ഓസ്‌ലോ – ലോകത്തെ ഏറ്റവും വലിയ സോവറീന്‍ വെല്‍ത്ത് ഫണ്ടായ നോര്‍വീജിയന്‍ ഫണ്ട് പതിനൊന്നു ഇസ്രായിലി കമ്പനികളില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിച്ചു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സാഹചര്യം കാരണം ഇസ്രായിലിലെ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്ന അസറ്റ് മാനേജര്‍മാരുമായുള്ള കരാറുകള്‍ അവസാനിപ്പിക്കുന്നതായും ഇസ്രായിലിലെ നിക്ഷേപങ്ങളില്‍ ഒരു ഭാഗം പിന്‍വലിച്ചതായും രണ്ടു ലക്ഷം കോടി (രണ്ടു ട്രില്യണ്‍) ഡോളറിന്റെ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന നോര്‍വീജിയന്‍ സോവറീന്‍ വെല്‍ത്ത് ഫണ്ട് അറിയിച്ചു.
ഫൈറ്റര്‍ ജെറ്റ് അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ ഇസ്രായിലി സായുധ സേനക്ക് സേവനങ്ങള്‍ നല്‍കുന്ന ഇസ്രായിലി വിമാന എന്‍ജിന്‍ ഗ്രൂപ്പിന്റെ ഓഹരി നോര്‍വീജിയന്‍ ഫണ്ട് സ്വന്തമാക്കിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞയാഴ്ച ആരംഭിച്ച അടിയന്തര പുനഃപരിശോധനയെ തുടര്‍ന്നാണ് ഇസ്രായിലില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ പിന്‍വലിച്ചതായി ഫണ്ട് അറിയിച്ചത്.
മുമ്പ് വിദേശ മാനേജര്‍മാര്‍ കൈകാര്യം ചെയ്തിരുന്ന ഇസ്രായിലി കമ്പനികളിലെ എല്ലാ നിക്ഷേപങ്ങളും രാജ്യത്തെത്തിക്കുമെന്നും ഈ നിക്ഷേപങ്ങള്‍ ആന്തരികമായി കൈകാര്യം ചെയ്യുമെന്നും ഫണ്ട് പറഞ്ഞു. ഇസ്രായിലിലെ ഫണ്ടിന്റെ നിക്ഷേപങ്ങളെ കുറിച്ച് നടന്നുവരുന്ന പുനഃപരിശോധനക്കിടയില്‍, നോര്‍വേയുടെ രണ്ടു ട്രില്യണ്‍ ഡോളര്‍ സോവറീന്‍ വെല്‍ത്ത് ഫണ്ടിന്റെ സി.ഇ.ഒ നിക്കോളായ് ടാന്‍ഗെനില്‍ നോര്‍വീജിയന്‍ ധനമന്ത്രി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് തന്റെ വിശ്വാസം സ്ഥിരീകരിച്ചു.
നോര്‍വേയുടെ സെന്‍ട്രല്‍ ബാങ്കിനു കീഴിലെ സോവറീന്‍ വെല്‍ത്ത് ഫണ്ടിന് ജൂണ്‍ 30 വരെ 61 ഇസ്രായിലി കമ്പനികളില്‍ നിക്ഷേപങ്ങളുണ്ടായിരുന്നു. ഇതില്‍ 11 കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ചതായി ഫണ്ട് അറിയിച്ചു. ഏതെല്ലാം ഗ്രൂപ്പുകളുടെ ഓഹരികളാണ് കൈയൊഴിഞ്ഞതെന്ന് ഫണ്ട് വ്യക്തമാക്കിയിട്ടില്ല. ഈ നിക്ഷേപങ്ങള്‍ ഇപ്പോള്‍ ഞങ്ങള്‍ പൂര്‍ണമായും വിറ്റഴിച്ചതായി ഫണ്ട് പ്രസ്താവിച്ചു.
കൂടുതല്‍ ഇസ്രായിലി കമ്പനികളില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ ശ്രമിച്ച് കമ്പനികളെ അവലോകനം ചെയ്യുന്നത് തുടരുകയാണെന്നും ഫണ്ട് കൂട്ടിച്ചേര്‍ത്തു. ഇസ്രായിലിലെ ഫണ്ടിന്റെ നിക്ഷേപങ്ങള്‍ ഇനി ബെഞ്ച്മാര്‍ക്ക് സ്റ്റോക്ക് സൂചികയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളില്‍ മാത്രമായി പരിമിതപ്പെടുത്തും. എന്നാല്‍ സൂചികയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ഇസ്രായിലി കമ്പനികളിലും ഞങ്ങള്‍ നിക്ഷേപങ്ങള്‍ നടത്തില്ലെന്ന് നോര്‍വീജിയന്‍ ഫണ്ട് പറഞ്ഞു.
2024 അവസാനത്തെ കണക്കുകള്‍ പ്രകാരം 65 ഇസ്രായിലി കമ്പനികളുടെ 195 കോടി ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ കൈവശം വെക്കുന്നതായി, ലോകമെമ്പാടുമുള്ള 8,700 കമ്പനികളില്‍ ഓഹരികളുള്ള നോര്‍വീജിയന്‍ ഫണ്ടില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ധാര്‍മിക ആശങ്കകള്‍ കാരണം നോര്‍വീജിയന്‍ ഫണ്ട് ഇസ്രായിലി ഊര്‍ജ കമ്പനിയിലും ടെലികമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പിലുമുള്ള ഓഹരികള്‍ വിറ്റിരുന്നു.
അഞ്ച് ഇസ്രായിലി ബാങ്കുകളില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിക്കണോ വേണ്ടയോ എന്ന് പുനഃപരിശോധിക്കുന്നതായി ഫണ്ടിന്റെ ധാര്‍മിക നിരീക്ഷണ സംഘം അറിയിച്ചു. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഇസ്രായിലി കമ്പനികളില്‍ നിന്നും നിക്ഷേപങ്ങള്‍ പിന്‍വലിക്കാനുള്ള ഫണ്ടിന്റെ നിര്‍ദേശം ജൂണില്‍ നോര്‍വീജിയന്‍ പാര്‍ലമെന്റ് നിരാകരിച്ചിരുന്നു.