വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയായി അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. ലിയോ പതിനാലാമൻ മാർപാപ്പ എന്ന പേരിലായിരിക്കും അദ്ദേഹം അറിയപ്പെടുക. അമേരിക്കയിലെ ചിക്കാഗോയിൽ നിന്നുള്ള കർദിനാളാണ് അദേഹം. അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ കൂടിയാണ് അറുപത്തൊമ്പതുകാരനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോസ്റ്റ്. ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് മാർപാപ്പയാണ് അദേഹം. പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തതിൻ്റെ അടയാളമായി വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിൻ്റെ പുകക്കുഴലിൽ നിന്നും വൈകുന്നേരം വെളുത്ത പുക ഉയർന്നിരുന്നു.
മെയ് ഏഴിന് ആരംഭിച്ച കോൺക്ലേവിലാണ് രണ്ടാം ദിവസം തന്നെ പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തത്. വോട്ടവകാശമുള്ള 133 കർദിനാൾമാരായിരുന്നു കോൺക്ലേവിൽ സംബന്ധിച്ചത്. “നിങ്ങൾക്കെല്ലാം സമാധാനം ഉണ്ടായിരിക്കട്ടെ,” എന്ന് പുതിയ പോപ്പിനെ കാണാൻ ആവേശത്തോടെ കാത്തിരുന്ന ജനകൂട്ടത്തോട് അദ്ദേഹം പറഞ്ഞു. “ഹബെമുസ് പാപ്പം” (നമുക്കൊരു പോപ്പിനെ ലഭിച്ചു) എന്ന ലാറ്റിൻ വാക്കുകൾ ഉപയോഗിച്ച്, ഫ്രഞ്ച് കർദിനാൾ ഡൊമിനിക് മാംബെർട്ടി ആയിരുന്നു സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുകൂടിയ പതിനായിരക്കണക്കിന് ജനങ്ങളോട് പുതിയ പോപ്പിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ചിക്കാഗോയിൽ നിന്നുള്ള 69 കാരനായ പ്രീവോസ്റ്റ്, തന്റെ ജീവിതത്തിലെ ഭൂരിഭാഗം കാലവും പെറുവിൽ മിഷനറിയായാണ് ചെലവഴിച്ചത്. 2023-ലാണ് കർദിനാളായത്. മാധ്യമങ്ങളോട് സംസാരിക്കാൻ അദ്ദേഹം പലപ്പോഴും തയ്യാറാകാറില്ല. പൊതുസഭകളിലും അപൂർവ്വമായാണ് പ്രത്യക്ഷപ്പെടുന്നത്.
2015 മുതൽ 2023 വരെ, പെറുവിലെ ചിക്ലായോയുടെ ബിഷപ്പായും സേവനമനുഷ്ഠിച്ചു. പിന്നീട് ഫ്രാൻസിസ് അദ്ദേഹത്തെ റോമിലേക്ക് വിളിച്ച്, ലോകമെമ്പാടുമുള്ള കത്തോലിക്കാ ബിഷപ്പുമാരെ തെരഞ്ഞെടുക്കുന്നതിനായുള്ള വത്തിക്കാൻ ഓഫീസിന്റെ മേധാവിയാക്കി.