ലാഹോര്‍– പഹല്‍ഗാം ഭീകരാക്രമണം നടത്തിയവരെ സ്വാതന്ത്രസമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ദര്‍. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഉപ പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയ നീക്കത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പാകിസ്ഥാനിലെ 240 മില്യണ്‍ ജനങ്ങള്‍ക്ക് വെള്ളം വേണം, അത് ഇന്ത്യക്ക് തടയാന്‍ കഴിയില്ല.ഇനി തടയുകയാണെങ്കില്‍ അത് യുദ്ധപ്രഖ്യാപനമായി കണകാക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പ്രഖ്യാപിച്ച കടുത്ത നടപടികള്‍ക്ക് ബദല്‍ നടപടി പ്രഖ്യാപിച്ചിരിക്കുകയാണ് പാകിസ്ഥാന്‍. ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ വിച്ഛേദിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. അതിന് പുറമെ അടിയന്തിരമായി വ്യോമ മേഖല അടച്ചു. ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കോ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്കും പാകിസ്ഥാന്‍ വ്യോമപാത ഇനി ഉപയോഗിക്കാന്‍ കഴിയില്ല.
സിന്ധു നദീജല കരാര്‍ ഉടമ്പടി പ്രകാരം പാകിസ്ഥാന് അവകാശപ്പെട്ട ജലപ്രവാഹം തടയാനോ വഴിതിരിച്ചുവിടാനോയുള്ള ശ്രമങ്ങള്‍ യുദ്ധസമാന നടപടിയായി കണക്കാക്കുമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതി യോഗം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പാകിസ്ഥാനിൽ അക്രമം നടത്താന്‍ ഇന്ത്യ പദ്ധതിയിടുന്നുവെന്നും, പാകിസ്ഥാന്‍ പൗരന്മാരെ ഉപദ്രവിച്ചാല്‍ ഇന്ത്യന്‍ പൗരന്മാരും സുരക്ഷിതരായിരിക്കില്ലെന്നും പാക്-പ്രതിരോധമന്ത്രി ആസിഫ് പറഞ്ഞു. ഏപ്രില്‍ 22 ചൊവ്വാഴ്ച കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ബൈസിരന്‍ വാലിയില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.