തെല്‍അവീവ് – പുതിയ ഇസ്രായിലി പ്രതിരോധ മന്ത്രി യിസ്‌റായില്‍ കാട്‌സ് കര്‍ക്കശമായ നിലപാടുകളുടെ പേരില്‍ ‘ബുള്‍ഡോസര്‍’ എന്ന അപരനാമത്തില്‍ കുപ്രസിദ്ധനാണ്. ശത്രുക്കള്‍ക്കെതിരായ വിജയത്തിലേക്ക് പ്രതിരോധ സംവിധാനത്തെ നയിക്കാനും യുദ്ധ ലക്ഷ്യങ്ങള്‍ കൈവരിക്കാനും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. എല്ലാ ബന്ദികളുടെയും തിരിച്ചുവരവും ഗാസയില്‍ ഹമാസിന്റെ നാശവും ലെബനോനില്‍ ഹിസ്ബുല്ലയുടെ പരാജയവും ഇറാന്‍ ആക്രമണം തടയലും ഏറ്റവും പ്രധാനപ്പെട്ട ധാര്‍മിക ദൗത്യമാണ് – പ്രതിരോധ മന്ത്രിയായി നിയമിതനായ ശേഷം കാട്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
വിദേശ മന്ത്രിയെന്ന നിലയില്‍, ഇസ്രായില്‍ സൈനിക നടപടികളോട് എതിര്‍പ്പ് പ്രകടിപ്പിച്ച ലോക നേതാക്കള്‍ക്കും അന്താരാഷ്ട്ര സംഘടനകള്‍ക്കുമെതിരായ ആക്രമണങ്ങളിലൂടെ കാട്‌സ് രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ചു. നെതന്യാഹുവിനോട് ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന 69 കാരനായ കാട്‌സ് പ്രധാനമന്ത്രിയുടെ വിശ്വസ്തനുമാണ്. നെതന്യാഹു നേതൃത്വം നല്‍കുന്ന ലികുഡ് പാര്‍ട്ടി അംഗമായ കാട്‌സ് 2003 മുതല്‍ വ്യത്യസ്ത വകുപ്പുകളുടെ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇസ്രയിലിന്റെ ഗാസ യുദ്ധത്തെ വിമര്‍ശിച്ച യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെ അനഭിമതനായി പ്രഖ്യാപിക്കുകയും ഇസ്രായിലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഗുട്ടെറസിനെ വിലക്കുമെന്ന് അറിയിക്കുകയും ചെയ്ത കാട്‌സ് സമാന നിലപാട് സ്വീകരിച്ചതിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്‌റോണിനെയും അധിക്ഷേപിച്ചിരുന്നു. യു.എന്‍ റിലീഫ് ഏജന്‍സിക്കെതിരായ നയതന്ത്ര പോരാട്ടങ്ങള്‍ക്ക് കാട്‌സ് നേതൃത്വം നല്‍കി. ഇസ്രായിലിലും കിഴക്കന്‍ ജറൂസലമിലും യു.എന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം വിലക്കുന്ന നിയമം കഴിഞ്ഞ മാസം ഇസ്രായില്‍ പാര്‍ലെന്റ് പാസാക്കിയിരുന്നു. യു.എന്‍ റിലീഫ് ഏജന്‍സിയുമായുള്ള കരാര്‍ ഇസ്രായില്‍ റദ്ദാക്കിയതായി ഐക്യരാഷ്ട്രസഭയെ ഔദ്യോഗികമായി അറിയിക്കാന്‍ വിദേശ മന്ത്രാലയ ഏജന്‍സിയോട് കഴിഞ്ഞ തിങ്കളാഴ്ച കാട്‌സ് ആവശ്യപ്പെട്ടിരുന്നു. 2009 മുതല്‍ 2019 വരെ ഗതാഗത മന്ത്രിയായും നെതന്യാഹു നേതൃത്വം നല്‍കിയ വ്യത്യസ്ത മന്ത്രിസഭകളില്‍ ഊര്‍ജ, ധനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.