ജിദ്ദ- ഇന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കാനെത്തിയ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ സ്വീകരിച്ചത് കൂക്കിവിളിയും ബഹിഷ്‌കരണവും. നെതന്യാഹു പ്രസംഗപീഠത്തിലേക്ക് കയറിയതോടെ നിരവധി നയതന്ത്ര സംഘങ്ങളും പ്രതിനിധികളും ഉദ്യോഗസ്ഥരും ഹാളില്‍ നിന്ന് പുറത്തുപോയി. ഏറെക്കുറെ കാലിയായ ഹാളിലാണ് നെതന്യാഹു പ്രസംഗിച്ചത്. നയതന്ത്ര പ്രതിനിധികളും ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ കൂക്കിവിളിക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ യോഗത്തിലെ അധ്യക്ഷന്‍ എല്ലാവരോടും ശാന്തരായിരിക്കാന്‍ അപേക്ഷിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ഇസ്രായില്‍ പ്രധാനമന്ത്രി യു.എന്‍ ആസ്ഥാനത്ത് എത്തുന്നതോടനുബന്ധിച്ച് ഗാസ യുദ്ധത്തിനും ലെബനോന്‍ ആക്രമണത്തിനുമെതിരെ ന്യൂയോര്‍ക്കില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.
തങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയാല്‍ ഇറാനിലെവിടെയും ഇസ്രായില്‍ ആക്രമണം നടത്തുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇസ്രായിലിന് ആക്രമിക്കാന്‍ കഴിയാത്ത ഒരിഞ്ച് സ്ഥലവും ഇറാനിലോ മധ്യപൗരസ്ത്യദേശത്തോ ഇല്ല. ഹിസ്ബുല്ലക്കെതിരായ ആക്രമണം തുടരും. യുദ്ധത്തിന്റെ പാത ഹിസ്ബുല്ല തെരഞ്ഞെടുക്കുന്നിടത്തോളം കാലം ഇസ്രായിലിന് മറ്റു വഴികളില്ല. ഹിസ്ബുല്ലയുടെ ഭീഷണി ഇല്ലാതാക്കാനും നമ്മുടെ പൗരന്മാരെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരാനും ഇസ്രായിലിന് എല്ലാ അവകാശവുമുണ്ട്.
ഹിസ്ബുല്ലക്കെതിരായ ആക്രമണങ്ങള്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതു വരെ തുടരും. ഹമാസ് ഗാസയില്‍ നിന്ന് പുറത്തുപോകണം. ഗാസ പുനര്‍നിര്‍മാണത്തില്‍ ഹമാസിന് ഒരു പങ്കും ഉണ്ടാകാന്‍ പാടില്ല. സമ്പൂര്‍ണ വിജയം കൈവരിക്കുന്നതു വരെ ഗാസ യുദ്ധം തുടരും. ഹമാസ് അധികാരത്തില്‍ ശേഷിച്ചാല്‍ അവര്‍ വീണ്ടും കരുത്താര്‍ജിക്കുകയും ഇസ്രായിലിനെതിരെ വീണ്ടും വീണ്ടും ആക്രമണങ്ങള്‍ നടത്തുകയും ചെയ്യും. അതുകൊണ്ടു തന്നെ ഹമാസ് ഗാസയില്‍ നിന്ന് പുറത്തുപോകണം – നെതന്യാഹു പറഞ്ഞു.