ഈ വർഷത്തെ സമാധന നൊബേൽ സമ്മാന പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ നൊബേൽ സമ്മാന പ്രഖ്യാപനത്തിന് കൌതുകം ലേശം കൂടുതലാണ്. കാരണം മറ്റൊന്നുമല്ല സമാധാന നൊബേലിനുള്ള അര്‍ഹത പലയാവര്‍ത്തി ഉന്നയിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അത് കിട്ടുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അദ്ദേഹം പരിഗണനയിലുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ അടക്കമുള്ള ചൂടേറിയ ചർച്ച.
2018-ൽ തന്നെ അദ്ദേഹം തനിക്ക് നൊബേലിന് അർഹതയുണ്ടെന്ന പരമാർശം നടത്തിയിട്ടുണ്ട്. അന്ന് അദ്ദേഹം തമാശരൂപേണയായിരുന്നു കാര്യം അവതരിപ്പിച്ചതെങ്കിൽ അഞ്ച് വർഷങ്ങൾക്കിപ്പുറം അതൊരു ഉറച്ച അവകാശവാദമായി മാറിയിട്ടുണ്ട്. താൻ ഈ ബഹുമതിക്ക് അർഹനാണെന്ന് വിശദീകരിക്കാൻ, പല വേദികളും ട്രംപ് ഉപയോഗപ്പെടുത്തി. സമാധാന ബഹുമതിക്ക് അർഹതയുണ്ടെന്ന് സ്ഥാപിക്കാൻ ഇന്ത്യ – പാക് സംഘർഷം അവസാനിപ്പിച്ചു എന്നതടക്കമുള്ള അവകാശവാദങ്ങൾ ട്രംപ് ഉന്നയിക്കുന്നു. 2017- മുതൽ ഏഴ് യുദ്ധങ്ങൾ താൻ മുൻകൈയെടുത്ത് നിർത്തലാക്കിയെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ, ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു.
പല ആഗോള പ്രശ്നങ്ങളും പരിഹരിച്ചതായി അവകാശപ്പെട്ടിട്ടുണ്ടെങ്കിലും, തനിക്ക് നൊബേൽ ലഭിക്കില്ലെന്ന് അദ്ദേഹം പരിഭവം ഉന്നയിച്ചിരുന്നു. ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള കടുത്ത ശ്രമങ്ങളും ട്രംപ് നടത്തുന്നുണ്ട്. എന്നാൽ ട്രംപിന് നൊബേൽ ലഭിക്കാനുള്ള സാധ്യതകൾ വിദഗ്ധർ പലരും തള്ളിക്കളയുന്നു. സമാധാന നൊബേൽ ഇത്തവണ ട്രംപിന് ലഭിച്ചില്ലെങ്കിൽ എന്തെല്ലാം തിരിച്ചടികൾ നേരിടേണ്ടിവരുമെന്നതിനെ കുറിച്ചും ആശങ്ക ഉയരുന്നു. തന്നെ നൊബേൽ പുരസ്കാരത്തിനു ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിയത് ട്രംപിനെ പ്രകോപിപ്പിച്ചെന്നും ഇന്ത്യക്ക് മേൽ അധിക തീരുവചുമത്താനുള്ള കാരണങ്ങളിലൊന്ന് അതാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇത്തവണ നൊബേൽ സമ്മാനത്തിന് 388 നാമനിർദേശങ്ങളാണുളളത്. ഇതിൽ 244 വ്യക്‌തികളും 94 സംഘടനകളുമാണുള്ളത്. നാമനിർദേശം ലഭിച്ച പേരുകൾ നൊബേൽ പുരസ്കാര സമിതി പരസ്യപ്പെടുത്താറില്ല. ഡിസംബർ 10ന് നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോയിൽ വച്ചാണ് നൊബേൽ സമ്മാനങ്ങൾ വിതരണം ചെയ്യുക.
ലോകത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡായാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം കണക്കാക്കപ്പെടുന്നത്. 1901-ൽ ഫ്രാൻസിലെ ഫ്രെഡറിക് പാസിക്കും സ്വിറ്റ്സർലൻഡിലെ ജീൻ-ഹെൻറി ഡുനന്റിനും ആണ് ആദ്യത്തെ സമാധാന നൊബേൽ സമ്മാനം ലഭിച്ചത്. ഇത്തവണത്തെ സമാധാന നൊബേലിന് ട്രംപിന് പുറമെ ഇലോൺ മസ്ക്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹി, പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തുടങ്ങിയവർ ഊഹങ്ങളിലുണ്ട്.