ലാഹോര്‍– പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഏത് നിമിഷവും ഇന്ത്യ തിരിച്ചടിക്കുമെന്ന ഭീതിയിലാണ് പാകിസ്ഥാന്‍. എന്നാല്‍ ഏറ്റുമുട്ടലുണ്ടായാല്‍ പാകിസ്ഥാന്‍ സൈന്യത്തിന് മുന്നിലുള്ള വെല്ലുവിളികള്‍ നിരവധിയാണ്. നാല് ദിവസത്തേക്ക് മാത്രമേ ഇന്ത്യയുമായി പാകിസ്ഥാനു പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂ എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ നടത്തിയ അന്താരാഷ്ട്ര ആയുധ ഇടപാടുകള്‍ കാരണമാണ് പാകിസ്ഥാന്‍ കടുത്ത ആയുധ ക്ഷാമം നേരിടുന്നത്.
രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുക്കാതെ ഉക്രൈനുമായും ഇസ്രായിലുമായും ആയുധ ഇടപാടുകള്‍ നടത്തിയതാണ് സൈന്യത്തിന് വിനയായത്. തീവ്രവാദ സംഘടനകളെ ആശ്രയിച്ചിട്ടുള്ള പോരാട്ടത്തെ സൈന്യത്തിലെ മിഡ് റാങ്കിംഗ് ഓഫീസര്‍മാര്‍ ചോദ്യം ചെയ്‌തെന്നു റിപ്പോര്‍ട്ടുണ്ട്. സൈനികര്‍ക്കിടയിലെ അതൃപ്തിയും നിരാശയും സൈന്യത്തെ നന്നായി ബാധിക്കും.
സാമ്പത്തിക നയങ്ങളില്‍ ഉണ്ടായ പാളിച്ചകള്‍ കാരണം പ്രതിരോധ ചെലവ് കുറയ്ക്കാനുള്ള നടപടികള്‍ പാക് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. 2023-24 ബജറ്റില്‍ 15 ശതമാനം കുറവാണ് പാകിസ്ഥാന്‍ കൊണ്ടുവന്നത്. ജൂനിയര്‍ റാങ്കിലുള്ള ഓഫീസര്‍മാര്‍ക്കുള്ള ശമ്പളത്തില്‍ 3 മുതല്‍ 6 മാസം വരെ കാലതാമസമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാലഹരണപ്പെട്ട ടൈപ്പ് 56 റൈഫിളുകളെയാണ് ഇപ്പോഴും സൈന്യം ആശ്രയിക്കുന്നത്. നൈറ്റ് വിഷന്‍ ഉപകരണങ്ങളോ ആവിശ്യത്തിന് ആയുധങ്ങളോ പാക് സൈന്യത്തിനില്ലാത്തതും വെല്ലുവിളിയാണ്.
2024ല്‍ റാവല്‍പിണ്ടി കോര്‍പ്‌സില്‍ നിന്ന് ചോര്‍ന്ന ഒരു മെമ്മോയില്‍ സിയാ്ച്ചിനിലെ സൈനികര്‍ക്ക് ശൈത്യകാലത്ത് ഉപയോഗിക്കാനുള്ള ആയുധങ്ങളിലും കടുത്ത ക്ഷാമം നേരിടുന്നതായി പുറത്ത് വന്നിരുന്നു. സൈനിക ഡ്രോണുകളുടെ അഭാവം മൂലം നിരീക്ഷണത്തിനായി സിവിലിയന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിരോധ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസ്ഥയില്‍ 2020 മുതല്‍ സൈനികര്‍ പി.ടി.എസ്.ടി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായും ആത്മഹത്യാ നിരക്ക് 40 ശതമാനമായി വര്‍ദ്ധിച്ചതായും കണ്ടെത്തിയിരുന്നു.