തെല്‍അവീവ് – ഗാസ മുനമ്പിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ജോർദാൻ നദി മുതൽ കടൽ വരെയുള്ള മുഴുവൻ പ്രദേശങ്ങളിലും ഇസ്രായിലിന്റെ സുരക്ഷാ നിയന്ത്രണം തുടരുമെന്നും പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിന് എന്നും തടസ്സം നിന്നിട്ടുള്ള വ്യക്തിയാണ് താനെന്നും ആ നിലപാടിൽ മാറ്റമില്ലെന്നും നെതന്യാഹു ആവർത്തിച്ചു.
ഗാസയെ പൂർണ്ണമായും നിരായുധീകരിക്കുകയും ഹമാസിനെ ഇല്ലാതാക്കുകയും ചെയ്യുന്നതിലാണ് നിലവിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗാസയുടെ ഭരണത്തിനായി രൂപീകരിക്കുന്ന സമിതിയിൽ ഹമാസിനോ ഫലസ്തീൻ അതോറിറ്റിക്കോ പങ്കുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഇസ്രായിലിനെ ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. നിലവിൽ ഇസ്രായിലിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് യുക്തിരഹിതമാണെന്നും ബജറ്റ് പാസാക്കി മുന്നോട്ട് പോകാനാണ് തന്റെ സഖ്യകക്ഷികളോട് ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.



