ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെ, ഇന്ത്യക്കു വേണ്ടി പ്രവർത്തിക്കുന്ന 17 ഭീകരവാദികളെ വധിച്ചെന്ന അവകാശവാദവുമായി പാകിസ്താൻ സൈന്യം. പാകിസ്താൻ – അഫ്ഗാനിസ്താൻ അതിർത്തി പ്രവിശ്യയായ ഖൈബർ പഖ്തുൻഖ്വയിലെ നോർത്ത് വസീറിസ്താൻ ജില്ലയിലാണ് ഭീകരരെ വധിച്ചതെന്നും ഇവരിൽ നിന്ന് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തതായും ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐ.എസ്.പി.ആർ) പ്രസ്താവനയിൽ അവകാശപ്പെട്ടു.
‘നോർത്ത് വസീറിസ്താനിലെ ഹസ്സൻ ഖേലിലും പരിസരത്തും നടത്തിയ ശുദ്ധീകരണ ഓപറേഷനിൽ, ഇന്ത്യൻ ഉടമകളുടെ താൽപര്യത്തിൽ പ്രവർത്തിക്കുന്ന 17 ഖവാരിജുകളെ കൂടി ഇല്ലായ്മ ചെയ്തു. ഇതോടെ, നുഴഞ്ഞു കയറാൻ ശ്രമിച്ചതിന് മൂന്ന് ദിവസത്തിനുള്ളിൽ കൊല്ലപ്പെടുന്ന ഖവാരിജുകളുടെ എണ്ണം 71 ആയി.’ – ഐ.എസ്.പി.ആർ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം അഫ്ഗാൻ അതിർത്തിവഴി നുഴഞ്ഞു കയറാൻ ശ്രമിച്ചുവെന്നാരോപിച്ച് 54 പേരെ പാക് സൈന്യം കൊലപ്പെടുത്തിയിരുന്നു.
പാകിസ്താൻ – അഫ്ഗാനിസ്താൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റത്തിനെതിരെ ജാഗ്രത പാലിക്കുന്ന സൈന്യത്തെ പാകിസ്താൻ പ്രസിഡണ്ട് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷഹബാസ് ശരീഫും അനുമോദിച്ചു.