ഗാസ– അൽശിഫ ആശുപത്രിയിൽ ആവശ്യ മരുന്നുകൾ ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ആറു രോഗികൾ മരണപ്പെട്ടതായി അൽശിഫ മെഡിക്കൽ കോംപ്ലക്‌സ് ഡയറക്ടർ മുഹമ്മദ് അബൂസൽമിയ പറഞ്ഞു.
നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലേക്ക് ആവശ്യമായ മരുന്നുകൾ, മെഡിക്കൽ സാധനങ്ങൾ എന്നിവയുടെ കുറവ് മൂലം പ്രായംതികയാതെ പിറക്കുന്ന ശിശുക്കൾക്കിടയിലെ മരണനിരക്ക് ഏകദേശം 35 ശതമാനമായി ഉയർന്നിട്ടുണ്ട്. അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെയും സാധനങ്ങളുടെയും കടുത്ത ക്ഷാമം കാരണം പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ മെഡിക്കൽ സംഘങ്ങൾക്ക് കഴിയുന്നില്ല. ആശുപത്രികളിലെ മരുന്നുകളുടെ സ്‌റ്റോക്ക് വളരെ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസ മുനമ്പിൽ അംഗവൈകല്യങ്ങൾ സംഭവിച്ച ഏകദേശം 5,000 പേരുണ്ട്. ഇതിൽ 2,000 പേർ കുട്ടികളാണ്. ഇവർക്ക് കൃത്രിമ കൈകാലുകൾ അത്യാവശ്യമാണ്. നിലവിൽ ഗാസയിൽ കൃത്രിമ കൈകാലുകൾ ലഭ്യമല്ല. ആവശ്യമായ ഫിറ്റിംഗുകളുടെ അഭാവം പരിക്കേറ്റവരുടെ ദുരിതം വർധിപ്പിക്കുകയാണ്. കൃത്രിമ അവയവങ്ങളും മെഡിക്കൽ സാധനങ്ങളും ലഭ്യമാക്കുന്നതിലെ കാലതാമസം അംഗവൈകല്യം സംഭവിച്ചവരുടെ ജീവന് ഭീഷണിയാണെന്നും മുഹമ്മദ് അബൂസൽമിയ പറഞ്ഞു.
ഭക്ഷണം, മെഡിക്കൽ വസ്തുക്കൾ, ഇന്ധനം എന്നിവയടക്കം ഗാസയിൽ പ്രവേശിക്കുന്നതിനെതിരെ ഇസ്രായിൽ ഉപരോധം തുടരുന്നതിനാൽ ആരോഗ്യ മേഖലയുടെ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. നിരവധി ആശുപത്രികളും ഹെൽത്ത് സെന്ററുകളും അടച്ചു പൂട്ടാനും ഇത് കാരണമായി. പരുക്കേറ്റവരുടെയും രോഗികളുടെയും എണ്ണം വർധിക്കികയും മരുന്നുകളുടെയും ചികിത്സ സൗകര്യങ്ങളുടെയും അഭാവം മൂലം ഗാസ മുനമ്പിലെ ആരോഗ്യ സംവിധാനം തകർച്ചയുടെ വക്കിലാണെന്ന് അന്താരാഷ്ട്ര സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.



