെയ് 14-ന് പാർലമെന്റ് സെഷനിൽ ഇസ്രായേലിനെ “വംശഹത്യാ രാഷ്ട്രം” എന്ന് വിശേഷിപ്പിച്ചു. ഇസ്രായേലുമായുള്ള വ്യാപാര ബന്ധങ്ങളെ വിമർശിച്ച ഒരു ഇടതുപക്ഷ എംപിയുടെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് സാഞ്ചസ് ഈ പരാമർശം നടത്തിയത്. “ഞങ്ങൾ വംശഹത്യ നടത്തുന്ന ഒരു രാജ്യവുമായി വ്യാപാരം നടത്തുന്നില്ല,” എന്ന് അദ്ദേഹം വ്യക്തമാക്കി. ഗാസയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇസ്രായിലിനെ സാഞ്ചസ് വിമർശിക്കുന്നത് ഇതാദ്യമായല്ലെങ്കിലും ‘വംശഹത്യ’ എന്ന പദം ഉപയോഗിക്കുന്നത് ആദ്യമായാണ്
ഗാസയിലെ ഇസ്രായിൽ അധിനിവേശത്തിനെതിരെ സാഞ്ചസിന്റെ ഇടതുപക്ഷ കൂട്ടായ്മയായ സുമാർ പാർട്ടി ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. 2024 മെയ് 28-ന് സ്പെയിൻ ഔദ്യോഗികമായി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിരുന്നു. ഇത് ഇസ്രായിലുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തി.
ഇസ്രായിൽ വിദേശകാര്യ മന്ത്രാലയം സാഞ്ചസിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ചു. പരാമർശം അപകീർത്തികരവും അടിസ്ഥാനരഹിതവുമാണെന്ന് മന്ത്രാലയം അവകാശപ്പെട്ടു. സ്പെയിനിന്റെ അംബാസഡർ അനാ സലോമോനെ ഇന്ന് ജറൂസലേമിൽ വിളിച്ചുവരുത്തി ഔദ്യോഗികമായി താക്കീത് ചെയ്യും.
നെതർലന്റ്സിലെ ആംസ്റ്റർഡാം മേയർ ഫെംകെ ഹാൽസെമയും ഇന്നലെ ഇസ്രായിലിന്റെ ഗാസയിലെ പ്രവർത്തനങ്ങളെ “വംശഹത്യ” എന്ന് വിശേഷിപ്പിച്ച് ഡച്ച് ഗവൺമെന്റിനോട് ഇടപെടാൻ ആഹ്വാനം ചെയ്തു. ഇസ്രായിലിന്റെ നെതർലാൻഡ്സിലെ അംബാസഡർ മോഡി എഫ്രേം ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.