ന്യൂയോര്‍ക്ക് – ഫലസ്തീന്‍ പ്രശ്‌നത്തിനുള്ള സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കലും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം ജൂലൈ 28, 29 തീയതികളില്‍ ന്യൂയോര്‍ക്കില്‍ യു.എന്‍ ആസ്ഥാനത്ത് നടക്കുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ജൂണില്‍ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സമ്മേളനം നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഫലസ്തീന്‍ പ്രശ്‌നവും ദ്വിരാഷ്ട്ര പരിഹാരവും ചര്‍ച്ച ചെയ്യാന്‍ യു.എന്‍ ജനറല്‍ അസംബ്ലി ആഹ്വാനം ചെയ്ത സമ്മേളനം ജൂണില്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇസ്രായിലും ഇറാനും തമ്മിലുള്ള യുദ്ധം കാരണം അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു.
ഫ്രാന്‍സും സൗദി അറേബ്യയും സംയുക്തമായി നേതൃത്വം വഹിച്ച് നടത്തുന്ന സമ്മേളനം ജൂലൈ 28, 29 തീയതികളില്‍ നടക്കുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ എ.എഫ്.പിയോട് പറഞ്ഞു. കഴിഞ്ഞ ജൂണില്‍ നടക്കാനിരുന്ന സമ്മേളനത്തില്‍ രാഷ്ട്രത്തലവന്മാരും സര്‍ക്കാറുകളും പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഈ മാസം നടക്കുന്ന സമ്മേളനത്തിന്റെ പരിപാടിയെ കുറിച്ചോ പങ്കാളിത്ത നിലവാരത്തെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ നയതന്ത്ര വൃത്തങ്ങള്‍ വെളിപ്പെടുത്തിയില്ല.
ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് ഫലസ്തീന്‍ രാഷ്ട്രത്തെ സംയുക്തമായി അംഗീകരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യാഴാഴ്ച ആവശ്യപ്പെട്ടു. എന്നാല്‍, ഗാസയില്‍ വെടിനിര്‍ത്തല്‍ കൈവരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ആഹ്വാനം ചെയ്തു.