ഗാസ– ഇസ്രായിൽ ഉപരോധം ലംഘിച്ച് ഗാസയിലേക്ക് മാനുഷിക സഹായങ്ങളുമായി പോവുകയായിരുന്ന ഗ്ലോബൽ സുമൂദ് ഫ്ളോട്ടില്ലയിലെ അവസാന ബോട്ടായ മാരിനെറ്റും ഇസ്രായിൽ നാവികസേന പിടിച്ചെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്ലോട്ടില്ലയുടെ ഭാഗമായ 40 ബോട്ടുകൾ വ്യാഴാഴ്ച ഇസ്രായിൽ സൈന്യം തടഞ്ഞുനിർത്തി 450 ലധികം വിദേശ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഇസ്രായിൽ അന്താരാഷ്ട്ര വിമർശനവും പ്രതിഷേധവും നേരിട്ടിരുന്നു.
ഫ്ളോട്ടില്ലയിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്നും ഇസ്രായിലിലേക്കുള്ള യാത്രയിലാണെന്നും അവരെ യൂറോപ്പിലേക്ക് നാടുകടത്തുമെന്നും ഇസ്രായിൽ വിദേശ മന്ത്രാലയം ഇന്നലെ പ്രസ്താവിച്ചു. ഗാസ മുനമ്പിലെ വംശഹത്യ അവസാനിക്കുന്നതുവരെ ഗാസയിൽ മാനുഷിക സഹായങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങൾ നിർത്തില്ലെന്ന് ഗ്ലോബൽ സുമൂദ് ഫ്ളോട്ടില്ല അറിയിച്ചു.