റാമല്ല – മധ്യ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലക്കടുത്തുള്ള ഖലന്ദിയ അഭയാര്‍ഥി ക്യാമ്പില്‍ ഫലസ്തീന്‍ ബാലനെ ഇസ്രായില്‍ സൈന്യം വെടിവെച്ചുകൊന്നതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൈന്യത്തിന്റെ വെടിവെപ്പില്‍ മറ്റ് രണ്ട് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖലന്ദിയ ക്യാമ്പില്‍ 16 വയസ്സുള്ള ബാലന്‍ വലീദ് നിദാല്‍ വലീദ് അബൂസുനൈന രക്തസാക്ഷിയായി. മറ്റ് രണ്ട് കുട്ടികള്‍ക്ക് കാലുകളില്‍ വെടിയേറ്റുവെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 14 വയസ്സ് വീതം പ്രായമുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റതെന്ന് മന്ത്രാലയ വക്താവ് എ.എഫ്.പിയോട് വ്യക്തമാക്കി.
അധിനിവേശ സേന ഖലന്ദിയ അഭയാര്‍ഥി ക്യാമ്പില്‍ അതിക്രമിച്ചു കയറി വെടിവെപ്പ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നെന്ന് ജറൂസലമിന് വടക്ക് അല്‍റാം ഗ്രാമം ആസ്ഥാനമായുള്ള ജറൂസലം ഗവര്‍ണറേറ്റ് മീഡിയ ഓഫീസ് അറിയിച്ചു. ഇത് ബാലന്റെ രക്തസാക്ഷിത്വത്തിനും രണ്ടു കുട്ടികള്‍ അടക്കം നാല് ഫലസ്തീന്‍ പൗരന്മാര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായി. പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. റെയ്ഡിനിടെ ഇസ്രായില്‍ സൈന്യം മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തുവെന്ന് മീഡിയ ഓഫീസ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
1967 മുതല്‍ ഇസ്രായില്‍ കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കില്‍ ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം അക്രമം വര്‍ധിച്ചുവരികയാണ്. 2023 ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായിലില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം വെസ്റ്റ് ബാങ്കില്‍ പോരാളികള്‍ ഉള്‍പ്പെടെ 1,086 ഫലസ്തീനികളെ ഇസ്രായിലി സൈനികരോ ജൂതകുടിയേറ്റക്കാരോ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഫലസ്തീന്‍ അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ ഫലസ്തീനികള്‍ നടത്തിയ ആക്രമണങ്ങളിലോ ഇസ്രായില്‍ സൈനിക നടപടികളിലോ സിവിലിയന്മാരും സൈനികരും ഉള്‍പ്പെടെ 46 ഇസ്രായിലികള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക ഇസ്രായിലി കണക്കുകളും സൂചിപ്പിക്കുന്നു.
അതിനിടെ, വടക്കന്‍ ഗാസ മുനമ്പില്‍ ഗാസ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഉമര്‍ അല്‍മുഖ്താര്‍ സ്ട്രീറ്റില്‍ ഫലസ്തീനികളുടെ ഒത്തുചേരല്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. യു.എസ് മധ്യസ്ഥതയില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനുശേഷം, ഇസ്രായില്‍ ഗാസ മുനമ്പില്‍ പതിവായി വ്യോമാക്രമണങ്ങള്‍ നടത്തുന്നത് തുടരുകയാണ്. ഗാസയിലെ തങ്ങളുടെ സൈന്യത്തെ ഭീഷണിപ്പെടുത്തുന്നവരോ 2023 ഒക്ടോബര്‍ 7 ലെ ആക്രമണത്തില്‍ പങ്കെടുത്തവരോ ആയ പോരാളികളെയാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രായില്‍ അവകാശപ്പെടുന്നു. ഇസ്രായില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്ന് ഹമാസ് ആരോപിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമിച്ച ഗാസയിലേക്കുള്ള യു.എസ് പ്രതിനിധി നിക്കോളായ് മ്ലാഡെനോവ്, ഇരുപക്ഷവും കരാര്‍ ലംഘിച്ചതായി സ്ഥിരീകരിച്ചു.
ഹമാസിന്റെ നിരായുധീകരണവും ഇസ്രായില്‍ സൈന്യത്തെ ഗാസയില്‍ നിന്ന് പിന്‍വലിക്കലും ഉള്‍പ്പെടുന്ന കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായിലും ഹമാസും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കുകയാണ്. എട്ട് മാസം മുമ്പ് ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം 1,060 ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മേഖലയില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത്. ഇതില്‍ കൂടുതലും സാധാരണക്കാരാണ്. ഇക്കാലയളവില്‍ ഗാസയില്‍ നാല് ഇസ്രായിലി സൈനികരും കൊല്ലപ്പെട്ടു.



