ബ്യൂണസ്‌ഐറിസ്; ബ്രിട്ടീഷ് ബോയ് ബാന്‍ഡ് ‘വണ്‍ ഡയറക്ഷന്റെ’ പ്രധാന ഗായകനായിരുന്ന ലീയാം പെയ്ന്‍ മരിച്ച നിലയില്‍. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലുള്ള ഒരു ഹോട്ടലിന്റെ മൂന്നാംനിലയില്‍നിന്ന് വീണ് മരിച്ച നിലയിലാണ് പെയ്നിനെ കണ്ടെത്തിയത്. വീഴ്ചയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്നുള്ള വീഴ്ചയിലുണ്ടായ ഗുരുതര പരുക്കാണ് മരണകാരണമെന്ന് ബ്യൂണസ് ഐറിസ് പോലീസ് അറിയിച്ചു. ലീയാം പെയ്ന്‍ ലഹരിയിലായിരുന്നിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. ഹോട്ടലിലെ അഥിതികളില്‍ ഒരാള്‍ ലഹരി ഉപയോഗിക്കുകയും റൂം നശിപ്പിക്കുകയും ചെയ്യുന്നതായി ഹോട്ടല്‍ മാനേജര്‍ പരാതിപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
2010-ല്‍ ലീയാം പെയിന്‍, നിയാല്‍ ഹൊറാന്‍, ഹാരി സ്‌റ്റൈല്‍സ്, ലൂയിസ് ടോംലിന്‍സണ്‍, സെയ്ന്‍ മാലിക് എന്നിവര്‍ ബ്രിട്ടീഷ് ടെലിവിഷന്‍ മത്സരമായ ‘ദി എക്സ് ഫാക്ടറിലൂടെയാണ്’ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. അതോടെയാണ് ബ്രിട്ടീഷ്-ഐറിഷ് പോപ്പ് സെന്‍സേഷന്‍ വണ്‍ ഡയറക്ഷന്‍ ജനഹൃദയങ്ങള്‍ കീഴടക്കുന്നത്. രണ്ടുതവണ എക്‌സ് ഫാക്ടര്‍ ഗോള്‍ഡ് മെഡല്‍ ജേതാക്കളാകുമ്പോള്‍ പെയ്നും ബാന്‍ഡ് അംഗമായിരുന്നു.
2016ല്‍ സെയ്ന്‍ മാലിക് ബാന്‍ഡ് വിട്ടതോടെയാണ് വണ്‍ ഡയറക്ഷന്‍ ഇല്ലാതാകുന്നത്. അതിനുശേഷം, സോളോ ആല്‍ബങ്ങള്‍ പെയ്ന്‍ പുറത്തിറക്കിയിരുന്നു. 1993 ആഗസ്റ്റ് 29-ന് ജനിച്ച പെയ്ന്‍, മദ്യപാനത്തിന് അടിമയായിരുന്നു. ഇതേക്കുറിച്ച് അദ്ദേഹം തുറന്നുപറയുകയും ചെയ്തിരുന്നു. ‘സ്ട്രിപ് ദാറ്റ് ഡൗണ്‍’ എന്ന ആല്‍ബം ബില്‍ബോര്‍ഡ്സ് ടോപ് പത്തില്‍ ഇടം പിടിച്ചിരുന്നു. 2019ല്‍ എല്‍പി1 എന്ന ആല്‍ബവും റിലീസ് ചെയ്തിരുന്നു. ടിയര്‍ ഡ്രോപ്സ് ആണ് ലീയാം പെയ്നിന്റെ അവസാന ഗാനം.