ഹേഗ് – ഗാസ വംശഹത്യയുമായി ബന്ധപ്പെട്ട് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യുആവ് ഗാലന്റിനുമെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുകള്‍ റദ്ദാക്കണമെന്ന ഇസ്രായിലിന്റെ അപ്പീല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) തള്ളി. ഗാസയിലെ യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും നെതന്യാഹുവും ഗാലന്റും ക്രിമിനല്‍ ഉത്തരവാദിത്തം വഹിക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് നവംബറില്‍ ഐ.സി.സി വിധിച്ചത് ആഗോളതലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. മൂന്ന് മുതിര്‍ന്ന ഹമാസ് നേതാക്കള്‍ക്കെതിരെയും കോടതി അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും മൂവരും കൊല്ലപ്പെട്ടതോടെ അവ പിന്‍വലിച്ചു.
നെതന്യാഹുവിനും ഗാലന്റിനുമെതിരായ അറസ്റ്റ് വാറണ്ടുകള്‍ ഇസ്രായിലിലും അമേരിക്കയിലും രോഷം ഇളക്കിവിട്ടു. തുടർന്ന് ഇസ്രായിലും അമേരിക്കയും മുതിര്‍ന്ന ഐ.സി.സി ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. നെതന്യാഹു ഈ തീരുമാനത്തെ ജൂതവിരുദ്ധം എന്ന് വിശേഷിപ്പിച്ചു. ഈ വിഷയത്തില്‍ ഐ.സി.സിക്ക് അധികാരപരിധി ഉണ്ടോ എന്നതിനെ കുറിച്ചുള്ള പ്രത്യേക വെല്ലുവിളി അവലോകനം ചെയ്യുന്നതിനിടെ രണ്ട് അറസ്റ്റ് വാറണ്ടുകളും റദ്ദാക്കാന്‍ ഇസ്രായില്‍ കഴിഞ്ഞ മെയ് മാസത്തില്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അധികാരപരിധി സംബന്ധിച്ച പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെ വാറണ്ടുകള്‍ റദ്ദാക്കാന്‍ നിയമപരമായ അടിസ്ഥാനമൊന്നുമില്ല എന്ന് കണക്കാക്കി, ജൂലൈ 16 ന് ഇസ്രായിലിന്റെ അപേക്ഷ കോടതി തള്ളിക്കളഞ്ഞു. ഒരാഴ്ചക്ക് ശേഷം, ഇസ്രായില്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കി. എന്നാല്‍ ഇസ്രായില്‍ സമര്‍പ്പിച്ചതു പോലെ കേസ് അപ്പീല്‍ ചെയ്യാന്‍ കഴിയില്ല എന്ന് വെള്ളിയാഴ്ച ജഡ്ജിമാര്‍ വിധിക്കുകയായിരുന്നു.