ഇസ്ലാമാബാദ്– ഓപ്പറേഷന്‍ സിന്ദൂരില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടതായും 78 പേര്‍ക്ക് പരുക്കേറ്റതായും സ്ഥിരീകരിച്ച് പാകിസ്ഥാന്‍. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞാഴ്ച ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിലെ നഷ്ടം ഒടുവിൽ പാകിസ്ഥാന്‍ സമ്മതിച്ചു. സൈന്യത്തില്‍ നിന്ന് ആറു പേരും വ്യോമ സേനയിലെ 5 സൈനികരുമാണ് കൊല്ലപ്പെട്ടതെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി.
നായിക് അബ്ദുല്‍ റഹ്‌മാന്‍, ലാന്‍സ് നായിക് ദിലവര്‍ ഖാന്‍, ലാന്‍സ് നായിക് ഇക്രമുള്ള, നായി വഖര്‍, ഖാലിദ്, ശിപായി മുഹമ്മദ് അദീല്‍ അക്ബര്‍. ശിപായി നിസാര്‍, സ്‌ക്വാഡ്രന്‍ ലീഡര്‍ ഉസ്മാന്‍ യുസഫ്, ചീഫ് ടെക്‌നീഷ്യന്‍ ഔറഗസേബ്, സീനിയര്‍ ടെക്‌നീഷ്യന്‍ നജീബ്, കോര്‍പ്പറല്‍ ടെക്‌നീഷ്യന്‍ ഫറൂഖ്, സീനിയര്‍ ടെക്‌നീഷ്യന്‍ മുബഷിര്‍ എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്.
ഇന്ത്യ-പാകിസ്ഥാന്‍ ഡി.ജി.എം.ഒ തല ചർച്ചകൾ തിങ്കളാഴ്ച നടത്തിയതിന് പിന്നാലെയാണ് കൊല്ലപ്പെട്ട സൈനികരുടെ വിവരം പാകിസ്ഥാന്‍ പുറത്ത് വിടുന്നത്. ഹോട്ട്‌ലൈനിലൂടെയുള്ള ചര്‍ച്ച 45 മിനിറ്റോളം നീണ്ടു നിന്നു. മെയ് 7ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ സേന പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്. പിന്നീടുള്ള ദിവസങ്ങളില്‍ പാകിസ്ഥാന്‍ തിരിച്ചടിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇന്ത്യ പ്രതിരോധിക്കുകയായിരുന്നു. മെയ് 10നാണ് ഇരു രാജ്യങ്ങളും വെടി നിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂരില്‍ പാക് സൈനിക കേന്ദ്രങ്ങളും എയര്‍ ബേസുകളും കനത്ത നാശം നേരിട്ടു.