ജിദ്ദ – ഹമാസിനെ വിമര്‍ശിച്ചതിന് ഫലസ്തീനി ആക്ടിവിസ്റ്റ് അമീന് ആബിദിന്റെ രണ്ടു കൈകളും ഇരു കാലുകളും ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്സ് അടിച്ചൊടിച്ചു. ഹമാസിനെ വിമര്‍ശിക്കുന്ന കുറിപ്പുകള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് അമീന് ആബിദിനെതിരായ ആക്രമണത്തിന് കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇപ്പോഴത്തെ ഗാസ യുദ്ധത്തിലേക്ക് നയിച്ച, ഹമാസ് ഇസ്രായിലില്‍ ആക്രമണം നടത്തിയ ഒക്ടോബര്‍ ഏഴിന് മുമ്പു തന്നെ ഹമാസ് വിരുദ്ധ നിലപാടാണ് അമീന് ആബിദ് വെച്ചുപുലര്‍ത്തിയിരുന്നത്. നിയമാനുസൃത ഗവണ്മെന്റിനെ അട്ടിമറിച്ച് ഗാസയില്‍ ഹമാസ് അധികാരം പിടിച്ചടക്കിയതിനെ 2022 ജൂണിലും അമീന് ഹാമിദ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹമാസ് അട്ടിമറി ഗാസയില്‍ ജനജീവിതം തീര്‍ത്തും ദുഃസഹമാക്കിയതായി അമീന് ആബിദ് പറഞ്ഞു.