തെല്‍അവീവ് – ഹമാസിനു മേല്‍ ശക്തമായ സൈനിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി വെടിനിര്‍ത്തലിനുള്ള ഈജിപ്തിന്റെ പുതിയ നിര്‍ദേശം അംഗീകരിച്ചതായി ഹമാസ് അറിയിച്ച് മണിക്കൂറുകള്‍ക്കു ശേഷം ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. ഈ സമ്മര്‍ദം മാത്രമേ ഹമാസിനെ നശിപ്പിക്കുകയും ബന്ദികളെ തിരിച്ചെത്തിക്കുകയും ചെയ്യുകയുള്ളൂവെന്ന് നെതന്യാഹു പറഞ്ഞു. ഗാസയിലെ സൈനിക സമ്മര്‍ദം ഫലപ്രദമാണ്. കാരണം അത് ഹമാസിന്റെ സൈനിക, സ്വേച്ഛാധിപത്യ ശേഷികളെ തകര്‍ക്കുകയും നമ്മുടെ ബന്ദികളുടെ മോചനത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ യോഗത്തില്‍ നെതന്യാഹു പറഞ്ഞു.
ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നത് ആക്രമണത്തിന്റെ നടുവിലാണ്. അതിനാല്‍, ഇവ ഫലപ്രദമായ ചര്‍ച്ചകളാണ്. ആരില്‍ നിന്നും മറച്ചുവെക്കാത്ത ഒരു പദ്ധതിയോടെ വെടിനിര്‍ത്തല്‍ കരാറിന്റെ അവസാന ഘട്ടം ചര്‍ച്ച ചെയ്യാന്‍ താന്‍ തയാറാണ്. ഹമാസ് ആയുധം താഴെ വെക്കണമെന്നും ഹമാസ് നേതാക്കള്‍ ഗാസയില്‍ നിന്ന് പുറത്തുപോകണമെന്നും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്. ഗാസയില്‍ സുരക്ഷാ നിയന്ത്രണം ഞങ്ങള്‍ ഉറപ്പാക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫലസ്തീനികള്‍ക്കുള്ള സ്വമേധയാ ഉള്ള പലായന പദ്ധതി ഞങ്ങള്‍ നടപ്പാക്കും. നമുക്കിടയില്‍ ഭിന്നത വിതക്കാനും തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കാനുമായി ഹമാസ് നടത്തുന്ന പ്രചാരണത്തിന്റെ പൊള്ളയായ അവകാശവാദങ്ങളാണ് താന്‍ നേരിടുന്നത് എന്ന് വാദിച്ച് ഗാസയിലെ തന്റെ നയത്തെ നെതന്യാഹു ന്യായീകരിച്ചു.
വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഹമാസ് സമ്മതിച്ചതിനും ഇസ്രായില്‍ ആഗ്രഹിക്കുന്നതിനും ഇടയില്‍ വിടവുകളുണ്ടെന്ന് ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തിന്റെ പുതിയ നര്‍ദേശത്തിനു പകരം ഇസ്രായില്‍ ഒരു എതിര്‍ നിര്‍ദേശം മുന്നോട്ടുവെച്ചു. സൈനിക സമ്മര്‍ദത്തിന് വഴങ്ങി ഹമാസ് ഇത് സമ്മതിച്ചേക്കുമെന്ന് ഇസ്രായില്‍ വിശ്വസിക്കുന്നു. ഈജിപ്തിന്റെ നിര്‍ദേശത്തോട് ഇസ്രായില്‍ പ്രതികരിച്ചത് എതിര്‍ നിര്‍ദേശത്തോടെയാണ്. ജീവിച്ചിരിക്കുന്ന അഞ്ചു പേരെയല്ല, കുറഞ്ഞത് പത്തു ബന്ദികളെയെങ്കിലും വിട്ടയക്കണമെന്നും മൃതദേഹങ്ങള്‍ തിരികെ നല്‍കണമെന്നും ഏപ്രില്‍ 12 നും 20 നും ഇടയില്‍ വരുന്ന ജൂത പെസഹാ അവധിക്ക് മുമ്പ് വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടണമെന്നും ഇസ്രായില്‍ ആവശ്യപ്പെടുന്നു.