ഇസ്ലാമാബാദ്– ഇന്ത്യയുമായി സംഘര്‍ഷം കനക്കുന്നതിനിടെ അന്താരാഷ്ട്ര പങ്കാളികളോട് പാകിസ്ഥാന്‍ സാമ്പത്തിക കാര്യ മന്ത്രാലയം സഹായം അഭ്യര്‍ഥന എക്‌സില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ തങ്ങളുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന വിശദീകരണവുമായി സാമ്പത്തിക വകുപ്പ് രംഗത്തെത്തി. അക്കൗണ്ട് പൂര്‍വ സ്ഥിതിയിലാക്കാന്‍ ശ്രമം നടക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
‘ശത്രുക്കള്‍ കനത്തം നാശം വരുത്തിയതിനാല്‍ അന്താരാഷ്ട്ര പങ്കാളികളില്‍ നിന്നും കൂടുതല്‍ വായ്പ അഭ്യര്‍ഥിക്കുന്നു. ഓഹരി വിപണി തകര്‍ച്ചക്കും ഇടയില്‍ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാന്‍ രാജ്യാന്തര പങ്കാളികള്‍ സഹായിക്കണം’ എന്നായിരുന്നു എക്‌സിലെ പോസ്റ്റ്. അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വായ്പയെടുത്ത നാലാമത്തെ രാജ്യമായ പാകിസ്ഥാന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇതിനിടയിലാണ് ഇന്ത്യയുമായുള്ള സംഘര്‍ഷം. 8.8 മില്യണ്‍ വായ്പയാണ് പാകിസ്ഥാന്‍ കൊടുത്തു തീര്‍ക്കാനുള്ളത്.
ഏപ്രില്‍ 22ന് നടന്ന് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ പാകിസ്ഥാനെ തിരിച്ചടിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നറിയപ്പെടുന്ന മിന്നലാക്രമണത്തില്‍ ഇന്ത്യ തകര്‍ത്തിരുന്നു. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും പാക് പ്രകോപനം ശക്തമാകുന്ന ഘട്ടത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ സജ്ജമാണെന്ന മുന്നറിയിപ്പും പ്രതിരോധ വിഭാഗം നല്‍കിയിട്ടുണ്ട്.